Menu
2 Samuel

2 സാമുവൽ

അധ്യായങ്ങൾ

ആമുഖം

അവസാനത്തെന്യായാധിപനായ സാമുവലിൻെറ കാലംമുതൽ ദാവീദിൻെറ ഭരണത്തിൻെറ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിൻെറ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവൽ, 1-2 രാജാക്കൻമാർ എന്നീ പുസ്തകങ്ങൾ 1-4 രാജാക്കൻമാർ എന്ന പേരിലാണ് ഗ്രീക്കുപരിഭാഷയിൽ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവർത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു.

ബി.സി.1050-നോടുകൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വർധിച്ചു.ന്യായാധിപൻമാരുടെ നേതൃത്വത്തിൽ ഫിലിസ്ത്യരെ അവിടവിടെ അമർച്ച ചെയ്യാൻ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാൽ തങ്ങൾക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. സാമുവലിൻെറ പുത്രൻമാരുടെ നേതൃത്വം ജനത്തിനു സ്വീകാര്യമായില്ല. തങ്ങൾക്കൊരു രാജാവ് വേണമെന്ന് അവർ ശഠിച്ചു (1 സാമു 8,15). കർത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ല എന്ന അഭിപ്രായമാണ് സാമുവലിനുണ്ടായിരുന്നതെങ്കിലും ജനഹിതമനുസരിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിനു കർത്താവിൻെറ നിർദേശം ലഭിച്ചു. സാമുവൽ സാവൂളിനെ രാജാവായി അഭിഷേകം ചെയ്തു (1 സാമു 10,1).

ഫിലിസ്ത്യർക്കെതിരേയുള്ളയുദ്ധങ്ങളിൽ വിജയം വരിച്ചെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ട് സാവൂൾ തിരസ്കൃതനായി. പകരം ജസ്സെയുടെ പുത്രനായ ദാവീദിനെ സാവൂൾ അറിയാതെ സാമുവൽ അഭിഷേകംചെയ്തു (1 സാമു 16, 13). ഫിലിസ്ത്യരുമായുള്ളയുദ്ധത്തിൽ മുറിവേറ്റ സാവൂൾ സ്വന്തം വാളിൽ വീണു മരിച്ചു.

ദാവീദ് ഹെബ്രോണിൽവച്ച് പരസ്യമായി അഭിഷിക്തനായി, അവിടെ ഏഴുവർഷം ഭരിച്ചു ( 2 സാമു 2, 1-10). തുടർന്നു തലസ്ഥാനം ജറുസലെമിലേക്കു മാറ്റി. ആകെ നാൽപതുവർഷം ദീർഘിച്ച ദാവീദിൻെറ ഭരണകാലം (1010 - 970) സംഭവബഹുലമായിരുന്നു. സാവൂളിൻെറ മകൻ ഇഷ്ബാലും സ്വന്തം മകൻ അബ്സലോമും സിംഹാസനം തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ബാഹ്യശത്രുക്കളായ ഫിലിസ്ത്യർ, അമലേക്യർ, മൊവാബ്യർ, എദോമ്യർ എന്നിവരെയെല്ലാം തോൽപിച്ച് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചു. ഇസ്രായേലിൽ ഐശ്വര്യം കളിയാടി. ഐശ്വര്യം കൈവന്നപ്പോൾ ദാവീദ് കർത്താവിന് ഒരാലയം പണിയാൻ ആഗ്രഹിച്ചു. എന്നാൽ, നാഥാൻപ്രവാചകൻവഴി കർത്താവ് അതു വിലക്കി. ദാവീദിൻെറ സിംഹാസനം എന്നേക്കും നിലനിൽക്കുമെന്ന വാഗ്ദാനം നാഥാൻവഴി കർത്താവ് നൽകി. വരാനിരിക്കുന്ന രക്ഷകൻ ദാവീദിൻെറ പുത്രൻ ആയിരിക്കുമെന്ന വിശ്വാസത്തിൻെറ ഉറവിടം ഇവിടെയാണ്.

നീതിനിഷ്ഠനായരാജാവായിരുന്നെങ്കിലും ബലഹീനതയുടെ നിമിഷങ്ങൾ ദാവീദിൻെറ ജീവിതത്തിലുമുണ്ടായിരുന്നു. ഊറിയായുടെ ഭാര്യയായ ബത്ഷെബായെ സ്വന്തമാക്കാൻ ദാവീദ് കാട്ടിയ വൻചതി നാഥാൻെറ ശക്തമായ വിമർശനത്തിനു വിഷയമായി. തെറ്റു മനസ്സിലാക്കിയ ദാവീദ് ഉള്ളുരുകി അനുതപിച്ചു (സങ്കീ 51). ദാവീദിന് ബത്ഷെബായിൽ ജനിച്ച പുത്രനാണ് കിരീടാവകാശിയായിത്തീർന്ന സോളമൻ. ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യയെടുത്തതിനു ശിക്ഷയായി വന്ന മഹാമാരിയിൽനിന്നു ജനത്തെ രക്ഷിക്കണമേ എന്നയാചനയുമായി ബലിയർപ്പിക്കുന്ന ദാവീദിനെയാണ് രണ്ടാംപുസ്തകത്തിൻെറ അവസാനഭാഗത്തു കാണുക (24, 25).

ഘടന

1 സാമുവൽ

1-3:സാമുവലിൻെറ ബാല്യകാലം; 4-7: സാമുവൽന്യായാധിപൻ; 8-12: സാവൂൾ രാജാവാകുന്നു;

13-15: സാവൂളിൻെറ ഭരണത്തിൻെറ ആദ്യവർഷങ്ങൾ; 16-30: സാവൂളും ദാവീദും;

31, 1-13: സാവൂളിൻെറ അവസാനം.

2 സാമുവൽ

1, 1-4, 12:ദാവീദ് യൂദാ രാജാവ്; 5, 1-24, 25: ദാവീദ് ഇസ്രായേൽ മുഴുവൻെറയും രാജാവ്;

5, 1-10, 19: ആദ്യവർഷങ്ങൾ; 11, 1-12, 25: ദാവീദും ബത്ഷെബായും;

12, 26-20, 26: സിംഹാസനത്തിനു ഭീഷണികൾ; 21, 1-24, 25: അവസാന നാളുകൾ.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്