ഏശയ്യാ 25
അധ്യായങ്ങൾ
കൃതജ്ഞതാഗീതം
1കർത്താവേ, അങ്ങാണ് എന്റെ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തുകയും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്ത വും സത്യസന്ധവുമായവൻകാര്യങ്ങൾ അങ്ങ് നിറവേറ്റിയിരിക്കുന്നു.
2അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി, സുരക്ഷിത നഗരത്തെ ശൂന്യമാക്കി, വിദേശികളുടെ കോട്ടകൾ നഗരമല്ലാതായി. അത് ഇനിമേൽ പണിതുയർത്തുകയില്ല.
3അതിനാൽ, പ്രബലജന തകൾ അങ്ങയെ മഹത്വപ്പെടുത്തും; നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും.
4അങ്ങ് പാവപ്പെട്ടവർക്കു കോട്ടയും ദരിദ്രൻെറ കഷ്ടതകളിൽ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററിൽ ശക്തിദുർഗവും കൊടുംവെയിലിൽ തണലും. നീചൻ കോട്ടയ്ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്.
5മണലാരണ്യത്തിലെ ഉഷ്ണക്കാറ്റുപോലെ, വിദേശികളുടെ ആക്രോശം അങ്ങ് അടക്കുന്നു. മേഘത്തിൻെറ തണൽ വെയിൽ മറയ്ക്കുന്നതുപോലെ ക്രൂരൻമാരുടെ വിജയഗാനം അങ്ങ് ഇല്ലാതാക്കുന്നു.
കർത്താവിൻെറ വിരുന്ന്
6ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി സൈന്യങ്ങളുടെ കർത്താവ് ഒരു വിരുന്നൊരുക്കും- മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേൽത്തരം വീഞ്ഞുമുള്ള വിരുന്ന്.
7സർവജനതകളെയും മറച്ചിരിക്കുന്ന ആവ രണം - ജനതകളുടെമേൽ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പർവതത്തിൽവച്ച് അവിടുന്ന് നീക്കിക്കളയും.
8അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീർ അവിടുന്ന് തുടച്ചുമാറ്റും; തൻെറ ജനത്തിന്റെ അവമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കർത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
9അന്ന് ഇങ്ങനെ പറയുന്നതു കേൾക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അർപ്പിച്ച ദൈവം. ഇതാ കർത്താവ്! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടുന്ന് നൽകുന്ന രക്ഷയിൽ നമുക്കു സന്തോഷിച്ചുല്ലസിക്കാം.
10കർത്താവിന്റെ കരം ഈ പർവതത്തിൽവിശ്രമിക്കും. ചാണകക്കുഴിയിൽ വൈക്കോൽ എന്നപോലെ മൊവാബ് അവിടെ ചവിട്ടിമെതിക്കപ്പെടും.
11നീന്തൽക്കാരൻ നീന്താൻ കൈ വിരിക്കുന്നതുപോലെ അവൻ അതിന്റെ മധ്യത്തിൽനിന്നു കൈനീട്ടും. എന്നാൽ, കർത്താവ് അവന്റെ അഹങ്കാരവും കരങ്ങളുടെ സാമർഥ്യവും ഒന്നുപോലെ നശിപ്പിക്കും.
12അവന്റെ ഉന്നതമായ കോട്ടകളെ അവിടുന്നു തകർത്തു താഴെയിട്ട് പൊടിയാക്കിക്കളയും.