ഏശയ്യാ 31
അധ്യായങ്ങൾ
ജറുസലെമിന് സംരക്ഷണം
1കർത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടി ഉയർത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും, കുതിരയിൽ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർക്കു ദുരിതം!
2അവിടുന്ന് ജ്ഞാനിയും നാശം വരുത്തുന്നവനും ആണ്; അവിടുന്ന് തൻെറ വാക്കു പിൻവലിക്കുകയില്ല. തിൻമ പ്രവർത്തിക്കുന്നവരുടെ ഭവനങ്ങൾക്കെതിരായും അനീതി പ്രവർത്തിക്കുന്നവരെ സഹായിക്കുന്നവർക്കെതിരായും അവിടുന്ന് എഴുന്നേല്ക്കും.
3ഈജിപ്തുകാർ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകൾ ജഡമാണ്, ആത്മാവല്ല. കർത്താവ് കരമുയർത്തുമ്പോൾ, സഹായകൻ ഇടറുകയും സഹായിക്കപ്പട്ടവൻ വീഴുകയും അവർ ഒരുമിച്ചു നശിക്കുകയും ചെയ്യും.
4കർത്താവ് എന്നോട് അരുളിച്ചെയ്തു:സിംഹമോ സിംഹക്കുട്ടിയോ ഇരയുടെ നേരേ മുരളുമ്പോൾ ഒരുകൂട്ടം ഇടയൻമാർ അതിനെതിരേ ചെന്നാലും അവർ ഒച്ചവയ്ക്കുന്നതു കേട്ട് അവ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യാത്തതു പോലെ, സൈന്യങ്ങളുടെ കർത്താവ്യുദ്ധം ചെയ്യാൻ സീയോൻപർവതത്തിലും അതിന്റെ കുന്നുകളിലും ഇറങ്ങിവരും.
5പക്ഷി ചിറകിൻ കീഴിലെന്നപോലെ സൈന്യങ്ങളുടെ കർത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നൽകി ജീവൻ പരിപാലിക്കുകയും ചെയ്യും.
6ഇസ്രായേൽ ജനമേ, നിങ്ങൾ കഠിനമായി മത്സരിച്ച് ഉപേക്ഷിച്ചവൻെറ അടുത്തേക്ക് തിരിച്ചു ചെല്ലുവിൻ.
7അന്നു നിങ്ങൾ സ്വന്തം കരംകൊണ്ട് പാപകരമായി പൊന്നും വെള്ളിയും കൊണ്ടു നിർമിച്ചവിഗ്രഹങ്ങളെ വലിച്ചെറിയും.
8അസ്സീറിയാ മനുഷ്യൻേറതല്ലാത്ത ഒരു വാൾ കൊണ്ടു വീഴും. മനുഷ്യൻേറതല്ലാത്ത ഒരു വാൾ അവനെ സംഹരിക്കും. അവൻ വാളിൽ നിന്ന് ഓടിപ്പോകും.
9അവന്റെ യുവാക്കൻമാർ അടിമകളാകും. അവൻ തൻെറ അഭയശില വിട്ട് ഭീതിയോടെ ഓടിപ്പോകും. അവന്റെ സേവകൻമാർ പതാകയുമുപേക്ഷിച്ച് സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനിൽ അഗ്നി ജ്വലിപ്പിക്കുകയും ജറുസലെമിൽ ആഴി കൂട്ടുകയും ചെയ്ത കർത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.