ആമോസ്
അധ്യായങ്ങൾ
ആമുഖം
ചെറിയ പ്രവാചകൻമാരുടെ പട്ടികയിൽ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ പ്രണേതാക്കളിൽ ഒന്നാം സ്ഥാനം ആമോസിനാണ്. ഗ്രന്ഥം മുഴുവൻ പ്രവാചകൻ സ്വന്തമായി എഴുതിയെന്നു ധരിക്കേണ്ടതില്ല. പ്രവചനങ്ങളിൽ ഏറിയകൂറും ശിഷ്യന്മാർ സംഭരിച്ചതായിരിക്കണം. തെക്കോവയിലെ ഒരു ആട്ടിടയനായ ആമോസ് വടക്കൻ രാജ്യമായ ഇസ്രായേലിൽ ജറോബോവാമിൻെറ കാലത്ത് ചുരുങ്ങിയ കാലയളവിൽ മാത്രമാണ് പ്രവാചകദൗത്യം നിർവഹിച്ചത് (ബി.സി. 760).
ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ട് പ്രഘോഷണം ആരംഭിച്ച (1, 1-2, 16) പ്രവാചകൻ സാവധാനം ഇസ്രായേലിൻെറ നേരേ തിരിയുകയാണ്. ഇസ്രായേലിൽ നടമാടിയിരുന്ന സാമൂഹ്യാനീതികളുടെ പട്ടിക നിരത്തിവച്ചുകൊണ്ട് ദൈവത്തോടുള്ള വിശ്വസ്തത വെടിഞ്ഞജനത്തിനെതിരേ വിധി പ്രസ്താവിക്കുകയാണ് പ്രവാചകൻ. കർത്താവിൻെറ ദിനം ആസന്നമാണ് (3, 1-6, 14). ഇസ്രായേലിൻെറ അന്ത്യത്തെ സൂചിപ്പിക്കുന്ന നാലു ദർശനങ്ങളും രക്ഷയുടെ വാഗ്ദാനവും അടങ്ങുന്നതാണ് ഗ്രന്ഥത്തിൻെറ അവസാനഭാഗം (7, 1-9, 15). സാമൂഹ്യനീതിയുടെയും ദൈവികനീതിയുടെയും പ്രവാചകനാണ് ആമോസ്.