ഏശയ്യാ 36
അധ്യായങ്ങൾ
സെന്നാക്കെരിബിൻെറ ആക്രമണം
1ഹെസക്കിയാരാജാവിൻെറ പതിന്നാലാം ഭരണവർഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ് യൂദായിലെ സുരക്ഷിത നഗരങ്ങളെല്ലാം ആക്രമിച്ചു പിടിച്ചടക്കി.
2അസ്സീറിയാരാജാവ് ലാഖിഷിൽനിന്ന് റബ്ഷക്കെയെ ഒരു വലിയ സൈന്യത്തോടൊപ്പം ജറുസലെമിൽ ഹെസക്കിയാരാജാവിൻെറ നേർക്ക് അയച്ചു. അവൻ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിലുള്ള മേൽക്കളത്തിൻെറ ചാലിനരികെ നിലയുറപ്പിച്ചു.
3അപ്പോൾ, അവന്റെ അടുത്തേക്കു ഹിൽക്കിയായുടെ പുത്രനായ എലിയാക്കിം എന്ന കൊട്ടാരം വിചാരിപ്പുകാരനും ഷെബ് നാ എന്ന കാര്യവിചാരകനും ആസാഫിന്റെ പുത്രനായ യോവാഹ് എന്ന ദിനവൃത്താന്തലേഖകനും ചെന്നു.
4റബ്ഷക്കെ അവരോടു പറഞ്ഞു: ഹെസക്കിയായോടു പറയുക, മഹാനായ അസ്സീറിയാ രാജാവ് പറയുന്നു, നിന്റെ ആത്മധൈര്യത്തിന്റെ അടിസ്ഥാനം എന്ത്?
5വെറും വാക്ക്യുദ്ധതന്ത്രവുംയുദ്ധത്തിൻെറ ശക്തിയും ആകുമെന്നു നീ വിചാരിക്കുന്നുവോ? എന്നെ എതിർക്കാൻ തക്കവിധം നീ ആരിലാണ് ആശ്രയിക്കുന്നത്?
6ഈജിപ്തിനെയാണ് നീ ഇപ്പോൾ ആശ്രയിക്കുന്നത്. ഊന്നിനടക്കുന്നവൻെറ ഉള്ളങ്കൈയിൽ തുളച്ചുകയറുന്ന പൊട്ടിയ ഓടത്തണ്ടിനു തുല്യമാണത്. ഈജിപ്തുരാജാവായ ഫറവോ തന്നെ ആശ്രയിക്കുന്നവന് അത്തരത്തിലുള്ളവനാണ്.
7ഞങ്ങളുടെ ദൈവമായ കർത്താവിലാണു ഞങ്ങൾ ആശ്രയിക്കുന്നത് എന്നു നീ എന്നോടു പറഞ്ഞാൽ, നിങ്ങൾ ഈ ബലിപീഠത്തിനു മുൻപിൽ മാത്രം ആരാധന നടത്തിയാൽ മതി എന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ട് അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ ഹെസക്കിയാ നശിപ്പിച്ചത്?
8എന്റെ യജമാനനായ അസ്സീറിയാരാജാവുമായി പന്തയംവയ്ക്കുക. നിനക്കുവേണ്ടത്ര കുതിരപ്പടയാളികൾ ഉണ്ടെങ്കിൽ ഞാൻ രണ്ടായിരം കുതിരകളെ തരാം.
9രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക് എന്റെ യജമാനൻെറ ഏറ്റവും ചെറിയ ദാസൻമാരിൽപ്പെട്ട ഒരു സേനാനായകനെയെങ്കിലും തിരിച്ചോടിക്കാൻ കഴിയുമോ?
10കർത്താവിന്റെ സഹായമില്ലാതെയാണോ ഈ ദേശത്തെനശിപ്പിക്കാൻവേണ്ടി ഞാൻ പുറപ്പെട്ടിരിക്കുന്നത്? കർത്താവ് എന്നോട് അരുളിച്ചെയ്തു: ഈ ദേശത്തിനു നേരേ ചെന്ന് അതിനെ നശിപ്പിക്കുക.
11അപ്പോൾ, എലിയാക്കിമും ഷെബ്നായും യോവാഹുംകൂടി റബ്ഷക്കെയോടു പറഞ്ഞു: നിന്റെ ദാസൻമാരോടു ദയവായി അരമായഭാഷയിൽ സംസാരിക്കുക; ഞങ്ങൾക്ക് അതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേൾക്കേ ഞങ്ങളോടു ഹെബ്രായഭാഷയിൽ സംസാരിക്കരുത്.
12റബ്ഷക്കെ മറുപടി പറഞ്ഞു: സ്വന്തം വിസർജനവസ്തുക്കൾ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്ന കോട്ടയുടെ മുകളിലിരിക്കുന്ന ജനത്തോടല്ലാതെ നിന്നോടും നിന്റെ യജമാനനോടും ഈ വാക്കുകൾ പറയാനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്?
13അനന്തരം റബ്ഷക്കെ എഴുന്നേറ്റു നിന്ന് ഹെബ്രായഭാഷയിൽ ഉറക്കെവിളിച്ചുപറഞ്ഞു: മഹാനായ അസ്സീറിയാരാജാവിൻെറ വാക്കുകൾ ശ്രവിച്ചാലും.
14രാജാവ് പറയുന്നു: ഹെസക്കിയ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! നിങ്ങളെ രക്ഷിക്കാൻ അവനു കഴിയുകയില്ല.
15നിശ്ചയമായും കർത്താവ് നമ്മെ രക്ഷിക്കും; ഈ നഗരം അസ്സീറിയാരാജാവിൻെറ പിടിയിൽ അമരുകയില്ല എന്നു പറഞ്ഞ് കർത്താവിൽ ആശ്രയിക്കാൻ ഹെസക്കിയാ നിങ്ങൾക്ക് ഇടയാക്കാതിരിക്കട്ടെ! നിങ്ങൾ ഹെസക്കിയായുടെ വാക്കു ശ്രദ്ധിക്കരുത്.
16അസ്സീറിയാരാജാവു പറയുന്നു: സമാധാന ഉടമ്പടി ചെയ്ത് നിങ്ങൾ എന്റെ അടുത്തുവരുവിൻ. അപ്പോൾ, നിങ്ങൾക്കു സ്വന്തം മുന്തിരിയിൽനിന്നും അത്തിവൃക്ഷത്തിൽനിന്നും ഭക്ഷിക്കുന്നതിനും സ്വന്തം തൊട്ടിയിൽനിന്നു കുടിക്കുന്നതിനും ഇടവരും.
17ഞാൻ വന്നു നിങ്ങളുടേതുപോലുള്ള ഒരു നാട്ടിലേക്ക്, ധാന്യങ്ങളുടെയും വീഞ്ഞിന്റെയും നാട്ടിലേക്ക്, നിങ്ങളെ കൊണ്ടുപോകുന്നതുവരെ നിങ്ങൾ അങ്ങനെ കഴിയും.
18കർത്താവ് നമ്മെ രക്ഷിക്കും എന്നു പറഞ്ഞ് ഹെസക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഏതെങ്കിലും ജനതയുടെ ദേവൻ അസ്സീറിയാരാജാവിൻെറ കൈയിൽനിന്നു സ്വന്തം ജനത്തെ രക്ഷിച്ചിട്ടുണ്ടോ?
19ഹാമാത്തിൻെറയും അർപ്പാദിൻെറയും ദേവൻമാർ എവിടെ? സെഫാർവയിമിൻെറ ദേവൻമാർ എവിടെ? സമരിയായെ എന്റെ കൈയിൽനിന്നു മോചിപ്പിക്കാൻ അവർക്കു സാധിച്ചോ?
20ഈ രാജ്യങ്ങളിലെ ദേവൻമാരിൽ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ പിടിയിൽ നിന്നു മോചിപ്പിച്ചിട്ടുള്ളത്? ജറുസലെമിനെ എന്റെ കൈയിൽ നിന്നു കർത്താവ് രക്ഷിക്കുമെന്നു പിന്നെ എങ്ങനെ കരുതാം?
21ജനം അവനോടു മറുപടിയൊന്നും പറഞ്ഞില്ല. എന്തെന്നാൽ, അവരോടു മറുപടി പറയരുതെന്ന് രാജാവു കൽപിച്ചിരുന്നു.
22അപ്പോൾ ഹിൽക്കിയായുടെ പുത്രനും കൊട്ടാരം വിചാരിപ്പുകാരനുമായ എലിയാക്കിമും കാര്യവിചാരകനായ ഷെബ്നായും ആസാഫിന്റെ പുത്രനും ദിനവൃത്താന്തലേഖകനു മായ യോവാബും ഹെസക്കിയായുടെ അടുത്തു മടങ്ങിവന്ന് വസ്ത്രം കീറിക്കൊണ്ടു റബ്ഷക്കെയുടെ വാക്കുകൾ അറിയിച്ചു.