ഏശയ്യാ 21
അധ്യായങ്ങൾ
ബാബിലോണിൻെറ പതനം
1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബിൽ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയിൽനിന്ന്, ഭയാനകമായ ദേശത്തുനിന്നു വരുന്നു.
2ഭീകരമായ ഒരു ദർശനം! കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു; വിനാശകർ നശിപ്പിക്കുന്നു. ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവൾ നിമിത്തം ഉണ്ടായ നെ ടുവീർപ്പുകൾക്കു ഞാൻ അറുതിവരുത്തും.
3ഞാൻ കഠിനവേദന അനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും കേൾക്കാൻ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം എനിക്കു കാഴ്ചനഷ്ടപ്പെട്ടിരിക്കുന്നു.
4എന്റെ ഹൃദയം പുളയുന്നു. ഭീതി എന്നെ നടുക്കുന്നു. ഞാൻ കാത്തിരുന്ന സന്ധ്യാദീപ്തി എനിക്കു ഭീതിജനകമായിത്തീർന്നു.
5അവർ മേശയൊരുക്കുകയും പരവതാനി വിരിക്കുകയും ചെയ്യുന്നു. അവർ തിന്നുകുടിച്ച് ഉല്ലസിക്കുന്നു. സേനാധിപൻമാരേ, എഴുന്നേൽക്കുവിൻ, പരിച മിനുക്കുവിൻ.
6കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: ഒരു കാവൽഭടനെ നിർത്തുക. അവൻ കാണുന്നത് അറിയിക്കട്ടെ.
7രണ്ടു കുതിരകളെ പൂട്ടിയരഥങ്ങളെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും വരുന്നവരെയും കണ്ടാൽ അവൻ ശുഷ്കാന്തിയോടെ ശ്രദ്ധിക്കണം.
8കാവൽഭടൻ പറഞ്ഞു: കർത്താവേ, കാവൽ ഗോപുരത്തിൽ ഞാൻ രാപകൽ കാവൽനിൽക്കുന്നു.
9ഇതാ, രണ്ടു കുതിരകളെ പൂട്ടിയരഥങ്ങൾ വരുന്നു. അപ്പോൾ അവൻ മറുപടി പറഞ്ഞു: വീണുപോയി, ബാബിലോൺ വീണുപോയി. അവളുടെ ദേവൻമാരുടെ വിഗ്രഹങ്ങളെല്ലാം അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു.
10മെതിച്ചുപാറ്റപ്പെട്ടവനേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കർത്താവിൽനിന്നു കേട്ടത് ഞാൻ നിന്നെ അറിയിക്കുന്നു.
ഏദോം- അറേബ്യ- കേദാർ
11ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയറിൽ നിന്ന് ഒരുവൻ എന്നോടു വിളിച്ചുചോദിക്കുന്നു: കാവൽക്കാരാ, എത്രാംയാമമായി; രാത്രി ഇനി എത്രയുണ്ട്?
12കാവൽക്കാരൻമറുപടി പറഞ്ഞു: പ്രഭാതം വരുന്നു; രാത്രിയും. നിനക്ക് അറിയണമെങ്കിൽ മടങ്ങിവന്നു ചോദിച്ചുകൊള്ളുക.
13അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്: ദദാന്യരായ സാർഥവാഹകരേ, നിങ്ങൾ അറേബ്യയിലെ കുറ്റിക്കാട്ടിൽ വസിക്കും.
14തേമാന്യരേ, നിങ്ങൾ ദാഹിക്കുന്നവർക്കു ജലം നൽകുവിൻ, പലായനം ചെയ്യുന്നവർക്ക് അപ്പം കൊടുക്കുവിൻ.
15എന്തെന്നാൽ, അവർ ഊരിയ വാളിൽനിന്നും കുലച്ചവില്ലിൽ നിന്നും യുദ്ധത്തിന്റെ നടുവിൽനിന്നും രക്ഷപെട്ട് ഓടുന്ന വരാണ്.
16കർത്താവ് എന്നോട് അരുളിച്ചെയ്തു: കൂലിക്കാരൻ കണക്കാക്കുന്നതുപോലെ, കണിശം ഒരു വർഷത്തിനുള്ളിൽ കേദാറിൻെറ സർവമഹത്വവും നശിക്കും.
17കേദാറിൻെറ വില്ലാളിവീരൻമാരിൽ ചുരുക്കംപേർ മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കർത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.