Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 14

അധ്യായങ്ങൾ

ബാബിലോൺ രാജാവ്

1കർത്താവിനു യാക്കോബിൻെറ മേൽ കാരുണ്യം ഉണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും. വിദേശീയർ അവരോടു ചേർന്ന് യാക്കോബിൻെറ ഭവനത്തിൽ ലയിച്ചുചേരും.
2ജനതകൾ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേൽ കർത്താവിന്റെ ദേശത്ത് അവരെ ദാസീദാസൻമാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവർ അടിമകളാക്കും. തങ്ങളെ മർദിച്ചവരുടെമേൽ അവർ ഭരണം നടത്തും.
3കർത്താവ് നിന്റെ വേദനയും കഷ്ട തയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നൽകുമ്പോൾ
4ബാബിലോൺ രാജാവിനെ നീ ഇങ്ങനെ പരിഹ സിക്കും: മർദകൻ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദ്ധത്യം എങ്ങനെ നിലച്ചു!
5കർത്താവ് ദുഷ്ടൻെറ ദൺഡ് തകർത്തിരിക്കുന്നു.
6കോപാവേശത്താൽ ജനതകളെ നിരന്തരം പ്രഹരിക്കുകയും മർദനഭരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന അധികാരികളുടെ ചെങ്കോൽ അവിടുന്ന് തകർത്തിരിക്കുന്നു. ഭൂമി മുഴുവൻ ശാന്തമായി വിശ്രമിക്കുന്നു.
7അവർ ഗാനമാലപിച്ച് ഉല്ലസിക്കുന്നു.
8സരളമരങ്ങളും ലബനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു പറയുന്നു: നീ വീണുപോയതുകൊണ്ട് ആരും ഞങ്ങളെ വെട്ടിവീഴ്ത്താൻ വരുന്നില്ല.
9നീ ചെല്ലുമ്പോൾ സ്വീകരിക്കാൻ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതം ചെയ്യാൻ അതു ഭൂമിയിൽ അധിപൻമാരായിരുന്നവരുടെ പ്രേതങ്ങളെ ഉണർത്തുന്നു. ജനതകളുടെ രാജാക്കൻമാരായിരുന്നവരെ അതു സിംഹാസനങ്ങളിൽ നിന്ന് എഴുന്നേൽപിക്കുന്നു.
10അവർ നിന്നോട്, നീയും ഞങ്ങളെപ്പോലെ ബലഹീനനായി, നീയും ഞങ്ങൾക്കു തുല്യനായിരിക്കുന്നു, എന്നുപറയും.
11നിന്റെ പ്രതാപവും വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. കീടങ്ങളാണു നിന്റെ കിടക്ക. പുഴുക്കളാണു നിന്റെ പുതപ്പ്.
12ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയിൽ വെട്ടിവീഴ്ത്തി!
13നീ തന്നത്താൻ പറഞ്ഞു: ഞാൻ സ്വർഗത്തിലേക്കു കയറും. ഉന്നതത്തിൽ ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുപരി എന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിർത്തിയിലെ സമാഗമപർവതത്തിന്റെ മുകളിൽ ഞാനിരിക്കും;
14ഉന്നതമായ മേഘങ്ങൾക്കു മീതേ ഞാൻ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആ കും.
15എന്നാൽ, നീ പാതാളത്തിന്റെ അഗാധഗർത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
16നിന്നെ കാണുന്നവർ തുറിച്ചുനോക്കി ചിന്തിക്കും:
17ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്റെ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്കു വിടാതിരിക്കുകയും ചെയ്തത് ഇവൻ തന്നെയല്ലേ?
18ജനതകളുടെ രാജാക്കൻമാർ താന്താങ്ങളുടെ ശവകുടീരങ്ങളിൽ മഹത്വത്തോടെ നിദ്രകൊള്ളുന്നു.
19നീയാകട്ടെ, ശവകുടീരത്തിൽ നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നു; വാളിനിരയായി പാതാളഗർത്തത്തിലെ കല്ലുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നവരാൽ ചുറ്റപ്പെട്ട്, നിന്ദ്യമായ അകാല മുളയെന്നപോലെ, ചവിട്ടിയരയ്ക്കപ്പെട്ട മൃതശരീരമെന്നപോലെ നീ കിടക്കുന്നു.
20സ്വന്തം ദേശം നശിപ്പിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത നീ അവരോടുകൂടെ സംസ്കരിക്കപ്പെടുകയില്ല. തിൻമ പ്രവർത്തിക്കുന്നവരുടെ പിൻഗാമികളുടെ പേര് നിലനിൽക്കാതിരിക്കട്ടെ!
21പിതാക്കൻമാരുടെ അകൃത്യം നിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവർ എഴുന്നേറ്റ് ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങൾകൊണ്ട് നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.
22സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അവർക്കെതിരായി എഴുന്നേറ്റ് ബാബിലോണിൽ നിന്ന്, അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിൻതലമുറകളെയും വിച്ഛേദിക്കും.
23ഞാൻ അതിനെ മുള്ളൻ പന്നിയുടെ ആസ്ഥാനവും നീർപ്പൊയ്കകളും ആക്കും. നാശത്തിന്റെ ചൂലുകൊണ്ടു ഞാനതിനെ തൂത്തുകളയും. സൈന്യങ്ങളുടെ കർത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.

അസ്സീറിയായ്ക്കെതിരേ

24സൈന്യങ്ങളുടെ കർത്താവ് ശപഥം ചെയ്തിരിക്കുന്നു: ഞാൻ തീരുമാനിച്ചതുപോലെ സംഭവിക്കും.
25ഞാൻ നിശ്ചയിച്ചതു നിറവേറും. എന്റെ ദേശത്തുള്ള അസ്സീറിയാക്കാരനെ ഞാൻ തകർക്കും; എന്റെ പർവതത്തിൽ ഞാൻ അവനെ ചവിട്ടി മെതിക്കും. അവന്റെ നുകം അവരിൽ നിന്നു നീങ്ങിപ്പോകും; അവരുടെ തോളിൽ നിന്ന് അവന്റെ ഭാരവും.
26ഭൂമി മുഴുവനെയും സംബന്ധിക്കുന്ന നിശ്ചയമാണിത്. എല്ലാ ജനതകളുടെയുംമേൽ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്.
27എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവാണ് ഇതു നിശ്ചയിച്ചത്. ആർക്ക് അതിനെ ദുർബലമാക്കാൻ കഴിയും? അവിടുന്ന് കരംനീട്ടിയിരിക്കുന്നു. ആർക്ക് അതിനെ പിൻതിരിപ്പിക്കാൻ കഴിയും?

ഫിലിസ്ത്യർക്കെതിരേ

28ആഹാസ് രാജാവ് മരിച്ചവർഷം ഉണ്ടായ അരുളപ്പാട്:
29ഫിലിസ്ത്യരേ, നിങ്ങളെ പ്രഹരിച്ചവടി തകർക്കപ്പെട്ടതുകൊണ്ട് സന്തോഷിക്കേണ്ടാ. സർപ്പത്തിന്റെ വേരിൽ നിന്ന് ഒരു അണലി പുറത്തു വരും. അതിന്റെ ഫലമാകട്ടെ പറക്കുന്ന സർപ്പമായിരിക്കും.
30ദരിദ്രരുടെ ആദ്യജാതർക്കു ഭക്ഷണം ലഭിക്കും, പാവപ്പെട്ടവൻ സുരക്ഷിതനായി ഉറങ്ങും. എന്നാൽ, നിന്റെ വേരിനെ ഞാൻ ക്ഷാമം കൊണ്ടു വധിക്കും, നിന്നിൽ അവശേഷിക്കുന്നവനെ ഞാൻ കൊല്ലും.
31കവാടമേ, വിലപിക്കുക; നഗരമേ, കരയുക. ഫിലിസ്ത്യരേ, നിങ്ങൾ എല്ലാവരും ഭയംകൊണ്ട് ഉരുകുവിൻ. വടക്കുനിന്ന് ഒരു ധൂമപടലം ഉയരുന്നു. സൈന്യത്തിൽനിന്ന് ആരും ഒഴിഞ്ഞുമാറുന്നില്ല.
32ജനതകളുടെ ദൂതൻമാർക്കു കിട്ടുന്ന മറുപടി എന്തായിരിക്കും? കർത്താവ് സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയം കണ്ടെത്തും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്