ഏശയ്യാ 6
അധ്യായങ്ങൾ
ഏശയ്യായുടെ ദൗത്യം
1ഉസിയാരാജാവു മരിച്ചവർഷം കർത്താവ് ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവൻ നിറഞ്ഞുനിന്നു.
2അവിടുത്തെ ചുററും സെ റാഫുകൾ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകൾവീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകൾകൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകൾ പറക്കാനുള്ളവയായിരുന്നു.
3അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.
4അവയുടെ ശബ്ദഘോഷത്താൽ പൂമുഖത്തിൻെറ അടിസ്ഥാനങ്ങൾ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.
5ഞാൻ പറഞ്ഞു: എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ, ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധേ്യ വസിക്കുന്നവനുമാണ്. എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവായരാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു.
6അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽനിന്ന് കൊടിൽകൊണ്ട് എടുത്ത ഒരു തീക്കനലുമായി എൻെറയടുത്തേക്കു പറന്നു വന്നു.
7അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.
8അതിനുശേഷം കർത്താവ് അരുളിച്ചെയ്യുന്നതു ഞാൻ കേട്ടു: ആരെയാണ് ഞാൻ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ ! എന്നെ അയച്ചാലും!
9അവിടുന്ന് അരുളിച്ചെയ്തു: പോവുക, ഈ ജനത്തോടു പറയുക, നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും, മനസ്സിലാക്കുകയില്ല; നിങ്ങൾ വീണ്ടും വീണ്ടും കാണും, ഗ്രഹിക്കുകയില്ല.
10അവർ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ട തിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക.
11കർത്താവേ, ഇത് എത്രനാളത്തേക്ക് എന്നു ഞാൻ ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നഗരങ്ങൾ ജനവാസമില്ലാതെയും ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവൻ വിജനമായിത്തീരുന്നതുവരെ.
12കർത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിന്റെ മധ്യത്തിൽ നിർജനപ്രദേശങ്ങൾ ധാരാളമാവുകയും ചെയ്യുന്നതുവരെ.
13അതിൽ ഒരു ദശാംശമെങ്കിലും അവശേഷിച്ചാൽ അവ വീണ്ടും അഗ്നിക്കിരയാകും. ടർപ്പെൻൈറ ൻവൃക്ഷമോ, കരുവേലകമോ വെട്ടിയാൽ അതിന്റെ കുറ്റിനിൽക്കുന്നതുപോലെ അത് അവശേഷിക്കും. ഈ കുറ്റി ഒരു വിശുദ്ധബീജം ആയിരിക്കും.