ഗലാത്തിയാ
അധ്യായങ്ങൾ
ആമുഖം
ആധുനിക തുർക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമൈനറിൽ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമൻ പ്രവിശ്യ. ഇതിലുൾപ്പെട്ടിരുന്ന പ്രദേശങ്ങൾ രാഷ്ട്രീയ വ്യതിയാനങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പൗലോസിന്റെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്. പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയിൽ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെയാത്രയിലും സന്ദർശിക്കുകയുണ്ടായി. അതിനുശേഷം, എ.ഡി. 53-നും 58-നും ഇടയ്ക്ക എഫേസോസിലോ മക്കെതോനിയായിലോ വച്ചായിരിക്കണം, പൗലോസ് ഗലാത്തിയായിലെ സഭകൾക്ക് ഈ ലേഖനം എഴുതിയതെന്നാണ് പ്രബലമായ അഭിപ്രായം.
ഗലാത്തിയായിലെ സഭ മിക്കവാറുംയഹൂദേതര ക്രിസ്ത്യാനികൾ മാത്രം അടങ്ങിയതായിരുന്നു. പൗലോസ് ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികൾ അവിടം സന്ദർശിച്ച്, അബദ്ധ പ്രബോധനങ്ങൾ വഴി സഭയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനിടയാക്കി(1,7). വിജാതീയനായ ഒരാൾ ക്രിസ്ത്യാനിയാകണമെങ്കിൽ, മോശയുടെ നിയമങ്ങൾ അനുസരിക്കണമെന്നും യഹൂദാചാരങ്ങളൊക്കെയും പാലിക്കണമെന്നും(3,2,;5,4) പരിച്ഛേദനത്തിനു വിധേയനാകണമെന്നും (5,2; 6, 12-13) ചുരുക്കത്തിൽ ഒരു യഹൂദനാകണമെന്നും അവർ നിർബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മർദത്താലും പരിച്ഛേദനം സ്വീകരിച്ച ഗലാത്തിയാക്കാർ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൗലോസിന്റെ അധികാരത്തെത്തന്നെയും ചോദ്യംചെയ്യാൻ തുടങ്ങി. മോശയുടെ നിയമത്തിന്റെ അനുഷ്ഠാനത്തിനു പ്രാധാന്യം നൽകാതെ, വിജാതീയ ക്രിസ്ത്യാനികൾക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തൻമൂലം പൗലോസിന് അപ്പസ്തോലാധികാരമില്ലെന്നും അവർ വാദിച്ചു. മുഖ്യമായും ഇത്തരക്കാർക്കെതിരായാണ് പൗലോസ് ഗലാത്തിയാക്കാർക്കുള്ള ലേഖനം രചിച്ചത്.
ലേഖനത്തിന്റെ ആദ്യഭാഗത്തു പൗലോസ് തന്റെ അപ്പസ്തോലാധികാരത്തിനു തെളിവുകൾ നിരത്തുന്നു. (1, 11; 2, 21) തുടർന്ന്, യഹൂദാചാരങ്ങളിൽ നിന്നും മോശയുടെ നിയമത്തിൽ നിന്നും വിജാതീയർ സ്വതന്ത്രരായിരിക്കുകയെന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത് ( 3, 1-4, 31). നിയമാനുഷ്ഠാനംവഴിയല്ല, വിശ്വാസംമൂലമാണ് മനുഷ്യൻ ദൈവതിരുമുമ്പിൽ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭവങ്ങളും(3, 1-15) അബ്രാഹത്തിന്റെ മാതൃകയും അതാണു വ്യക്തമാക്കുന്നത്. നിയമത്തിന്റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തിൽ നിന്നുള്ള പുത്രത്വസ്വീകാരത്തിന്റെ അനന്തരഫലമായ സ്വാതന്ത്ര്യത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു(3,25; 4, 7). പരിശുദ്ധാത്മാവിനോടു വിധേയരായി ജീവിക്കാനും ദൈവത്തിന്റെ കൃപാവരങ്ങൾ കാത്തുസൂക്ഷിക്കാനും ഗലാത്തിയാക്കാരെ പ്രതേ്യകം അനുസ്മരിച്ചുകൊണ്ടാണു പൗലോസ് തന്റെ ലേഖനം ഉപസംഹരിക്കുന്നത് (5, 1-6, 10).