1 കോറിന്തോസ്
അധ്യായങ്ങൾ
ആമുഖം
ഗ്രീസിലെ ഒരു പ്രമുഖ പട്ടണമായിരുന്നു കോറിന്തോസ്. കോറിന്തോസിലെ ക്രിസ്ത്യാനികളിൽ നല്ലൊരുഭാഗം താഴ്ന്നവർഗ്ഗക്കാരിൽ നിന്നും (1 കോറി 1, 26-29), മറ്റുള്ളവർ യഹൂദരിൽനിന്നും മനസ്സുതിരിഞ്ഞവരായിരുന്നു (അപ്പ18, 4-5; 1 കോറി 1, 10-16). പ്രവചനവരം, വിവിധഭാഷകൾ സംസാരിക്കുന്നതിനുള്ള കഴിവ് മുതലായ നിരവധി ദാനങ്ങളാൽ അനുഗ്രഹീതരായിരുന്നു അവരിൽ പലരും.(1 കോറി 12,1-11, 27-31; 14, 26-40). എന്നാൽ, സാൻമാർഗ്ഗികനിയമങ്ങൾ സംബന്ധിച്ചവിജ്ഞാനം അവർക്കു കുറവായിരുന്നു.പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയിലാണൂ കോറിന്തോസ് സന്ദർശിച്ചത് (അപ്പ18, 1). തദവസരത്തിൽ പ്രിഷില്ല, തീത്തോസ്, ക്രിസ്പോസ് മുതലായ പ്രഗല്ഭരെ ശിഷ്യപ്പെടുത്തുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു (അപ്പ18, 7-11; 1 കോറി 1, 14). കോറിന്തോസുകാർക്കു രണ്ടു ലേഖനങ്ങളും പൗലോസ് തന്റെ മൂന്നാമത്തെ പ്രേഷിതയാത്രയിൽ എഴുതിയതാണ്. എ. ഡി. 57ന്റെ ആരംഭത്തിൽ ഒന്നാം ലേഖനവും അവസാനത്തിൽ രണ്ടാം ലേഖനവും എഴുതിയതായി കണക്കാക്കപ്പെടുന്നു. ഒന്നാം ലേഖനം എഫേസോസിൽവച്ചും, രണ്ടാമത്തേത് മക്കദോനിയായിലെ ഫിലിപ്പിയിൽവച്ചുമാണ് എഴുതിയത്. അവയ്ക്കുപുറമേ വേറെ രണ്ടു ലേഖനങ്ങൾകൂടി അപ്പസ്തോലൻ കോറിന്തോസുകാർക്ക് അയച്ചതായി സൂചനകളുണ്ട്. (1 കോറി 5, 9; 2 കോറി 2, 4). കോറിന്തോസുകാർ പൗലോസിനോട് എഴുതിചോദിച്ച കാര്യങ്ങൾ, അവരെപ്പറ്റി ലഭിച്ചവിവരങ്ങൾ എന്നിവയാണ് ഈ ലേഖനം എഴുതാൻ അപ്പസ്തോലനെ പ്രേരിപ്പിച്ചത്. 1, 10-6, 20 വരെയുള്ള ഭാഗം ക്ലോയെയുടെ വീട്ടുകാരിൽനിന്നു ( 1 കോറി 1, 11) ലഭിച്ചവിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ്. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ലൗകികവിജ്ഞാനമല്ലെന്നും, സാൻമാർഗ്ഗികജീവിതത്തിലും പരസ്നേഹപ്രവൃത്തികളിലും കോറിന്തോസുകാർ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലെന്നും അപ്പസ്തോലൻ സ്ഥാപിക്കുന്നു. കോറിന്തോസുകാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് 7,1 മുതൽ 11,1 വരെ. ബ്രഹ്മചര്യം, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തു എന്നിവ ഇവിടെ പരാമർശിക്കപ്പെടുന്നു. കോറിന്തോസിൽനിന്ന് എഴുത്തുകൊണ്ടുവന്നവർ നേരിട്ടു നല്കിയ വിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ് ബാക്കിഭാഗം (1 കോറി 11, 2-16, 18). വിശുദ്ധ കുർബ്ബാനയുൾപ്പെടെ, ആരാധനാസംബന്ധമായ ക്രമങ്ങളും ദാനങ്ങളുടെ സ്വഭാവവും പരസ്നേഹത്തിന്റെ മേന്മയും ഉയിർപ്പിന്റെ മാഹാത്മ്യവുമെല്ലാം ഈ അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യ ലേഖനം കോറിന്തോസുകാരുടെയിടയിൽ കൂടുതൽ അസ്വസ്ഥത ജനിപ്പിച്ചു. ഇതറിഞ്ഞഅപ്പസ്തോലൻ വളരെയധികം ദുഃഖിക്കുകയും അവരെ നേരിട്ടു സന്ദർശിക്കുകയും ചെയ്തു (2 കോറി 1,23; 2,1; 12,14; 13,1-2). അതുകൊണ്ടും ഫലമുണ്ടാകാതെ പൗലോസ് എഫസോസിലേക്കു മടങ്ങുകയും കണ്ണുനീരോടുകൂടെ ഒരെഴുത്ത് അവർക്ക് അയയ്ക്കുകയും ചെയ്തു (2 കോറി 2,4). അതാണു നേരത്തെ സൂചിപ്പിച്ച രണ്ടെഴുത്തുകളിൽ ഒന്ന്. കോറിന്തോസുകാരെ സമാധാനിപ്പിക്കാൻ തീത്തോസിനെ പൗലോസ് അങ്ങോട്ടയച്ചു. അതിനുശേഷം അപ്പസ്തോലൻ എഫേസോസിൽനിന്നു മക്കദോനിയായിലേക്ക് പുറപ്പെട്ടു (അപ്പ20,1). പൗലോസ് ഫിലിപ്പിയിലായിരിക്കൂമ്പോൾ തീത്തോസ് കോറിന്തോസിൽനിന്ന് ആശ്വാസജനകമായ സന്ദേശവുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോഴാണ് കോറിന്തോസുകാർക്കുള്ള രണ്ടാമത്തെ ലേഖനം എഴുതുത്. സുവിശേഷപ്രവർത്തനത്തെയും അപ്പസ്തോലന്റെ വ്യക്തിപരമായ ജീവിതത്തെയുംന്യായീകരിച്ചുകാണിക്കുകയാണ് ഈ ലേഖനത്തിന്റെ പ്രതേ്യക ഉദ്ദേശ്യം. പൗലോസ് തന്റെ അപ്പസ്തോലാധികാരവും അവകാശങ്ങളും ആദ്യഭാഗത്ത് വ്യക്തമാക്കുന്നു (2 കോറി 1,12-7,16). തുടർന്നു ക്രൈസ്തവർ ഔദാര്യശീലമുള്ളവരായിരിക്കണമെന്നൂം, ജറുസലെമിലെ ക്ഷാമം പരിഗണിച്ച് അവിടത്തെ വിശ്വാസികൾക്കുവേണ്ടി ഒരു ധനശേഖരണം നടത്തണമെന്നും ഉദ്ബോധിപ്പിക്കുന്നു (2 കോറി 8-9). അപ്പസ്തോലനെ വ്യക്തിപരമായി വിമർശിച്ചവർക്കുള്ള മറുപടിയാണ് അവസാനഭാഗം (2 കോറി 10, 1-13, 10)