സംഖ്യ 36
അധ്യായങ്ങൾ
വിവാഹിതയുടെ അവകാശം
1ജോസഫിന്റെ ഗോത്രത്തിൽ മനാസ്സെയുടെ മകനായ മാഖീറിൻെറ മകൻ ഗിലയാദിൻെറ കുടുംബത്തലവൻമാർ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠൻമാരുടെയും മുമ്പാകെ വന്നു പറഞ്ഞു :
2ഇസ്രായേൽജനത്തിനു ദേശം കുറിയിട്ട് അവകാശമായി കൊടുക്കാൻ കർത്താവ് അങ്ങയോടു കൽപിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിൻെറ അവ കാശം അവന്റെ പുത്രിമാർക്കു കൊടുക്കാനും കർത്താവ് അങ്ങയോടു കൽപിച്ചു:
3എന്നാൽ, അവർ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിൽ പെട്ടവരുമായി വിവാഹിതരായാൽ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കൻമാരുടെ അവകാശത്തിൽനിന്നു കൈമാറി അവർ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അതു ഞങ്ങളുടെ അവകാശത്തിൽനിന്നു നീക്കംചെയ്യപ്പെടും.
4ഇസ്രായേൽ ജനത്തിന്റെ ജൂബിലി വരുമ്പോൾ അവരുടെ ഓഹരി അവർ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോവുകയും ചെയ്യും.
5കർത്താവിന്റെ വചനപ്രകാരം മോശ ഇസ്രായേൽ ജനത്തോടു പറഞ്ഞു: ജോസഫിന്റെ പുത്രൻമാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.
6കർത്താവു സെലോഫഹാദിൻെറ പുത്രിമാരെക്കുറിച്ചു കൽപിക്കുന്നത് ഇതാണ്: തങ്ങൾക്കിഷ്ടമുള്ളവരുമായി അവർക്കു വിവാഹബന്ധമാകാം. എന്നാൽ, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളിൽനിന്നു മാത്രമായിരിക്കണം.
7ഇസ്രായേൽ ജനത്തിന്റെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരിൽ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം.
8ഇസ്രായേൽജനത്തിൽ ഓരോരുത്തരും താന്താങ്ങളുടെ പിതാക്കൻമാരുടെ അവകാശം നിലനിർത്തേണ്ടതിന് ഇസ്രായേൽ ജനത്തിന്റെ ഏതെങ്കിലും ഗോത്രത്തിൽ അവകാശമുള്ള സ്ത്രീ സ്വന്തം പിതൃഗോത്രത്തിലെ കുടുംബത്തിൽ ഒരാളുടെ ഭാര്യയാകണം.
9അങ്ങനെ ചെയ്താൽ, അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറുകയില്ല. ഇസ്രായേൽ ജനത്തിന്റെ ഗോത്രങ്ങളിൽ ഓരോന്നും സ്വന്തം അവകാശത്തോടു ബന്ധപ്പെട്ടിരിക്കും.
10സെലോഫഹാദിൻെറ പുത്രിമാർ കർത്താവു മോശയോടു കൽപിച്ചതുപോലെ ചെയ്തു.
11മഹ്ലാ, തിർസാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവരായിരുന്നു സെലോഫഹാദിൻെറ പുത്രിമാർ. അവർ തങ്ങളുടെ പിതൃസഹോദരൻമാരുടെ പുത്രൻമാർക്കു ഭാര്യമാരായി.
12ജോസഫിന്റെ മകനായ മനാസ്സെയുടെ പുത്രൻമാരുടെ കുടുംബങ്ങളിൽത്തന്നെ അവർ വിവാഹിതരാവുകയും അവരുടെ ഓഹരി പിതൃകുടുംബത്തിന്റെ ഗോത്രത്തിൽത്തന്നെ നിലനിൽക്കുകയും ചെയ്തു.
13ഇവയാണ് ജറീക്കോയുടെ എതിർവശത്ത്, ജോർദാനു സമീപം, മൊവാബു സമതലത്തിൽവച്ചു കർത്താവു മോശ വഴി ഇസ്രായേൽജനത്തിനു നൽകിയ നിയമങ്ങളും ചട്ടങ്ങളും.