ഏശയ്യാ 2
അധ്യായങ്ങൾ
ജറുസലെം രക്ഷാകേന്ദ്രം
1 യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:
2അവസാനനാളുകളിൽ കർത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നിൽക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും.
3അനേകം ജനതകൾ പറയും: വരുവിൻ, നമുക്കു കർത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിൻെറ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തൻെറ മാർഗങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ പാതകളിൽ ചരിക്കും. കർത്താവിന്റെ നിയമം സീയോനിൽ നിന്നു പുറപ്പെടും; അവിടുത്തെ വചനം ജറുസലെമിൽ നിന്നും.
4അവിടുന്ന് ജനതകളുടെ മധ്യത്തിൽ വിധികർത്താവായിരിക്കും; ജനപദങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയർത്തുകയില്ല. അവർ ഇനിമേൽയുദ്ധപരിശീലനം നടത്തുകയില്ല.
5 യാക്കോബിൻെറ ഭവനമേ, വരുക. നമുക്കു കർത്താവിന്റെ പ്രകാശത്തിൽ വ്യാപരിക്കാം.
കർത്താവിൻെറ ദിനം
6അങ്ങ് സ്വന്തം ജനത്തെ, യാക്കോബിൻെറ ഭവനത്തെ, കൈവിട്ടിരിക്കുന്നു. കാരണം, രാജ്യം കിഴക്കുനിന്നുള്ള ആഭിചാരകൻമാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്ത്യരെപ്പോലെ ഭാവിപറയുന്നവരും അവരുടെ ഇടയിൽ ധാരാളം ഉണ്ട്.
7അന്യജനതകളുമായി അവർ കൂട്ടുചേരുന്നു. അവരുടെ ദേശം സ്വർണവും വെള്ളിയും കൊണ്ടു നിറഞ്ഞി രിക്കുന്നു. അവരുടെ നിക്ഷേപങ്ങൾക്ക് അളവില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ രഥങ്ങൾ സംഖ്യാതീതമാണ്.
8അവരുടെ ദേശം വിഗ്രഹങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങൾതന്നെ നിർമിച്ച ശിൽപങ്ങളുടെ മുൻപിൽ, തങ്ങളുടെതന്നെ കരവേലയുടെ മുൻപിൽ, അവർ കുമ്പിടുന്നു.
9മർത്ത്യൻ അവമാനിതനാകുന്നു; മനുഷ്യൻ തന്നെത്തന്നെതരംതാഴ്ത്തുന്നു. അവരോടു ക്ഷമിക്കരുതേ! പാറക്കെട്ടിനുള്ളിൽ പ്രവേശിക്കുവിൻ.
10പൊടിയിൽ ഒളിക്കുവിൻ. അങ്ങനെ കർത്താവിന്റെ ഭീകരതയിൽ നിന്നും അവിടുത്തെ മഹിമാതിശയത്തിൽ നിന്നും രക്ഷപെടുവിൻ.
11മനുഷ്യന്റെ അഹന്ത തലതാഴ്ത്തും; അഹങ്കാരികളെ എളിമപ്പെടുത്തും; കർത്താവു മാത്രം ആദിനത്തിൽ ഉയർന്നു നിൽക്കും.
12കർത്താവിന് ഒരു ദിനമുണ്ട്. അഹന്തയും ഉന്നതഭാവവും ഉള്ള എല്ലാറ്റിനും എതിരായ ദിനം!
13ലബനോനിലെ ഉന്നതമായ ദേവദാരുവിനും ബാഷാനിലെ കരുവേല കത്തിനും
14ഉന്നതമായ പർവതങ്ങൾക്കും ഉയർന്ന കുന്നുകൾക്കും
15ഉന്നതമായ സകല ഗോപുരങ്ങൾക്കും, എല്ലാ ശക്തിദുർഗങ്ങൾക്കും
16താർഷീഷിലെ കപ്പലുകൾക്കും മനോഹരമായ എല്ലാ ശിൽപങ്ങൾക്കും എതിരായ ദിനം!
17മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരും; ഗർവിഷ്ഠൻ വിനീതനാക്കപ്പെടും. അന്ന് കർത്താവുമാത്രം ഉയർന്നു നിൽക്കും.
18വിഗ്രഹങ്ങൾ നിശ്ശേഷം തകർക്കപ്പെടും.
19ഭൂമിയെ പ്രകമ്പനം കൊള്ളിക്കാൻ കർത്താവ് വരുമ്പോൾ ഉജ്ജ്വലപ്രഭാവത്തിൻെറ ഭീതിദായകമായ ദർശനത്തിൽനിന്നു മനുഷ്യർ പാറയിടുക്കുകളിലും ഗുഹ കളിലും ഓടിയൊളിക്കും.
20ആരാധിക്കാൻവേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമിച്ചവിഗ്രഹങ്ങളെ അന്ന് അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും.
21ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ കർത്താവ് വരുമ്പോൾ അവിടുത്തെ ഉജ്ജ്വലപ്രഭാവത്തിൻെറ ഭീതിദായ കമായ ദർശനത്തിൽനിന്ന് പാറയിടുക്കുകളിലും ഉയർന്ന പാറകളിലും ഓടിയൊളിക്കാൻ വേണ്ടിത്തന്നെ.
22മനുഷ്യനിൽ ഇനി വിശ്വാസമർപ്പിക്കരുത്; അവൻ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്?