2 ദിനവൃത്താന്തം
അധ്യായങ്ങൾ
ആമുഖം
സാമുവൽ, രാജാക്കൻമാർ എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന കാലത്തിൻെറയും വ്യക്തികളുടെയും ചരിത്രമാണ് 1 - 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് - സാവൂളിൻെറ കാലംമുതൽ ജറുസലെമിൻെറ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക് - ലത്തീൻ പരിഭാഷകളിൽ പാരലിപോമെന - വിട്ടുപോയ കാര്യങ്ങൾ - എന്നാണ് ഗ്രന്ഥങ്ങൾക്കു പേരു നൽകിയിരിക്കുന്നത്. എന്നാൽ സാമുവലിലും രാജാക്കൻമാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവർത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തിൽനിന്നു തിരിച്ചെത്തിയതിനുശേഷം ഇസ്രായേൽജനം മുൻകാലചരിത്രത്തിനു നൽകുന്ന വ്യാഖ്യാനമാണ് അത് എന്നു പറയുന്നതിൽ തെറ്റില്ല.
വളരെയേറെ വിപത്തുകൾ ഇസ്രായേൽ ജനത്തിനു വന്നുഭവിച്ചു. ജനത്തിൻെറ അവിശ്വസ്തതയാണ് അതിനെല്ലാം കാരണം. എന്നാൽ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം രക്ഷാകര ചരിത്രത്തെ മുൻപോട്ടു നയിക്കുന്നു. ദാവീദ്, സോളമൻ,യഹോഷാഫാത്ത്, ഹെസക്കിയാ, ജോസിയ എന്നിങ്ങനെ ദൈവത്തോടു വിശ്വസ്തത പുലർത്തിയിട്ടുള്ള വ്യക്തികളുടെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
രാഷ്ട്രീയമായി പൂർണമായ സ്വാതന്ത്ര്യമില്ലായിരുന്നെങ്കിലും പുരോഹിത നേതൃത്വത്തിൽ നിയമം, ദേവാലയം, ആരാധനാവിധികൾ എന്നിവയിൽ അധിഷ്ഠിതമായി സാമൂഹികജീവിതം നയിച്ചിരുന്ന കാലഘട്ടമാണ്, പ്രവാസത്തിനു ശേഷമുള്ള കാലം. യൂദാഗോത്രം, ദാവീദിൻെറ വംശം, ലേവ്യർ, ജറുസലെംനഗരം, ദേവാലയം എന്നിവയെരക്ഷാകരപദ്ധതിയുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിൻെറ കർത്താവ് ഒരു ലേവ്യനായിരിക്കാനാണു സാധ്യത. ബി.സി. നാനൂറിനോടടുത്തായിരിക്കണം ഗ്രന്ഥരചന നടത്തിയിട്ടുള്ളത്.
ഘടന
1 ദിനവൃത്താന്തം
1, 1-9, 44: വംശാവലിപ്പട്ടിക
( യൂദാഗോത്രം, ദാവീദിൻെറ കുടുംബം, ലേവ്യർ, ജറുസലെംനിവാസികൾ എന്നിവയ്ക്കു പ്രതേ്യക പരിഗണന)
10, 1-14:സാവൂളിൻെറ അവസാനം
11, 1-29, 30:ദാവീദിൻെറ ഭരണം
(നാത്താൻെറ പ്രവചനം (17), ദാവീദിൻെറ മതപരമായ പ്രവർത്തനങ്ങൾ, ദേവാലയ നിർമാണത്തിനുള്ള ഒരുക്കങ്ങൾ 21- 29 എന്നിവയ്ക്കു പ്രാധാന്യം).
2 ദിനവൃത്താന്തം
1, 1-9, 31:സോളമൻെറ ഭരണം
(ദേവാലയനിർമാണം, പ്രതിഷ്ഠാസമയത്തു സോളമൻെറ പ്രാർഥന, ദൈവത്തിൽ നിന്നുള്ള പ്രത്യുത്തരം)
10, 1-19:ഉത്തരഗോത്രങ്ങൾ വേർപെടുന്നു.
11, 1-36, 12: യൂദാരാജാക്കൻമാർ
(ദാവീദിൻെറ മാതൃക, ഉടമ്പടിയോടുള്ള വിശ്വസ്തത എന്നിവ മാനദൺഡമായി സ്വീകരിച്ചുകൊണ്ടു രാജ്യഭരണം വിലയിരുത്തുന്നു).
36, 13-23:ജറുസലെമിൻെറ പതനം.