ഉത്പത്തി
അധ്യായങ്ങൾ
ആമുഖം
ഉത്പത്തിപുസ്തകം ദൈവമനുഷ്യബന്ധത്തിൻെറ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.
ബി.സി. പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിൻെറ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിൻെറ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീർഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിൻെറ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങൾ. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരികശൈലിയിൽ, സമകാലികർക്കു മനസ്സിലാകുന്ന ഭാഷയിൽ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിക്കുന്നു. അതിനാൽ, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂർണമായ അവസ്ഥയിൽ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീർന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിൻെറ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം.
ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1, 1-2, 25.
മനുഷ്യൻെറ പതനം 3, 1-24.
തിധമ വർദ്ധിക്കുന്നു:
കായേനും ആബേലും, ജലപ്രളയം, ബാബേൽഗോപുരം 4, 1-11, 9.
അബ്രാഹത്തിൻെറ പൂർവികർ 11, 10-32.
പന്ത്രണ്ടാമധ്യായം മുതൽ അവതരണരൂപത്തിൽ മാത്രമല്ല ദൈവമനുഷ്യബന്ധത്തിൻെറ ചരിത്രത്തിലും നിർണായകമായ മാറ്റം സംഭവിക്കുന്നു. ദൈവത്തിൻെറ സാർവത്രികമായ പരിപാലനത്തിൻെറ ചരിത്രത്തിൽ നിന്നു ദൈവപരിപാലനം മുഴുവൻ കേന്ദ്രീകൃതമായ ഒരു പ്രതേ്യക ജനതയുടെ ചരിത്രത്തിലേക്കു നാം കടക്കുന്നു. എന്നാൽ, ദൈവം മറ്റു ജനതകളെ ഉപേക്ഷിക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാർവത്രികമായ ഒരു രക്ഷാപദ്ധതിക്കു രൂപംകൊടുക്കുകയാണു ചെയ്യുന്നത്. അവിടുന്ന് അബ്രാഹത്തോടു വാഗ്ദാനം ചെയ്തു: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉത്പ 12,3). അബ്രാഹംമുതൽ ജോസഫ് വരെയുള്ള പൂർവപിതാക്കൻമാരുടെ ചരിത്രമാണ് 12 മുതൽ 50 വരെയുള്ള അധ്യായങ്ങൾ. ദൈവത്തിൻെറ വിളികേട്ട് ഹാരാനിൽനിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിൻെറ സന്തതികൾ വാഗ്ദത്തഭൂമിയായ കാനാനിൽനിന്ന് ഈജിപ്തിലെത്തി വാസമുറപ്പിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.
അബ്രാഹത്തിൻെറ ചരിത്രം 12, 1-25, 18.
ഇസഹാക്കും യാക്കോബും 25, 19-36, 43.
ജോസഫും സഹോദരൻമാരും 37, 1-50, 26.