സങ്കീർത്തനങ്ങൾ
അധ്യായങ്ങൾ
ആമുഖം
ഇസ്രായേൽജനത്തിൻെറ ജീവിതസാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞപ്രാർഥനാഗീതങ്ങളാണു സങ്കീർത്തനങ്ങൾ. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകൾ എന്നിങ്ങനെ വിവിധ വികാരങ്ങൾ അതിൽ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീർഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയിൽ യഹൂദരുടെയിടയിൽ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകർക്കു പാടാവുന്ന രീതിയിലാണു സങ്കീർത്തനങ്ങൾക്ക് അവസാനരൂപം നൽകിയിരിക്കുന്നത്. ദാവീദ് രാജാവാണ് എല്ലാ സങ്കീർത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീർത്തന രചനയിൽ ദാവീദിൻെറ സ്വാധീനം വലുതാണെങ്കിലും, ഇസ്രായേൽചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലെ പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങൾ എല്ലാം ഒരാൾതന്നെ രചിച്ചതല്ല. ഉള്ളടക്കത്തിൻെറയും അവതരണരൂപത്തിൻെറയും അടിസ്ഥാനത്തിൽ സങ്കീർത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാറുണ്ട്.
സ്തുതിഗീതങ്ങൾ:
ബലി, പ്രദക്ഷിണം തുടങ്ങിയ അവസരങ്ങളിലാണു സ്തുതിഗീതങ്ങൾ പാടിയിരുന്നത്. ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനവുമായാണു സ്തുതിഗീതങ്ങൾ സാധാരണയായി ആരംഭിക്കുന്നത്; ദൈവത്തെ സ്തുതിക്കുവാനുള്ള കാരണങ്ങൾ എടുത്തുപറയുന്നു (8, 19, 29, 33, 46, 47, 48, 76, 84, 87, 93, 96-100, 103-106, 113, 114, 117, 122, 135, 136, 145-150). രാജകീയ സങ്കീർത്തനങ്ങളും രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളും തരംതിരിച്ചോ, സ്തുതികീർത്തനങ്ങളുടെ കൂടെയോ കൊടുക്കാറുണ്ട് (2, 18, 20, 21, 28, 45, 61, 63, 72, 89, 101, 132).
വിലാപകീർത്തനങ്ങൾ:
വിപത്സന്ധികളിൽ വ്യക്തികളോ സമൂഹം ഒന്നുചേർന്നോ ദൈവത്തോടു സഹായം അഭ്യർഥിക്കുന്നു.യുദ്ധത്തിലുണ്ടാകുന്ന പരാജയം, മഹാമാരികൾ, വരൾച്ച തുടങ്ങി ദേശീയ അത്യാഹിതങ്ങൾ ഉണ്ടായ അവസരങ്ങളിലാണു ദേശീയവിലാപങ്ങൾ രൂപംകൊണ്ടത് (12, 44, 60, 74, 79, 80, 83, 85, 106, 123, 129, 137). രോഗം, ശത്രുഭയം, അന്യായമായ കുറ്റാരോപണം തുടങ്ങിയവയാണു വ്യക്തിവിലാപങ്ങളുടെ സാഹചര്യം (3, 5-7, 13, 17, 22, 25, 26, 28, 31, 35, 38, 42-43, 51, 54-57, 59, 63, 64, 69, 71, 77, 86, 102, 130, 140-143).
കൃതജ്ഞതാകീർത്തനങ്ങൾ
യുദ്ധം, ക്ഷാമം, രോഗം തുടങ്ങിയ വിപത്സന്ധികൾ നീങ്ങിക്കിട്ടുമ്പോൾ ദേവാലയത്തിൽച്ചെന്ന് ദൈവം ചെയ്ത അനുഗ്രഹങ്ങൾ ജനമധ്യത്തിൽവച്ച് ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുന്നു (18, 21, 30, 33, 34, 40, 65-68, 92, 116, 118, 124, 129, 138, 144).
പല സങ്കീർത്തനങ്ങളും വിവിധ ആശയങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ട് ഏതു ഗണത്തിൽപ്പെടുന്നു എന്നു നിശ്ചയിക്കുക പ്രയാസമാണ്. ഭൂരിഭാഗം സങ്കീർത്തനങ്ങൾക്കും രചയിതാവ്, രചനാസാഹചര്യം, രാഗനിർദേശം എന്നിവയെ സൂചിപ്പിക്കുന്ന ശീർഷകങ്ങളുണ്ട്. എഴുപതിലേറെ സങ്കീർത്തനങ്ങൾ ദാവീദിൻെറ പേരിലാണറിയപ്പെടുന്നത്. കോറഹിൻെറ പുത്രൻമാരുടെ പേരിലും ഹേമാൻ, ദാഥാൻ, മോശ, സോളമൻ എന്നിവരുടെ പേരിലും സങ്കീർത്തനങ്ങൾ അറിയപ്പെടുന്നുണ്ട്. ഹീബ്രുവ്യാഖ്യാതാക്കളാണ് അവയ്ക്കു ശീർഷകങ്ങൾ നൽകിയതും അവ ഓരോ വ്യക്തികളുടെ പേരിലാക്കിയതും. ഈ വ്യക്തികളും സങ്കീർത്തനവുമായി ഏതു വിധത്തിലുള്ള ബന്ധമാണ് അവർ കണ്ടിരുന്നതെന്നു വ്യക്തമല്ല.
ദൈവവും ഇസ്രായേൽജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിൻെറ സ്വഭാവം സങ്കീർത്തനങ്ങളിൽ തെളിഞ്ഞുകാണാം.