ഏശയ്യാ 27
അധ്യായങ്ങൾ
1അന്നു കർത്താവ് തൻെറ വലുതും അതിശക്തവുമായ കഠിന ഖഡ്ഗംകൊണ്ടു ലവിയാഥാനെ, പുളഞ്ഞുപായുന്ന ലവിയാഥാനെ, ശിക്ഷിക്കും. സമുദ്രവ്യാളത്തെ അവിടുന്ന് കൊന്നുകളയും.
2അന്നു മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിൻ;
3കർത്താവായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരൻ. ഞാൻ അതിനെ നിരന്തരം നനയ്ക്കുന്നു;ആരും നശിപ്പിക്കാതിരിക്കാൻ ഞാൻ അതിനു രാപകൽ കാവൽ നിൽക്കുന്നു; എനിക്കു ക്രോധമില്ല.
4മുള്ളുകളും മുൾച്ചെടികളും മുളച്ചുവന്നാൽ ഞാൻ അവയോടു പൊരുതും. ഞാൻ അവയെ ഒന്നിച്ചു ദഹിപ്പിക്കും.
5അവയ്ക്ക് എന്റെ സംരക്ഷണം വേണമെങ്കിൽ എന്നോടു സമാധാനയുടമ്പടി ചെയ്യട്ടെ; എന്നോടു സമാധാനത്തിൽ കഴിയട്ടെ!
6ഭാവിയിൽ യാക്കോബ് വേരുപിടിക്കും; ഇസ്രായേൽ പുഷ്പിക്കുകയും ശാഖകൾ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവൻ അതിന്റെ ഫലങ്ങൾ കൊണ്ടു നിറയും.
7ഇസ്രായേലിന്റെ ശത്രുക്കളെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേൽ ജനത്തിന്റെ ഘാതകരെ വധിച്ചതുപോലെ അവിടുന്ന് ഇസ്രായേൽ ജനത്തെ വധിച്ചിട്ടുണ്ടോ?
8അവിടുന്ന് അവരെ പ്രവാസത്തിലയച്ചു ശിക്ഷിച്ചു. കിഴക്കൻ കാറ്റിന്റെ നാളിൽ അവിടുന്ന് അവരെ ഊതിപ്പറപ്പിച്ചു.
9അങ്ങനെ യാക്കോബിൻെറ പാപം പരിഹരിക്കപ്പെടും. അവന്റെ പാപ മോചനത്തിന്റെ പൂർണഫലം ഇതാണ്: ചുണ്ണാമ്പുകല്ലുപോലെ അവൻ ബലിപീഠത്തിന്റെ കല്ലുകൾ പൊടിച്ചു കളയുകയും അഷേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നശിപ്പിക്കുകയും ചെയ്യും.
10ബലിഷ്ഠനഗരം വിജനമായിരിക്കുന്നു. ജനനിബിഡമായ നഗരം മരുഭൂമിപോലെ വിജനവും ശൂന്യവുമായിരിക്കുന്നു. അവിടെ കാളക്കിടാവു മേഞ്ഞു നടക്കുകയും വിശ്രമിക്കുകയും ഓരോ പൊടിപ്പും തകർക്കുകയും ചെയ്യുന്നു.
11മരച്ചില്ലകൾ ഉണങ്ങി, ഒടിഞ്ഞു വീഴുന്നു; സ്ത്രീകൾ അതു ശേഖരിച്ചു തീകത്തിക്കുന്നു; വിവേകംകെട്ട ഒരു ജനമാണിത്. അതിനാൽ, അവരുടെ സ്രഷ്ടാവിന് അവരുടെമേൽ കാരുണ്യമില്ല; അവർക്കു രൂപം നൽകിയവന് അവരിൽ പ്രസാദമില്ല.
12അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്തുതോടുവരെ കർത്താവ് കറ്റ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങളെ ഓരോരുത്തരെയായി കർത്താവ് ശേഖരിക്കും.
13അന്ന്, ഒരു വലിയ കാഹളധ്വനി ഉയരും; അസ്സീറിയായിൽ നഷ്ടപ്പെട്ടവരും ഈജിപ്തിലേക്കു ഓടിക്കപ്പെട്ടവരും വന്ന് ജറുസലെമിലെ വിശുദ്ധ ഗിരിയിൽ കർത്താവിനെ ആരാധിക്കും.