യൂദിത്ത്
അധ്യായങ്ങൾ
ആമുഖം
ഇസ്രായേൽജനത്തിനു പലപ്പോഴും വൻശക്തികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ജറുസലെമിൻെറ സുരക്ഷിതത്വവും രാജ്യത്തിൻെറ തന്നെ അസ്തിത്വവും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ശക്തികൊണ്ടു ചെറുത്തുനിൽക്കാൻ പലപ്പോഴും അവർക്കു കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിലാണു ദൈവത്തിൻെറ പ്രതേ്യക പരിപാലന അവർക്ക് അനുഭവപ്പെട്ടിട്ടുള്ളത്. തീർത്തും അപ്രതീക്ഷിതമായ വിധത്തിലാണ് അവർ പ്രതിസന്ധികളെ തരണംചെയ്തിട്ടുള്ളത്.
ഇത്തരം ഒരു സന്ദർഭത്തിൽ ഒരു യഹൂദയുവതിയെ കർത്താവ് ഇസ്രായേലിൻെറ വിമോചികയായി നിയോഗിക്കുന്ന സംഭവമാണ്യൂദിത്ത് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നത്. അടിമത്തത്തിൽനിന്നു തിരിച്ചെത്തിയ ഇസ്രായേൽക്കാർ സമാധാനത്തിൽ കഴിയുമ്പോൾ അസ്സീറിയാരാജാവായ നബുക്കദ്നേസറിൻെറ (സ്ഥലകാലങ്ങൾ ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല) സൈന്യാധിപൻ ഹോളോഫർണസ് ഇസ്രായേലിനെതിരേ വന്നു ബത്തൂലിയാപ്പട്ടണം വളഞ്ഞു. മേദിയാക്കെതിരേയുള്ളയുദ്ധത്തിൽ അസ്സീറിയൻപക്ഷത്തു ചേരാതിരുന്നതിനാലാണ് സിറിയായെയും പലസ്തീനായെയും ആക്രമിക്കാൻ നബുക്കദ്നേസർ തീരുമാനിച്ചത്. ജറുസലെമിലേക്കുള്ള ശത്രുവിൻെറ നീക്കം ചെറുത്തുനിൽക്കാൻ ബത്തൂലിയാക്കാർക്കു വളരെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു. ദാഹജലം ലഭിക്കാതെ ആശയറ്റ അവർ കീഴടങ്ങുന്നതിനു തീരുമാനിച്ചപ്പോൾയൂദിത്ത് എന്ന വിധവ അതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു. ദൈവഭക്തയായിരുന്ന അവൾ ഹോളോഫർണസിൻെറ കൂടാരത്തിൽ കടന്ന് അവനെ വശീകരിക്കുന്നു. അവൻെറ തലയുമായി അവൾ ഇസ്രായേൽക്കാരുടെ അടുക്കൽ തിരിച്ചെത്തുന്നു.
ഇസ്രായേലിൻെറ നേരേയുള്ള ദൈവപരിപാലനയെ ചിത്രീകരിക്കുന്ന ഈ ഗ്രന്ഥം വസ്തുനിഷ്ഠമായ ഒരു ചരിത്രമെന്നതിനേക്കാൾ പേർഷ്യൻകാലത്തു (ബി.സി. 538 - 331) നടന്ന ഏതോ സംഭവത്തിൻെറ കഥാരൂപത്തിലുള്ള അവതരണമാണ്. സ്ഥലകാലങ്ങൾ പലയിടത്തും പൊരുത്തപ്പെടുന്നില്ല. ഈ കഥയുടെ പശ്ചാത്തലമായി നിലകൊള്ളുന്ന ചരിത്രസംഭവമേതെന്ന് അറിവില്ല. പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിക്കുന്നതിനു ജനങ്ങൾക്ക് ഉത്തേജനം നൽകുകയെന്നതാണു ഗ്രന്ഥകർത്താ വിൻെറ ലക്ഷ്യം. ഈ ഗ്രന്ഥം ബി.സി. രണ്ടാം നൂറ്റാണ്ടിൻെറ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലോ പലസ്തീനായിൽവച്ച് എഴുതപ്പെട്ടു എന്നാണു കരുതപ്പെടുന്നത്.
ഘടന
1-7:ഹോളോഫർണസിൻെറ സൈന്യനീക്കവും ദൈവത്തിനും ദൈവജനത്തിനും എതിരായുള്ള ധിക്കാരവും.
8-16:യൂദിത്തിൻെറ ധീരതയും ദൈവജനത്തിൻെറ വിജയാഘോഷങ്ങളും.