അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ
അധ്യായങ്ങൾ
ആമുഖം
മൂന്നാമത്തെ സുവിശേഷത്തിന്റെ കർത്താവായ ലൂക്കാതന്നെയാണ് അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10വ17; 20, 5വ21; 27, 1വ28, 16 എന്നീ ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഞങ്ങൾ എന്ന സർഋനാമം സൂചിപ്പിക്കുന്നതു ഗ്രന്ഥകർത്താവും അപ്പസ്തോലൻമാരുടെ പ്രേഷിതപ്രവർത്തനങ്ങളിൽ പങ്കുചേർന്നെന്നും അങ്ങനെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഗ്രന്ഥരചന നടത്തിയതെന്നും ആണല്ലോ. സുവിശേഷരചനയെത്തുടർന്ന് ലൂക്കാ ഗ്രീസിലോ റോമായിലോവച്ച് അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളും രചിച്ചു എന്നതിൽക്കവിഞ്ഞ്, എന്ന്, എവിടെവച്ച് ഈ ഗ്രന്ഥം രചിക്കപ്പെട്ടു എന്നുഖണ്ഡിതമായി പറയാനാവില്ല. ഗ്രീക്കുഭാഷയിലെ പ്രാക്സെയ്സ് എന്ന ബഹുവചനസംജ്ഞയ്ക്ക്, ഒരു മഹാരഥന്റെ എടുത്തുപറയത്തക്ക ചെയ്തികൾ, നേട്ടങ്ങൾ, എന്ന അർത്ഥമാണ് ഉപയോഗംമൂലം ലഭിച്ചിട്ടുള്ളത്. ഈ അർത്ഥത്തിൽത്തന്നെയാണ് ഈ ഗ്രന്ഥത്തിന് അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങൾ എന്നു പേരു നല്കപ്പെട്ടതും. പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും; ജറുസലെമിലുംയൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പ1, 8) എന്ന യേശുവിന്റെ വാക്കുകൾ, ശിഷ്യൻമാർ നടത്തേണ്ടിയിരുന്ന പ്രവർത്തനങ്ങളുടെ രൂപരേഖയായിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ ജറുസലെമിൽ രൂപം കൊണ്ട സഭ വളരെപ്പേരെ അംഗങ്ങളായി സ്വീകരിച്ചതിനുശേഷം (5, 7; 8, 1) അവിടെനിന്നു സമരിയായിലേക്കു വ്യാപിച്ചു (18, 14-17). തുടർന്ന്, വിജാതീയരുടെ പന്തക്കുസ്താ എന്നു വിശേഷിപ്പിക്കാവുന്ന കൊർണേലിയൂസിന്റെ മാനസാന്തരത്തിന് (10, 1-48) ജറുസലെം സൂനഹദോസുവഴി ലഭിച്ച ദൈവശാസ്ത്രപരമായന്യായീകരണം (15, 1-35) എന്ന സുപ്രധാനമായ വഴിത്തിരിവിലൂടെ, റോമാസാമ്രാജ്യത്തിന്റെ അറിയപ്പെട്ടിരുന്ന മിക്കവാറും എല്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ച്, ഭൂമിയുടെ അതിർത്തികൾവരെയും സഭ ചെന്നെത്തുന്നതിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ കാണുക. ഈ വികാസപരിണാമങ്ങളെ രണ്ടായി തിരിക്കാം. മാതൃസഭയായും അപ്പസ്തോലികത്വത്തിന്റെ ഉറവിടമായും പരിഗണിക്കപ്പെട്ടിരുന്ന ജറുസലെമിനെ കേന്ദ്രമാക്കിയിരുന്ന ആദ്യകാലപ്രവർത്തനങ്ങളാണ് ആദ്യത്തേത് ഈ യഹൂദഘട്ടത്തിന്റെ നേതാവു പത്രോസ്തന്നെ. യഹൂദൻമാരുടെ എതിർപ്പിനു വിഷയമായ ക്രിസ്തുസംഭവം പരിശുദ്ധാത്മാവിന്റെ നിരന്തരപ്രചോദനത്താൽ സകലമനുഷ്യരെയും സ്വാധീനിക്കുന്ന വിജാതീയഘട്ടമാണു രണ്ടാമത്തേത ്. പൗലോസാണ് ഈ ഘട്ടത്തിന്റെ നേതാവ്. അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽ നമ്മുടെ സവിശേഷശ്രദ്ധയാകർഷിക്കുന്നതാണ്, ഗ്രന്ഥത്തിന്റെ മൂന്നിലൊരു ഭാഗത്തോളം വരുന്ന, പ്രസംഗങ്ങളുടെ സമാഹാരം. അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ അഞ്ചു പ്രസംഗങ്ങളും പ്രേഷിതവര്യനായ പൗലോസിന്റെ ഏഴു പ്രസംഗങ്ങളും ഇതിലുൾപ്പെടും; കൂടാതെ സ്തേഫാനോസിന്റെ സുദീർഘമായൊരു പ്രഭാഷണവും.