Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 33

അധ്യായങ്ങൾ

സഹായത്തിന് അപേക്ഷ

1നശിപ്പിക്കപ്പെടാതിരിക്കേ മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ വഞ്ചിക്കുകയും ചെയ്തവനേ, നിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോൾ നിന്റെ നാശം സംഭവിക്കും; നിന്റെ വഞ്ചന തീരുമ്പോൾ നീ വഞ്ചിക്കപ്പെടും.
2കർത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങൾ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!
3ഇടിമുഴക്കംപോലുള്ള നാദത്തിൽ ജനതകൾ ഓടുന്നു. അങ്ങ് എഴുന്നേൽക്കുമ്പോൾ ജനതകൾ ചിതറിപ്പോകും.
4കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ളമുതൽ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവർ അതിൻമേൽ ചാടി വീഴും.
5കർത്താവ് പുകഴ്ത്തപ്പെടുന്നു; അവിടുന്ന് ഉന്നതത്തിൽ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധർമനിഷ്ഠയും കൊണ്ടു നിറയ്ക്കും.
6അവിടുന്നാണ് നിന്റെ ആയുസ്സിന്റെ ഉറപ്പ്. രക്ഷയുടെയും ജ്ഞാനത്തിന്റെയും അറിവിന്റെയും സമൃദ്ധി അവിടുന്ന് തന്നെ. അവിടുന്ന് നൽകുന്ന സമ്പത്ത് ദൈവഭക്തിയാണ്.
7അതാ, വീരൻമാർ പുറത്തുനിന്നു നിലവിളിക്കുന്നു; സമാധാനദൂതൻമാർ കയ്പോടെ കരയുന്നു.
8രാജവീഥികൾ ശൂന്യമായിക്കിടക്കുന്നു; പഥികൻ അതിലേ നടക്കുന്നില്ല. ഉടമ്പടികൾ ലംഘിക്കപ്പെടുന്നു; സാക്ഷികൾ വെറുക്കപ്പെടുന്നു; മനുഷ്യനെക്കുറിച്ചുയാതൊരു പരിഗണനയും ഇല്ലാതായിരിക്കുന്നു.
9ദേശം ദുഃഖിച്ചു കരയുന്നു; ലബനോൻ ലജ്ജയാൽ തളരുന്നു. ഷാരോൻമരുഭൂമി പോലെയായി; ബാഷാനും കാർമെലും തങ്ങളുടെ ഇല കൊഴിക്കുന്നു.
10കർത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ എഴുന്നേൽക്കും; ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ എനിക്കു പുകഴ്ച ലഭിക്കും.
11നീ പതിരിനെ ഗർഭംധരിച്ചു വൈക്കോലിനെ പ്രസവിക്കും. നിന്റെ നിശ്വാസം നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കും.
12ജനതകളെ കുമ്മായം പോലെ നീറ്റും; അവർ വെട്ടി അഗ്നിയിലിടുന്ന മുള്ളുപോലെയാകും.
13വിദൂരസ്ഥരേ, ഞാൻ എന്താണ് പ്രവർത്തിച്ചതെന്നു ശ്രവിക്കുവിൻ. സമീപ സ്ഥരേ, എന്റെ ശക്തി അറിഞ്ഞുകൊള്ളുവിൻ.
14സീയോനിലെ പാപികൾ പരിഭ്രാന്തരായിരിക്കുന്നു. അധർമികളെ വിറയൽ ഗ്രസിച്ചിരിക്കുന്നു. നമ്മിലാർക്കു ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം വസിക്കാനാവും? നിത്യജ്വാലയിൽ നമ്മിൽ ആർക്കു ജീവിക്കാൻ കഴിയും?
15നീതിയുടെ മാർഗത്തിൽ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവൻ, മർദനം വഴിയുള്ള നേട്ടം വെറുക്കുന്നവൻ, കൈക്കൂലി വാങ്ങാതിരിക്കാൻ കൈ കുടയുന്നവൻ, രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നവൻ, തിൻമ ദർശിക്കാതിരിക്കാൻ കണ്ണുകളടയ്ക്കുന്നവൻ - അവൻ ഉന്നതങ്ങളിൽ വസിക്കും.
16ശിലാദുർഗങ്ങളാൽ അവൻ പ്രതിരോധമുറപ്പിക്കും. അവന്റെ ആഹാരം മുടങ്ങുകയില്ല; അവനു ദാഹജലം കിട്ടുമെന്നുതീർച്ച.
17രാജാവിനെ അവന്റെ സൗന്ദര്യത്തോടുകൂടെ നിന്റെ കണ്ണുകൾ ദർശിക്കും. വിദൂരത്തേക്കു വ്യാപിച്ചു കിടക്കുന്ന ഒരു ദേശവും അവ കാണും.
18ഒരിക്കൽ നിന്നെ ഭയപ്പെടുത്തിയിരുന്ന കാര്യങ്ങളെക്കുറിച്ചു നീ ഓർക്കും. എണ്ണിയവൻ എവിടെ? കപ്പം തൂക്കം നോക്കിയവൻ എവിടെ? ഗോപുരങ്ങൾ എണ്ണിനോക്കിയവൻ എവിടെ?
19ദുർഗ്രഹഭാഷ സംസാരിക്കുന്ന, മനസ്സിലാകാത്ത ഭാഷയിൽ വിക്കിവിക്കി പറയുന്ന ഗർവിഷ്ഠരെ നീ ഇനിമേൽ കാണുകയില്ല.
20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകൾ ദർശിക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.
21അവിടെ കർത്താവ് നമുക്കു വേണ്ടി പ്രതാപത്തോടെ വാഴും. തണ്ടുവള്ളങ്ങളും പ്രൗഢിയാർന്ന കപ്പലുകളും കടന്നു വരാത്ത വിസ്തൃതമായ നദികളും തോടുകളും ഏറെയുള്ള സ്ഥലമായിരിക്കും അത്.
22കർത്താവ് ഞങ്ങളുടെന്യായാധിപനാകുന്നു. അവിടുന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു. അവിടുന്ന് ഞങ്ങളെ രക്ഷിക്കും.
23നിന്റെ കയറുകൾ അയഞ്ഞിരിക്കുന്നു; പാമരം ഉറപ്പിക്കാനും പായ്വിരിച്ചു നിർത്താനും അതിനാവുകയില്ല. സമൃദ്ധമായ കൊള്ളമുതൽ പങ്കിടും; മുടന്തനും കൊള്ളവസ്തു കിട്ടും.
24അവിടത്തെനിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല. അവരുടെ അകൃത്യങ്ങൾക്കു മാപ്പു ലഭിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്