സംഖ്യ 9
അധ്യായങ്ങൾ
രണ്ടാമത്തെ പെസഹാ
1ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിൻെറ രണ്ടാം വർഷം ഒന്നാം മാസം സീനായ് മരുഭൂമിയിൽവച്ചു കർത്താവ് മോശയോട് അരുളിച്ചെയ്തു :
2ഇസ്രായേൽ ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം.
3ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിങ്ങൾ പെസഹാ ആചരിക്കണം.
4പെസഹാ ആചരിക്കണമെന്ന് ഇസ്രായേൽജനത്തെ മോശ അറിയിച്ചു.
5അങ്ങനെ അവർ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സീനായ് മരുഭൂമിയിൽവച്ചു പെസഹാ ആചരിച്ചു. കർത്താവു മോശയോടു കൽപിച്ചതനുസരിച്ച് ഇസ്രായേൽ പ്രവർത്തിച്ചു.
6ശവശരീരം സ്പർശിച്ച് അശുദ്ധരായതുകൊണ്ട് ആദിവസം പെ സഹാ ആചരിക്കാൻ കഴിയാത്ത ചിലരുണ്ടായിരുന്നു.
7അവർ മോശയുടെയും അഹറോന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങൾ മൃതശരീരം സ്പർശിച്ച് അശുദ്ധരായി, എന്നാൽ, നിശ്ചിത സമയത്ത് ഇസ്രായേലിലെ മറ്റ് ആളുകളോടു ചേർന്ന് കർത്താവിനു കാഴ്ച സമർപ്പിക്കുന്നതിൽനിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മോശ പറഞ്ഞു:
8കർത്താവ് തൻെറ ഹിതം എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക.
9കർത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേൽജനത്തോടു പറയുക,
10നിങ്ങളോ നിങ്ങളുടെ മക്കളിൽ ആരെങ്കിലുമോ ശവശരീരം സ്പർശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവർ കർത്താവിനു പെസഹാ ആചരിക്കണം.
11രണ്ടാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ അത് ആചരിക്കണം. പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലയും കൂട്ടി പെസഹാ ഭക്ഷിക്കണം.
12പ്രഭാതത്തിലേക്ക് ഒന്നും അവശേഷിക്കരുത്. മൃഗത്തിൻെറ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. നിയമങ്ങളനുസരിച്ച് അവർ പെസഹാ ആ ചരിക്കണം.
13എന്നാൽ, ഒരുവൻ അശുദ്ധ നല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്നെങ്കിൽ അവൻ നിശ്ചിത സമയത്തു കർത്താവിനു കാഴ്ച നൽകാത്തതുകൊണ്ടു സ്വജനത്തിൽനിന്നു വിച്ഛേദിക്കപ്പെടണം. അവൻ തൻെറ പാപത്തിന്റെ ഫലം വഹിക്കണം.
14നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശി കർത്താവിനു പെസഹാ ആചരിക്കുന്നെങ്കിൽ നിയമങ്ങളും വിധികളുമനുസരിച്ച് അവൻ അതു നിർവഹിക്കണം. പരദേശിക്കും സ്വദേശിക്കും ഒരേ നിയമംതന്നെ.
കൂടാരമുകളിൽ മേഘം
15സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതൽ പ്രഭാതം വരെ അതു കൂടാരത്തിനു മുകളിൽ നിന്നു.
16നിരന്തരമായി അത് അങ്ങനെ നിന്നു. പകൽ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു.
17മേഘം കൂടാരത്തിൽനിന്ന് ഉയരുമ്പോൾ ഇസ്രായേൽജനംയാത്രതിരിക്കും; മേഘം നിൽക്കുന്നിടത്ത് അവർ പാളയമടിക്കും.
18കർത്താവിന്റെ കൽപനയനുസരിച്ച് ഇസ്രായേൽജനംയാത്ര പുറപ്പെട്ടു; അവിടുത്തെ കൽപനപോലെ അവർ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളിൽ നിശ്ചലമായി നിൽക്കുന്നിടത്തോളം സമയം അവർ പാളയത്തിൽത്തന്നെ കഴിച്ചുകൂട്ടി.
19മേഘം ദീർഘനാൾ കൂടാരത്തിനുമുകളിൽ നിന്നപ്പോഴും ഇസ്രായേൽ കർത്താവിന്റെ കൽപന അനുസരിക്കുകയുംയാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു.
20ചിലപ്പോൾ ഏതാനും ദിവസം മാത്രം മേഘം കൂടാരത്തിനുമുകളിൽ നിന്നു. അപ്പോഴും കർത്താവിന്റെ കൽപനയനുസരിച്ച് അവർ പാളയത്തിൽത്തന്നെ വസിച്ചു. അവിടുത്തെ കൽപനയനുസരിച്ചു മാത്രമേ അവർയാത്ര പുറപ്പെട്ടുള്ളു.
21ചിലപ്പോൾ മേഘം സന്ധ്യ മുതൽ പുലർച്ചവരെ മാത്രം നിൽക്കും. പ്രഭാതത്തിൽ മേഘം ഉയരുമ്പോൾ അവർയാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘം ഉയരുമ്പോൾ അവർ പുറപ്പെടും.
22മേഘം രണ്ടു ദിവസമോ ഒരു മാസമോ അതിൽ കൂടുതലോകൂടാരത്തിനുമുകളിൽ നിന്നാലും അവർയാത്ര തുടരാതെ പാളയത്തിൽത്തന്നെ വസിക്കും. മേഘം ഉയരുമ്പോൾ അവർയാത്ര തുടരും.
23കർത്താവിന്റെ കൽപനയനുസരിച്ചാണ് അവർ പാളയമടിക്കുകയുംയാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മോശ വഴി നൽകിയ കൽപനയനുസരിച്ച് അവർ പ്രവർത്തിച്ചു.