സെഫാനിയാ
അധ്യായങ്ങൾ
ആമുഖം
ജോസിയായുടെ മതനവീകരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അൽപംമുൻപ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവർത്തനമാരംഭിച്ചത് (ബി.സി. 630-625). അസ്സീറിയൻ സ്വാധീനത്തിൽപെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമൺഡലത്തിൽപ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ ഘോരപാപങ്ങൾക്കുള്ള ശിക്ഷയുടെ നാന്ദിയായി ഷിത്യരുടെ ആക്രമണത്തെ പ്രവാചകൻ കണ്ടു.
ഞാൻ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും തുടച്ചുമാറ്റും (1,2) എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രവാചകൻ യൂദായുടെയും ജറുസലെമിൻെറയും അവിശ്വസ്തതയ്ക്കും അകൃത്യങ്ങൾക്കുമുള്ള ശിക്ഷയുടെ സമയം - കർത്താവിൻെറ ദിനം - അടുത്തിരിക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നൽകുന്നു (1, 1-2, 3). കർത്താവിൻെറ ദിനത്തിൽ ജറുസലെമിനോടൊപ്പം ചുറ്റുമുള്ള ജനതകളും ശിക്ഷയേൽക്കും (2, 4-3,8). ജറുസലെമിലെ പ്രഭുക്കൻമാർ,ന്യായാധിപൻമാർ, പ്രവാചകൻമാർ, പുരോഹിതൻമാർ എന്നിവരെ പ്രവാചകൻ നിശിതമായി വിമർശിക്കുന്നു. ശിക്ഷയുടെ മുന്നറിയിപ്പോടൊപ്പം രക്ഷയുടെ വാഗ്ദാനവും ഉണ്ട്. കർത്താവ് ശിക്ഷിക്കുന്നത് രക്ഷിക്കാനാണ് (3, 9-20). സെഫാനിയായുടെ ആശയങ്ങളും ശൈലിയും തൊട്ടുപിന്നാലെ വന്ന ജറെമിയായെ സ്വാധീച്ചിട്ടുണ്ടാകണം.