സംഖ്യ 15
അധ്യായങ്ങൾ
കർത്താവിനുള്ള കാഴ്ചകൾ
1കർത്താവ് മോശയോട് അരുളിച്ചെയ്തു:
2ഇസ്രായേൽജനത്തോടു പറയുക,
3നിങ്ങൾക്ക് അധിവസിക്കാൻ ഞാൻ തരുന്നദേശത്തു നേർച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിർദിഷ്ടമായ തിരുനാളുകളിൽ അർച്ചനയോ ആയി, കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്നതിനു കന്നുകാലികളിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങൾ അർപ്പിക്കുമ്പോൾ,
4വഴിപാടു കൊണ്ടുവരുന്ന ആൾ നാലിലൊന്നു ഹിൻ എണ്ണ ചേർത്ത പത്തിലൊന്ന് എഫാ നേരിയ മാവു ധാന്യബലിയായി കൊണ്ടുവരണം.
5ദഹനബലിയോടും മറ്റു ബലികളോടുമൊപ്പം അർപ്പിക്കേണ്ട ബലിക്ക് ആട്ടിൻകുട്ടി ഒന്നിനു നാലിലൊന്നു ഹിൻ വീഞ്ഞു വീതം തയ്യാറാക്കണം.
6മുട്ടാടാണെങ്കിൽ പത്തിൽ രണ്ട് എഫാ നേരിയ മാവിൽ മൂന്നിലൊന്നു ഹിൻ എണ്ണ ചേർത്തു ധാന്യബലി തയ്യാറാക്കണം.
7പാനീയബലിക്കു മൂന്നിലൊന്നു ഹിൻ വീഞ്ഞു സൗരഭ്യമായി കർത്താവിന് അർപ്പിക്കണം.
8കർത്താവിനു നേർച്ചയോ സമാധാന ബലിയോ സമർപ്പിക്കാനായി ഒരു കാളയെ ദഹനബലിയോ മറ്റു ബലിയോ ആയി ഒരുക്കുമ്പോൾ
9അര ഹിൻ എണ്ണ ചേർത്ത, പത്തിൽ മൂന്ന് എഫാ നേരിയ മാവു ധാന്യ ബലിയായി അർപ്പിക്കണം.
10ദഹനബലിയോടൊപ്പം കർത്താവിന്റെ മുമ്പിൽ പരിമളം പരത്താനായി അര ഹിൻ വീഞ്ഞു പാനീയബലിയായും അർപ്പിക്കണം.
11കാളക്കുട്ടി, മുട്ടാട്, ആട്ടിൻകുട്ടി, കോലാട്ടിൻകുട്ടി ഇവയിലേതായാലും ഇപ്രകാരംതന്നെ ചെയ്യണം.
12അർപ്പിക്കുന്ന ബലിമൃഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോന്നിനും ഇങ്ങനെ ചെയ്യണം.
13സ്വദേശികൾ കർത്താവിനു സുഗന്ധവാഹിയായ ദഹനബലി അർപ്പിക്കുമ്പോൾ ഇങ്ങനെതന്നെ അനുഷ്ഠിക്കണം.
14തത്കാലത്തേക്കു നിങ്ങളുടെ കൂടെ താമസിക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരതാമസമാക്കിയ ഒരുവനോ കർത്താവിനു സുഗന്ധവാഹിയായ ദഹനബലി അർപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവനും ചെയ്യണം.
15സമൂഹത്തിനു മുഴുവൻ, നിങ്ങൾക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികൾക്കും എക്കാലവും ഒരേ നിയമം ആയിരിക്കും. നിങ്ങളും പരദേശികളും, കർത്താവിന്റെ മുമ്പിൽ ഒന്നുപോലെതന്നെ.
16നിങ്ങൾക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികൾക്കും ഒരേ നിയമവും ചട്ടവും ആയിരിക്കണം.
17കർത്താവ് മോശയോട് അരുളിച്ചെയ്തു:
18ഇസ്രായേൽജനത്തോടു പറയുക: ഞാൻ കൊണ്ടുപോകുന്ന നാട്ടിൽ എത്തിക്കഴിഞ്ഞ്
19അവിടെനിന്ന് ആഹാരം കഴിക്കുമ്പോൾ നിങ്ങൾ കർത്താവിനു കാഴ്ചയർപ്പിക്കണം.
20ആദ്യം കുഴയ്ക്കുന്ന മാവുകൊണ്ട് ഒരപ്പം ഉണ്ടാക്കി കർത്താവിനു കാഴ്ചയായി സമർപ്പിക്കണം. മെതിക്കളത്തിൽനിന്നുള്ള സമർപ്പണംപോലെ അതും നീരാജനം ചെയ്യണം.
21ആദ്യം കുഴയ്ക്കുന്ന മാവിൽനിന്നു തലമുറതോറും നിങ്ങൾ കർത്താവിനു കാഴ്ച സമർപ്പിക്കണം.
22കർത്താവ് മോശവഴി നൽകിയ കൽപ നയ്ക്കെതിരായി അന്നുമുതൽ
23നിങ്ങളും നിങ്ങളുടെ സന്താനങ്ങളും
24സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാതെ അബദ്ധവശാൽതെറ്റു ചെയ്യാൻ ഇടയായാൽ, സമൂഹം മുഴുവനുംകൂടി ഒരു കാളക്കുട്ടിയെ കർത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അർപ്പിക്കണം. അതോടൊപ്പം വിധിപ്രകാരം ധാന്യബലിയും പാനീയബലിയും അർപ്പിക്കണം. പാപപരിഹാരബലിയായി ഒരു മുട്ടാടിനെയും അർപ്പിക്കണം.
25പുരോഹിതൻ ഇസ്രായേൽ സമൂഹം മുഴുവനും വേണ്ടി പരിഹാരം ചെയ്യണം. അപ്പോൾ അവർക്കു മോചനം ലഭിക്കും. കാരണം, അബദ്ധത്തിൽ പിണഞ്ഞതെറ്റാണത്. അതിന് അവർ കർത്താവിനു ദഹന ബലിയും പാപപരിഹാര ബലിയും സമർപ്പിച്ചു.
26ഇസ്രായേൽ സമൂഹത്തിനും അവരുടെ ഇടയിലെ വിദേശികൾക്കും മോചനം ലഭിക്കും; ജനങ്ങളെല്ലാം തെറ്റിൽ ആയിരുന്നല്ലോ.
27ഒരാൾ അറിയാതെ തെറ്റു ചെയ്തുപോയാൽ അവൻ പാപപരിഹാരബലിയായി ഒരു വയസ്സുള്ള പെണ്ണാടിനെ കാഴ്ചവയ്ക്കണം.
28മനഃപൂർവമല്ലാത്ത തെറ്റിനു പുരോഹിതൻ കർത്തൃസന്നിധിയിൽ പരിഹാരമനുഷ്ഠിക്കട്ടെ. അവനു മോചനം ലഭിക്കും.
29അറിയാതെ ചെയ്യുന്ന തെറ്റിന് ഇസ്രായേൽക്കാരനും അവരുടെയിടയിൽ വസിക്കുന്ന വിദേശിക്കും ഒരേ നിയമംതന്നെയാണ്.
30കരുതിക്കൂട്ടിതെറ്റു ചെയ്യുന്ന സ്വദേശിയും വിദേശിയും കർത്താവിനെ അധിക്ഷേപിക്കുന്നു. അവനെ ജനത്തിൽനിന്നു വിച്ഛേദിക്കണം.
31അവൻ കർത്താവിന്റെ വചനത്തെനിന്ദിക്കുകയും അവിടുത്തെ കൽപന ലംഘിക്കുകയും ചെയ്തതുകൊണ്ട് അവനെ തീർത്തും പുറന്തള്ളണം. സ്വന്തം അകൃത്യത്തിന്റെ ഫലം അവൻ അനുഭവിക്കണം.
സാബത്തു ലംഘനം
32ഇസ്രായേൽജനം മരുഭൂമിയിൽ കഴിഞ്ഞിരുന്ന കാലത്ത് ഒരാൾ സാബത്തു നാളിൽ വിറകു ശേഖരിച്ചു.
33അതു കണ്ടവർ അവനെ സമൂഹത്തിന്റെ മുമ്പിൽ മോശയുടെയും അഹറോന്റെയും അടുത്തു കൊണ്ടുവന്നു.
34എന്തു ചെയ്യണമെന്നു വ്യക്തമാകാതിരുന്നതുമൂലം അവർ അവനെ തടവിൽ വച്ചു.
35അപ്പോൾ കർത്താവു മോശയോട് അരുളിച്ചെയ്തു: ആ മനുഷ്യൻ വധിക്കപ്പെടണം. പാളയത്തിനു പുറത്തുവച്ച് ജനം ഒന്നു ചേർന്ന് അവനെ കല്ലെറിയട്ടെ.
36കർത്താവു കൽപിച്ചതുപോലെ ജനം പാളയത്തിനു വെളിയിൽവച്ച് അവനെ കല്ലെറിഞ്ഞുകൊന്നു.
37കർത്താവു മോശയോട് അരുളിച്ചെയ്തു:
38എക്കാലവും തങ്ങളുടെ വസ്ത്രത്തിന്റെ വിളുമ്പുകളിൽ തൊങ്ങലുകൾ പിടിപ്പിക്കാനും തൊങ്ങലുകളിൽ നീല നാടകൾകെട്ടാനും ഇസ്രായേല്യരോടു കൽപിക്കുക.
39ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്വനുസരിച്ചുയഥേഷ്ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചെല്ലാതെ കർത്താവിന്റെ കൽപനകളെല്ലാം ഓർത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും.
40അങ്ങനെ നിങ്ങൾ എന്റെ കൽപനകൾ ഓർത്ത് അനുഷ്ഠിക്കുകയും നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ വിശുദ്ധരായിരിക്കുകയും വേണം.
41നിങ്ങളുടെദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കർത്താവാണു ഞാൻ. ഞാനാണു നിങ്ങളുടെ ദൈവമായ കർത്താവ്.