ഏശയ്യാ 56
അധ്യായങ്ങൾ
എല്ലാവർക്കും രക്ഷ
1കർത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവർത്തിക്കുക. ഞാൻ രക്ഷ നൽകാൻ പോകുന്നു; എന്റെ നീതി വെളിപ്പെടും.
2ഇവ പാലിക്കുന്നവൻ, ഇവ മുറുകെപ്പിടിക്കുന്ന മർത്ത്യൻ, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും തിൻമ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവൻ, അനുഗൃഹീതൻ.
3കർത്താവ് തൻെറ ജനത്തിൽ നിന്ന് എന്നെതീർച്ചയായും അകറ്റിനിർത്തും എന്ന് അവിടുത്തോടു ചേർന്നു നിൽക്കുന്ന പരദേശിയോ, ഞാൻ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷൺഡനോ പറയാതിരിക്കട്ടെ!
4കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം അനുവർത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ഷൺഡൻമാർക്ക്
5ഞാൻ എന്റെ ആലയത്തിൽ, മതിലുകൾക്കുള്ളിൽ, പുത്രീപുത്രൻമാരെക്കാൾ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നൽകും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്.
6എന്നെ സേവിക്കാനും എന്റെ നാമത്തെ സ്നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേർന്നു നിൽക്കു കയും സാബത്ത് അശുദ്ധമാക്കാതെ ആച രിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന പരദേശികളെയും
7ഞാൻ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാർഥനാലയത്തിൽ അവർക്കു സന്തോഷം നൽകും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തിൽ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയമെന്ന് അറിയപ്പെടും.
8ഇസ്രായേലിൽനിന്ന് പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാൻ ശേഖരിക്കും.
നേതാക്കൻമാർക്കും താക്കീത്
9വയലിലെ മൃഗങ്ങളേ, വന്യമൃഗങ്ങളേ, വന്നു ഭക്ഷിക്കുവിൻ.
10എന്റെ ജനത്തിന്റെ കാവൽക്കാർ അന്ധരാണ്. അവർ ഒന്നും അറിയുന്നില്ല. അവർ മൂകരായ നായ്ക്കളാണ്; അവർക്കു കുരയ്ക്കാനാവില്ല. അവർ കിടന്നു സ്വപ്നം കാണുന്നു; നിദ്രാപ്രിയരാണവർ.
11ആർത്തിപിടിച്ച നായ്ക്കളാണവർ; അവർക്കു തൃപ്തിവരില്ല; ഇടയൻമാരും ഒന്നും അറിയുന്നില്ല. സ്വാർഥലാഭത്തിനുവേണ്ടി അവർ സ്വന്തം വഴി നോക്കുന്നു.
12അവർ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങൾ നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം.