ദാനിയേൽ
അധ്യായങ്ങൾ
ആമുഖം
ഗ്രന്ഥകർത്താവെന്ന നിലയിലും ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രമെന്ന നിലയിലുമാണ് ദാനിയേലിൻെറ നാമം ഗ്രന്ഥത്തോടു ചേർക്കുന്നത്. ബാബിലോൺ പ്രവാസികളിൽപ്പെടുന്നവരായി ദാനിയേലും കൂട്ടരും ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഗ്രന്ഥരചന നടന്നത് നൂറ്റാണ്ടുകൾക്കുശേഷം അന്തിയോക്കസ് എപ്പിഫാനസിൻെറ മതമർദനകാലത്ത് (ക്രി. മു. 167-164) ആണ് എന്നു കരുതപ്പെടുന്നു. ഗ്രന്ഥത്തിൻെറ യഥാർഥ കർത്താവ് അജ്ഞാതനാണ്. ഹെബ്രായമൂലഗ്രന്ഥങ്ങളിൽ പന്ത്രണ്ട് അധ്യായങ്ങളും ഗ്രീക്കിൽ പതിന്നാല് അധ്യായങ്ങളും കാണുന്നു. ഹെബ്രായമൂലങ്ങളിൽത്തന്നെ, 2,4(6)-7, 28 വരെയുള്ള ഭാഗം അരമായ ഭാഷയിലാണ്. ഗ്രീക്കുമൂലപ്രകാരമുള്ള പതിന്നാല് അധ്യായങ്ങളും കാനോനികമായി കത്തോലിക്കർ സ്വീകരിക്കുന്നു.
ദാനിയേലിൻെറയും മൂന്നു കൂട്ടുകാരുടെയും ഉറച്ച ദൈവവിശ്വാസവും ഭക്തിയും യഹൂദാചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള നിഷ്ഠയും പ്രസ്പഷ്ടമാക്കുന്ന സംഭവങ്ങളുടെ വിവരണമാണ് ആദ്യഭാഗത്തുള്ളത് (1-6). ദാനിയേലിനുണ്ടായ ദർശനങ്ങളാണ് 7-12 അധ്യായങ്ങളുടെ ഉള്ളടക്കം. ദൈവത്തിൻെറ പദ്ധതികൾക്കും അവിടുത്തെ ജനത്തിനുമെതിരേ ഉയരുന്ന സാമ്രാജ്യശക്തികൾ തകർക്കപ്പെടുമെന്നു ദർശനങ്ങൾ വ്യക്തമാക്കുന്നു. പ്രബോധനാത്മകമായ കഥകളാണ് 13-14 അധ്യായങ്ങളിൽ പ്രതിപാദിക്കുന്നത്. ഏഴാം അധ്യായത്തിലെ, മനുഷ്യപുത്രനെ സംബന്ധിക്കുന്ന പരാമർശനങ്ങളും ദാനിയേലിൻെറ പുസ്തകത്തെ ഏറ്റവുമധികം ശ്രദ്ധേയമാക്കി. അന്തിമോത്ഥാനത്തെക്കുറിച്ചുള്ള സൂചനയും (12, 2-3) ഗ്രന്ഥത്തിൻെറ ഒരു സവിശേഷതയാണ്.
ക്രൈസ്തവർ പ്രവചനഗണത്തിലും യഹൂദർ ലിഖിതങ്ങളുടെ പട്ടികയിലും പെടുത്തുന്നെങ്കിലും വെളിപാടുസാഹിത്യരൂപത്തിൻെറ (ക്കണ്മഗ്ന്യണ്മന്ധദ്ധ്യ) ഉത്തമനിദർശനമാണ് ദാനിയേലിൻെറ പുസ്തകം. ദൈവത്തിൻെറ പക്ഷം വിജയിക്കുമെന്ന് ദർശനങ്ങളിലൂടെ സമർഥിച്ചുകൊണ്ട് ക്രൂരമായ മതമർദനത്തിനു വിധേയരായവർക്ക് ആശ്വാസവും ധൈര്യവും പകരുകയാണ് ഇതിൻെറ പ്രധാന ഉദ്ദേശ്യം. രക്ഷാകര ചരിത്രത്തിൻെറ വെളിച്ചത്തിൽ ലോകചരിത്രത്തെ അപഗ്രഥിക്കുന്ന ഗ്രന്ഥകർത്താവ് പ്രപഞ്ചത്തിലെ ഓരോ ചലനത്തിലും ദൈവത്തിൻെറ കരവും പദ്ധതിയും ദർശിക്കുന്നു; ദൈവജനം പ്രതിസന്ധികൾ തരണംചെയ്ത് ശാശ്വതമായ നീതിയും സമാധാനവും കൈവരിക്കും എന്നു വ്യക്തമാക്കുകയും ചെയ്യുന്നു.
ഘടന
1, 1-6, 18:ദാനിയേലും മൂന്നു കൂട്ടുകാരും - നബുക്കദ്നേസറിൻെറ സ്വപ്നങ്ങൾ
7, 1-12, 13:ദാനിയേലിൻെറ ദർശനങ്ങൾ (7, 1-28: മനുഷ്യപുത്രനും നാല് അദ്ഭുതജീവികളും 8, 1-27: മുട്ടാടും ആൺകോലാടും. 9, 1-27: വർഷങ്ങളുടെ എഴുപത് ആഴ്ചകൾ. 10, 1-12, 13:യുഗാന്തദർശനം)
13, 1-64:സൂസന്ന
14, 1-42 :ബേലും വ്യാളവും