ഏശയ്യാ 59
അധ്യായങ്ങൾ
രക്ഷയ്ക്കു തടസ്സം
1രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേൾക്കാനാവാത്തവിധം അവിടുത്തെ കാതുകൾക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.
2നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽനിന്നു മറച്ചിരിക്കുന്നു. അതിനാൽ അവിടുന്ന് നിന്റെ പ്രാർഥന കേൾക്കുന്നില്ല.
3നിന്റെ കരങ്ങൾ രക്തപങ്കിലമാണ്. വിരലുകൾ അകൃത്യങ്ങളാൽ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു.
4ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല; സത്യസന്ധതയോടെ ആരുംന്യായാസനത്തെ സമീപിക്കുന്നില്ല. അവർ പൊള്ളയായ വാദങ്ങളിൽ ആശ്രയിക്കുകയും നുണപറയുകയും ചെയ്യുന്നു. അവർ തിൻമയെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
5അവർ അണലിമുട്ടയിൻമേൽ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവർ മരിക്കും. മുട്ടപൊട്ടിച്ചാൽ അണലി പുറത്തുവരും.
6അവർ നെയ്തത് വസ്ത്രത്തിനു കൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യർക്കു പുതയ്ക്കാനാവില്ല. അവർ പ്രവർത്തിക്കുന്നത് അകൃത്യമാണ്; അവരുടെ കരങ്ങൾ അക്രമം പ്രവർത്തിക്കുന്നു.
7അവരുടെ പാദങ്ങൾ തിൻമയിലേക്കു കുതിക്കുന്നു. നിര പരാധരുടെ രക്തം ചൊരിയുന്നതിന് അവർ വെമ്പൽകൊള്ളുന്നു. അവർ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണ് അവരുടെ പെരുവഴികളിൽ.
8സമാധാനത്തിന്റെ മാർഗം അവർക്ക് അജ്ഞാതമാണ്. അവരുടെ വഴികളിൽ നീതി അശേഷമില്ല. അവർ തങ്ങളുടെ മാർഗങ്ങൾ വക്രമാക്കി. അതിൽ ചരിക്കുന്നവർക്കു സമാധാനം ലഭിക്കുകയില്ല.
9നീതി ഞങ്ങളിൽനിന്നു വിദൂരത്താണ്.ന്യായം ഞങ്ങൾക്കു ലഭിക്കുന്നില്ല. ഞങ്ങൾ പ്രകാശം തേടുന്നു; എന്നാൽ, എങ്ങും അന്ധ കാരം! ദീപ്തി അനേ്വഷിക്കുന്നു; എന്നാൽ, ഞങ്ങളുടെ മാർഗം നിഴൽ മൂടിയിരിക്കുന്നു.
10അന്ധരെപ്പോലെ ഞങ്ങൾ ചുമരു തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു. അരണ്ട വെളിച്ചത്തിലെന്നപോലെ മധ്യാഹ്നത്തിൽ ഞങ്ങൾക്കു കാലിടറുന്നു. ഊർജസ്വലരുടെ ഇടയിൽ ഞങ്ങൾ മൃതപ്രായരാണ്.
11ഞങ്ങൾ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകികൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങൾ നീതിക്കുവേണ്ടി കാത്തിരിക്കുന്നു; എന്നാൽ, ലഭിക്കുന്നില്ല; രക്ഷപ്രതീക്ഷിച്ചിരിക്കുന്നു; അതു വിദൂരത്താണ്.
12ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെ മുൻപിൽ വർധിച്ചിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യം നൽകുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളോടൊപ്പ മുണ്ട്. ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അറിയുന്നു.
13ഞങ്ങൾ തിൻമ പ്രവർത്തിക്കുന്നു, കർത്താവിനെ നിഷേധിക്കുന്നു, ദൈവത്തിൽ നിന്നു പിന്തിരിയുന്നു; മർദനവും കലഹവും പ്രസംഗിക്കുകയും വഞ്ചന നിരൂപിക്കുകയും പറയുകയും ചെയ്യുന്നു.
14നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു;ന്യായം വിദൂരത്തു നിൽക്കുന്നു; സത്യം പൊതുസ്ഥലങ്ങളിൽ വീണടിയുന്നു; സത്യസന്ധതയ്ക്ക് അവിടെ പ്രവേശനമില്ല.
15സത്യം ഇല്ലാതായിരിക്കുന്നു; തിൻമയെ വിട്ടകലുന്നവൻ വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കർത്താവു കണ്ടു. അത് അവിടുത്തെ അസന്തുഷ്ടനാക്കി.
16അവിടെ ആരുമില്ലെന്ന് അവിടുന്നു കണ്ടു; ഇടപെടാൻ ആരുമില്ലാത്തതിനാൽ, അവിടുന്ന് ആശ്ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയം നൽകി. സ്വന്തം നീതിയിൽ അവിടുന്ന് ആശ്രയിച്ചു.
17അവിടുന്ന് നീതിയെ ഉരസ്ത്രാണമാക്കി, രക്ഷയുടെ പടത്തൊപ്പി ശിരസ്സിൽ വച്ചു; അവിടുന്ന് പ്രതികാരത്തിന്റെ വസ്ത്രം ധരിച്ചു; ക്രോധമാകുന്ന മേലങ്കി അണിഞ്ഞു.
18പ്രവൃത്തികൾക്കനുസൃതമായി കർത്താവ് അവർക്കു പ്രതിഫലം നൽകും. എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട് അവിടുന്ന് പ്രതികാരം ചെയ്യും.
19പടിഞ്ഞാറുള്ളവർ കർത്താവിന്റെ നാമത്തെയും കിഴക്കുനിന്നുള്ളവർ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കർത്താവിന്റെ കാറ്റിൽ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്ന് വരും.
20കർത്താവ് അരുളിച്ചെയ്യുന്നു: സീയോനിലേക്ക്, തിൻമകളിൽ നിന്നു പിന്തിരിഞ്ഞ യാക്കോബിൻെറ സന്തതികളുടെ അടുക്കലേക്ക്, കർത്താവ് രക്ഷ കനായി വരും.
21കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും, നിന്റെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളിൽ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കർത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.