ഏശയ്യാ 9
അധ്യായങ്ങൾ
ഭാവി രാജാവ്
1എന്നാൽ, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളിൽ സെബുലൂണിൻെറയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാൽ, അവസാനനാളുകളിൽ സമുദ്രത്തിലേക്കുള്ള പാതയെ, ജോർദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂർണമാക്കും.
2അന്ധകാരത്തിൽ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിൻെറ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു.
3അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നൽകി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു.
4അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മർദകൻെറ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു.
5അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിൻെറ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്നിയിൽ ദഹിക്കും;
6എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും.
7ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാൻതന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.
ഇസ്രായേലിനു ശിക്ഷ
8 യാക്കോബിനെതിരായി കർത്താവ് തൻെറ വചനം അയച്ചിരിക്കുന്നു.
9അത് ഇസ്രായേലിന്റെ മേൽ പ്രകാശിക്കും.
10ഇഷ്ടിക വീണുപോയി, എന്നാൽ വെട്ടിയൊരുക്കിയ കല്ലുകൊണ്ടു ഞങ്ങൾ പണിയും; സിക്കമൂർമരങ്ങൾ വെട്ടിക്കളഞ്ഞു, എന്നാൽ അവയ്ക്കുപകരം ദേവദാരു ഞങ്ങൾ ഉപയോഗിക്കും എന്ന് അഹങ്കാരത്തോടും ഔധത്യത്തോടുംകൂടെ പറയുന്ന എഫ്രായിംകാരെയും സമരിയാനിവാസികളെയും ജനം തിരിച്ചറിയും.
11കർത്താവ് അവർക്കെതിരേ ശത്രുക്കളെ അയയ്ക്കുകയും അവരുടെ വൈരികളെ ഇളക്കിവിടുകയും ചെയ്യുന്നു.
12കിഴക്കു സിറിയാക്കാരും പടിഞ്ഞാറ് ഫിലിസ്ത്യരും ഇസ്രായേലിനെ വാ തുറന്നു വിഴുങ്ങുകയാണ്. അവിടുത്തെകോപം ഇതുകൊണ്ടും ശമിച്ചിട്ടില്ല; അവിടുത്തെ കരം ഇപ്പോഴും ഉയർന്നു നിൽക്കുന്നു.
13ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്കു തിരിച്ചു ചെല്ലുകയോ സൈന്യങ്ങളുടെ കർത്താവിനെ അനേ്വഷിക്കുകയോ ചെയ്തില്ല.
14അതിനാൽ ഒറ്റദിവസംകൊണ്ട് കർത്താവ് ഇസ്രായേലിൽനിന്ന് വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കൈയും അരിഞ്ഞുകളഞ്ഞു.
15ശ്രേഷ്ഠനും ബഹുമാന്യനുമാണു തല, വ്യാജപ്രവാചകനാണു വാല്.
16ഈ ജനത്തെനയിക്കുന്നവർ അവരെ വഴിതെറ്റിക്കുകയാണ്. അവരാൽ നയിക്കപ്പെടുന്നവർ നശിക്കുന്നു.
17അതിനാൽ അവരുടെയുവാക്കൻമാരിൽ കർത്താവ് പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേൽ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവർത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാൽ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയർന്നുനിൽക്കുന്നു.
18ദുഷ്ടത അഗ്നിപോലെ ജ്വലിച്ച് മുള്ളുകളും മുൾച്ചെടികളും നശിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിച്ചെടികളെ എരിയിച്ച് പുകച്ചുരുളുകളായി ആകാശത്തേക്ക് ഉയരുന്നു.
19സൈന്യങ്ങളുടെ കർത്താവിന്റെ ക്രോധത്താൽ ദേശം കത്തിയെരിയുന്നു; ജനം അഗ്നിയിൽ വിറകെന്നപോലെയാണ്. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല.
20ഒരുവൻ വലത്തുവശത്തുനിന്ന് കവർന്നുതിന്നുന്നു, എന്നാൽ വിശപ്പു ശമിക്കുന്നില്ല. ഇടത്തുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു.
21മനാസ്സെ എഫ്രായിമിനെയും എഫ്രായിം മനാസ്സെയെയും തന്നെ. അവർ ഇരുവരും ചേർന്ന് യൂദായോട് എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെകരം ഉയർന്നുതന്നെ നിൽക്കുന്നു.