ഏശയ്യാ 16
അധ്യായങ്ങൾ
1സീയോൻപുത്രിയുടെ മലയിലേക്ക്, ദേശാധിപതിയുടെ അടുത്തേക്ക്, സേലായിൽനിന്നു മരുഭൂമിയിലൂടെ അവർ ആട്ടിൻകുട്ടികളെ അയച്ചു.
2മൊവാബിൻെറ പുത്രിമാർ കൂടു വിട്ടുഴലുന്ന പക്ഷികളെപ്പോലെയായിരിക്കും, അർണോന്റെ കടവുകളിൽ.
3ഞങ്ങളെ ഉപദേശിക്കുക, നീതി നടത്തുക, മധ്യാഹ്നവേളയിൽ നിന്റെ നിശാതുല്യമായ നിഴൽ വിരിക്കുക, ഭ്രഷ്ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.
4മൊവാബിൻെറ ഭ്രഷ്ടർ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനിൽ നിന്ന് നീ അവർക്ക് അഭയമായിരിക്കട്ടെ. മർദകൻ ഇല്ലാതാവുകയും നാശം അവസാനിക്കുകയും ചവിട്ടി മെതിക്കുന്നവൻ ദേശത്തുനിന്ന് അപ്രത്യ ക്ഷനാവുകയും ചെയ്യുമ്പോൾ,
5കാരുണ്യത്തോടെ ഒരു സിംഹാസനം സ്ഥാപിക്കപ്പെടും. നീതി അനേ്വഷിക്കുകയും നീതിപൂർവം വിധിക്കുകയും ധർമനിഷ്ഠപാലിക്കുകയുംചെയ്യുന്ന ഒരുവൻ ദാവീദിന്റെ കൂടാരത്തിലെ ആ സിംഹാസനത്തിൽ ഉപവിഷ്ടനാകും.
6മൊവാബിൻെറ അഹങ്കാരത്തെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ട്. അവൻ എത്ര ഗർവിഷ്ഠനും ഉദ്ധതനും അഹങ്കാരിയുമാണ്; അവന്റെ വൻപുപറച്ചിൽ വ്യർഥമാകുന്നു.
7അതിനാൽ, മൊവാബ് നിലവിളിക്കട്ടെ; എല്ലാവരും മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! കിർഹാറെസെത്തിലെ മുന്തിരിയടകളെക്കുറിച്ചു ഹൃദയംനൊന്തു വിലപിക്കുവിൻ.
8ഹെഷ് ബോൺവയലുകളും സിബ്മായിലെ മുന്തിരിവള്ളികളും വാടിപ്പോയിരിക്കുന്നു.യാസ്സെർവരെ എത്തുകയും മരുഭൂമിവരെ നീണ്ടുകിടക്കുകയും ചെയ്തിരുന്ന അവയുടെ ശാഖകൾ ജനതകളുടെ പ്രഭുക്കൻമാർ അരിഞ്ഞുകളഞ്ഞു. അതിന്റെ ശാഖകൾ കടൽകടന്ന് മറുനാട്ടിലും പടർന്നു.
9അതിനാൽ, സിബ്മായിലെ മുന്തിരിവള്ളികൾക്കുവേണ്ടി ഞാൻ യാസ്സെറിനോടൊത്തു കരയും. ഹെഷ്ബോണും എലെയാലെയും എന്റെ കണ്ണീരിൽ കുതിരും. എന്തെന്നാൽ, നിങ്ങളുടെ ഫലത്തിനും വിളവിനും എതിരായിയുദ്ധകാഹളം മുഴങ്ങുന്നു.
10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു. മുന്തിരിത്തോട്ടങ്ങളിൽ ഗാനാലാപം കേൾക്കുന്നില്ല; ആർപ്പുവിളികൾ ഉയരുന്നില്ല; മുന്തിരിച്ചക്കു ചവിട്ടുന്നവൻ വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല. മുന്തിരിവിളവെടുപ്പിൻെറ ആർപ്പുവിളികളും നിലച്ചിരിക്കുന്നു.
11അതിനാൽ, എന്റെ അന്തരംഗം മൊവാബിനെക്കുറിച്ചും ഹൃദയം കീർഹേരസിനെക്കുറിച്ചും വീണക്കമ്പിപോലെ കേഴുന്നു.
12മൊവാബ് പ്രത്യക്ഷനാകുമ്പോൾ, പൂജാഗിരിയിൽ തളർന്നുനിൽക്കുമ്പോൾ, തൻെറ ദേവാലയത്തിൽ പ്രാർഥിക്കാനെത്തുമ്പോൾ അവനു ഫലപ്രാപ്തിയുണ്ടാവുകയില്ല.
13ഇതാണു മൊവാബിനെക്കുറിച്ച് കർത്താവ് മുൻപ് അരുളിച്ചെയ്തിരുന്നത്.
14എന്നാൽ, ഇപ്പോൾ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരൻ കണക്കാക്കുന്നതുപോലെ, കണിശം മൂന്നു വർഷങ്ങൾക്കുള്ളിൽ മൊവാബിൻെറ മഹത്വം, അവൻ വലിയ ജനതയാണെങ്കിൽപ്പോലും, നിന്ദയായി മാറും. ദുർബലമായ ഒരു ചെറുവിഭാഗം മാത്രമേ അവശേഷിക്കൂ.