ഏശയ്യാ 49
അധ്യായങ്ങൾ
കർത്താവിൻെറ ദാസൻ -
1തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു.
2എന്റെ നാവിനെ അവിടുന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തൻെറ കൈയുടെ നിഴലിൽ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്ര മാക്കി, തൻെറ ആവനാഴിയിൽ അവിടുന്ന് ഒളിച്ചുവച്ചു.
3ഇസ്രായേലേ, നീ എന്റെ ദാസ നാണ്, നിന്നിൽ ഞാൻ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു.
4ഞാൻ പറഞ്ഞു: ഞാൻ വ്യർഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കർത്താവിലും പ്രതിഫലം ദൈവത്തിലുമാണ്.
5 യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തൻെറ അടുക്കൽ ഒന്നിച്ചു ചേർക്കാനും ഗർഭത്തിൽവച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കർത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാൽ, കർത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു.
6അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിൻെറ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിൻെറ പ്രകാശമായി നൽകും.
7ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിതനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്റെ പരിശുദ്ധനും വിമോചകനുമായ കർത്താവ് അ രുളിച്ചെയ്യുന്നു: നിന്നെതിരഞ്ഞെടുത്ത ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ കർത്താവു നിമിത്തം രാജാക്കൻമാർ നിന്നെ കാണുമ്പോൾ എഴുന്നേൽക്കുകയും പ്രഭുക്കൻമാർ നിന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യും.
പ്രവാസികൾ ജറുസലെമിലേക്ക്
8കർത്താവ് അരുളിച്ചെയ്യുന്നു: പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരമരുളി. രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു. രാജ്യം സ്ഥാപിക്കാനും ശൂന്യമായ അവകാശഭൂമി പുനർവിഭജനം ചെയ്തു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നൽകിയിരിക്കുന്നു.
9ബന്ധിതരോടു പുറത്തുവരാനും അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാൻ പറഞ്ഞു.യാത്രയിൽ അവർക്കു ഭക്ഷണം ലഭിക്കും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപുറങ്ങളായിരിക്കും.
10അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളർത്തുകയില്ല. എന്തുകൊണ്ടെന്നാൽ, അവരുടെമേൽ ദയയുള്ളവൻ അവരെ നയിക്കും; നീർച്ചാലുകൾക്ക രികിലൂടെ അവരെ കൊണ്ടുപോകും.
11മലകളെ ഞാൻ വഴിയാക്കി മാറ്റും; രാജവീഥികൾ ഉയർത്തും.
12അങ്ങ് ദൂരെനിന്ന് - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെൻദേശത്തുനിന്നും - അവൻ വരും.
13ആകാശമേ, ആനന്ദ ഗാനമാലപിക്കുക; ഭൂമിയേ, ആർത്തുവിളിക്കുക; മലകളേ, ആർത്തു പാടുക; കർത്താവ് തൻെറ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തൻെറ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.
14എന്നാൽ, സീയോൻ പറഞ്ഞു: കർത്താവ് എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവ് എന്നെ മറന്നു കളഞ്ഞു.
15മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.
16ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ മുൻപിലുണ്ട്.
17നിന്റെ നിർമാതാക്കൾ നിന്നെ നശിപ്പിച്ചവരെക്കാൾ വേഗമുള്ളവരാണ്. നിന്നെ വിജനമാക്കിയവർ നിന്നിൽനിന്ന് അകന്നുപോയിരിക്കുന്നു.
18ചുറ്റും നോക്കുക. അവർ ഒന്നുചേർന്ന് നിന്റെ അടുക്കൽ വരുന്നു. കർത്താവായ ഞാൻ ശപഥം ചെയ്യുന്നു. നീ അവരെ ആഭരണമായി അണിയും. വധുവിനെപ്പോലെ നീ അവരെ നിന്നോടു ചേർക്കും.
19നിന്റെ പാഴ്നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട സ്ഥലങ്ങളും അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവർ അകന്നുപോകും.
20സന്താനങ്ങൾ നഷ്ടപ്പെട്ടെന്ന് ഓർത്തു ദുഃഖിക്കുന്ന നിന്നോട് അവർ തിരിച്ചുവന്നുപറയും. ഈ സ്ഥലം എനിക്കു പോരാ, എനിക്കു വസിക്കാൻ ഇടം തരുക.
21അപ്പോൾ, നീ ഹൃദയത്തിൽ പറയും: വന്ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്തയും ആയിരുന്ന എനിക്ക് ഇവർ എങ്ങനെ ജനിച്ചു? ആര് ഇവരെ വളർത്തി? ഞാൻ ഏകാകിനിയായിരുന്നിട്ടും ഇവർ എവിടെ നിന്നു വന്നു?
22ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ജനതകൾക്കുനേരേ ഞാൻ കരം ഉയർത്തുകയും അവർക്ക് അടയാളം കൊടുക്കുകയും ചെയ്യും. അവർ നിന്റെ പുത്രൻമാരെ മാറിലണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.
23രാജാക്കൻമാർ നിന്റെ വളർത്തുപിതാക്കൻമാരും രാജ്ഞിമാർ വളർത്തമ്മമാരും ആയിരിക്കും. അവർ നിന്നെ സാഷ്ടാംഗം വണങ്ങുകയും നിന്റെ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കർത്താവ് എന്ന് അപ്പോൾ നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിതരാവുകയില്ല.
24ശക്തനിൽനിന്ന് ഇരയെയോ സേ്വച്ഛാധിപതിയിൽനിന്ന് അടിമകളെയോ വിടുവിക്കാൻ കഴിയുമോ?
25കഴിയും - കർത്താവ് അരുളിച്ചെയ്യുന്നു: ശക്തനിൽനിന്ന് അടിമകളെ വിടുവിക്കുകയും സേ്വച്ഛാധിപതിയിൽനിന്ന് ഇരയെരക്ഷിക്കുകയും ചെയ്യും. എന്തെന്നാൽ, നിന്നോടു പോരാടുന്നവരോട് ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.
26നിന്നെ മർദിക്കുന്നവർ സ്വന്തം മാംസം ഭക്ഷിക്കാൻ ഞാൻ ഇടവരുത്തും; വീഞ്ഞു കൊണ്ടെന്നപോലെ സ്വന്തം രക്തംകുടിച്ച് അവർക്കു മത്തുപിടിക്കും; ഞാൻ നിന്റെ രക്ഷകനും വിമോചകനും, യാക്കോബിൻെറ ശക്തനായവനും ആണെന്ന് അപ്പോൾ മർത്ത്യകുലം അറിയും.