സംഖ്യ 1
അധ്യായങ്ങൾ
ജനസംഖ്യ
1ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിൻെറ രണ്ടാംവർഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയിൽ സമാഗമകൂടാരത്തിൽവച്ച് കർത്താവ് മോശയോടു കൽപിച്ചു:
2ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേൽ സമൂഹത്തിലെ സകല പുരുഷൻമാരുടെയും കണക്കെടുക്കുക.
3ഇരുപതും അതിനുമേലും വയസ്സുംയുദ്ധംചെയ്യാൻ കഴിവുമുള്ള ഇസ്രായേലിലെ സക ലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്.
4ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം.
5നിങ്ങളെ സഹായിക്കാൻ വരേണ്ടവർ ഇവരാണ്: റൂബനിൽനിന്ന് ഷെദെയൂറിൻെറ പുത്രൻ എലിസൂർ.
6ശിമയോനിൽനിന്ന് സുരിഷദായിയുടെ പുത്രൻ ഷെലൂമിയേൽ.
7 യൂദായിൽനിന്ന് അമീനാദാബിൻെറ പുത്രൻ നഹ്ഷോൻ.
8ഇസാക്കറിൽ നിന്ന് സൂവാറിൻെറ പുത്രൻ നെത്താനേൽ.
9സെബുലൂണിൽനിന്ന് ഹേലോനിൻെറ പുത്രൻ എലിയാബ്.
10ജോസഫിന്റെ പുത്രൻമാരായ എഫ്രായിം, മനാസ്സെ എന്നിവരിൽനിന്ന്യഥാക്രമം അമ്മിഹൂദിന്റെ പുത്രൻ എലിഷാമാ, പെദഹ്സൂറിൻെറ പുത്രൻ ഗമാലിയേൽ;
11ബഞ്ചമിനിൽനിന്ന് ഗിദയോനിൻെറ പുത്രൻ അബിദാൻ;
12ദാനിൽനിന്ന് അമ്മിഷദ്ദായിയുടെ പുത്രൻ അഹിയേസെർ;
13ആഷേറിൽനിന്ന് ഒക്രാൻെറ പുത്രൻ പഗിയേൽ;
14ഗാദിൽനിന്ന് റവുവേലിൻെറ പുത്രൻ എലിയാസാഫ്;
15നഫ്താലിയിൽനിന്ന് ഏതാനിൻെറ പുത്രൻ അഹിറാ.
16ഇവരാണ് ഇസ്രായേൽ വംശത്തിന്റെ നേതാക്കൻമാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവൻമാർ.
17മോശയും അഹറോനും ഇവരെ സ്വീകരിച്ചു.
18രണ്ടാംമാസം ഒന്നാംദിവസം അവർ ജനത്തെ മുഴുവൻ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതിൽക്കൂടുതലും വയ സ്സുള്ളവരെ ആളാംപ്രതി പട്ടികയിൽ ചേർത്തു.
19അങ്ങനെ കർത്താവു കൽപിച്ചതുപോലെ സീനായ്മരുഭൂമിയിൽ വച്ച് മോശ ഇസ്രായേൽ ജനത്തിന്റെ കണക്കെടുത്തു.
20ഇസ്രായേലിന്റെ ആദ്യജാതനായ റൂബൻെറ
21ഗോത്രത്തിൽപെട്ടവർ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ നാൽപത്താറായിരത്തിയഞ്ഞൂറ്.
22ശിമയോന്റെ ഗോത്രത്തിൽപെട്ടവർ
23തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ അൻപത്തൊമ്പതിനായിരത്തിമുന്നൂറ്.
24ഗാദിൻെറ ഗോത്രത്തിൽപെട്ടവർ
25തല മുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ നാൽപത്തയ്യായിരത്തിയറുനൂറ്റമ്പത്.
26 യൂദായുടെ ഗോത്രത്തിൽപെട്ടവർ
27തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ
28ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ എഴുപത്തിനാലായിരത്തിയറുന്നൂറ്.
29ഇസാക്കറിൻെറ ഗോത്രത്തിൽ പെട്ടവർ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ അമ്പത്തിനാലായിരത്തിനാനൂറ്.
30സെബുലൂൺ ഗോത്രത്തിൽപെട്ടവർ
31തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ അമ്പത്തേഴായിരത്തിനാനൂറ്.
32ജോസഫിന്റെ മക്കളായ എഫ്രായിമിൻെറയും
33മനാസ്സെയുടെയും ഗോത്രത്തിൽപെട്ടവർ
34തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ
35ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർയഥാക്രമം നാൽപതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും.
36ബഞ്ചമിന്റെ ഗോത്രത്തിൽപെട്ടവർ
37തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ മുപ്പത്തയ്യായിരത്തിനാനൂറ്.
38ദാനിന്റെ ഗോത്രത്തിൽപെട്ടവർ
39തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയ സ്സുംയുദ്ധശേഷിയുമുള്ളവർ അറുപത്തീരായിരത്തിഎഴുനൂറ്.
40ആഷേറിന്റെ ഗോത്രത്തിൽപെട്ടവർ
41തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ നാൽപത്തോരായിരത്തിയഞ്ഞൂറ്.
42നഫ്താലി ഗോത്രത്തിൽപെട്ടവർ
43തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോൾ ഇരുപതും അതിനുമേലും വയസ്സുംയുദ്ധശേഷിയുമുള്ളവർ അമ്പത്തിമൂവായിരത്തിനാനൂറ്.
44ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മോശയും അഹറോനും ചേർന്നെടുത്ത കണക്കിൽപെട്ടവരാണിവർ.
45ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്സു പ്രായത്തിൽ ഇസ്രായേലിലെയുദ്ധശേഷിയുള്ള പുരുഷൻമാർ
46ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു.
47ലേവിഗോത്രത്തെ ജനസംഖ്യയിൽ പെടുത്തിയില്ല.
48കാരണം, കർത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു:
49ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയിൽ അവരുടെ എണ്ണം ചേർക്കുകയുമരുത്.
50എന്നാൽ, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേൽനോട്ടത്തിലായിരിക്കണം; അവർ കൂടാരവും അതിലെ ഉപ കരണങ്ങളും വഹിക്കുകയും അതിൽ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവർ താവളമടിക്കട്ടെ.
51കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോൾ ലേവ്യർ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോൾ അവർ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാൽ അവനെ വധിക്കണം.
52ഇസ്രായേൽജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം.
53ഇസ്രായേൽ സമൂഹത്തിന്റെ നേരേ ദൈവകോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിന്റെ ചുമതല അവർ വഹിക്കുകയും വേണം.
54ഇസ്രായേൽജനം അപ്രകാരം ചെയ്തു. കർത്താവ് മോശയോടു കൽപിച്ചതുപോലെ അവർ പ്രവർത്തിച്ചു.