സംഖ്യ 28
അധ്യായങ്ങൾ
ബലികളും ഉത്സവങ്ങളും
1കർത്താവു മോശയോട് അരുളിച്ചെയ്തു :
2ഇസ്രായേൽ ജനത്തോടു കൽപിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളുംയഥാസമയം അർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.
3നീ അവ രോടു പറയണം: നിങ്ങൾ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിൻകുട്ടികളെ അനുദിനം കർത്താവിന് അർപ്പിക്കണം.
4ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയർപ്പിക്കണം.
5കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിൻെറ നാലിലൊന്നു ശുദ്ധമായ എണ്ണ ചേർത്ത് ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ് അർപ്പിക്കണം.
6കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്ന ദഹനബലിയായി സീനായ് മലയിൽവച്ചു നിർദേശിക്കപ്പെട്ട അനുദിനമുള്ള ദഹനബലിയാണിത്.
7അതോടൊപ്പം ഒരാട്ടിൻകുട്ടിക്ക് ഒരു ഹിന്നിൻെറ നാലിലൊന്ന് എന്ന തോതിൽ പാനീയബലിയും അർപ്പിക്കണം. കർത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ് നിങ്ങൾ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം.
8മറ്റേ ആട്ടിൻകുട്ടിയെ വൈകുന്നേരവും ബലിയർപ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിന്റെ പാനീയബലിയുംപോലെ കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്ന ദഹനബലിയായി അതിനെ അർപ്പിക്കണം.
9സാബത്തു ദിവസം ഒരു വയസ്സുള്ള ഊ നമറ്റ രണ്ട് ആൺചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തിൽ രണ്ട് എണ്ണ ചേർത്ത നേരിയ മാവും അതിന്റെ പാനീയബലിയും അർപ്പിക്കണം.
10അനുദിനമുള്ള ദഹനബലിയും അതിന്റെ പാനീയബലിയും കൂടാതെ സാബത്തുതോ റുമുള്ള ദഹനബലിയാണിത്.
11മാസാരംഭത്തിൽ നിങ്ങൾ കർത്താവിനു ദഹനബലിയായി രണ്ടു കാളകൾ, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ ഏഴ്ആൺചെമ്മരിയാടുകൾ എന്നിവയെ ബലി അർപ്പിക്കണം.
12അതിനോടൊപ്പം ധാന്യബലിയായി കാളയൊന്നിന് ഒരു എഫായുടെ പത്തിൽ മൂന്നും, മുട്ടാടിന് പത്തിൽ രണ്ടും,
13ആട്ടിൻകുട്ടിയൊന്നിന് പത്തിലൊന്നും നേരിയ മാവ് എണ്ണ ചേർത്ത് അർപ്പിക്കണം. കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്ന ദഹനബലിയാണിത്.
14അവയുടെ പാനീയബലി കാളയൊന്നിന് അര ഹിൻ, മുട്ടാടിന് മൂന്നിലൊന്നു ഹിൻ, ആട്ടിൻകുട്ടിയൊന്നിന് കാൽ ഹിൻ എന്ന തോതിലായിരിക്കണം. വർഷംതോറും ഓരോ മാസവും അർപ്പിക്കാനുള്ള ദഹനബലിയാണിത്.
15അനുദിന ദഹനബലിക്കും അതിന്റെ പാനീയബലിക്കും പുറമേ പാപപഹിഹാര ബലിയായി ഒരു കോലാട്ടിൻമുട്ടനെ കർത്താവിന് അർപ്പിക്കണം.
16ഒന്നാംമാസം പതിനാലാംദിവസം കർത്താവിന്റെ പെസഹാ ആണ്.
17ആ മാസം പതിനഞ്ചാം ദിവസം ഉത്സവദിനമാണ്. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
18ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; ആദിവസം ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
19കർത്താവിനു ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ്ആട്ടിൻകുട്ടികളെയും അർപ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം.
20അവയുടെ ധാന്യബലിയായി എണ്ണ ചേർത്ത നേരിയ മാവ്, കാളയൊന്നിന് ഒരു എഫായുടെ പത്തിൽ മൂന്നും മുട്ടാടിന് പത്തിൽ രണ്ടും,
21ഏഴ്ആട്ടിൻകുട്ടികളിൽ ഓരോന്നിനും പത്തിൽ ഒന്ന് എന്ന തോതിൽ അർപ്പിക്കണം.
22കൂടാതെ, നിങ്ങൾക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിൻമുട്ടനെ പാപപരിഹാരബലിയായും അർപ്പിക്കണം.
23പ്രഭാതത്തിലെ അനുദിന ദഹനബലിക്കു പുറമേ ഇവയെല്ലാം നിങ്ങൾ അർപ്പിക്കണം.
24അതുപോലെ തന്നെ, ഏഴു ദിവസവും കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയും അർപ്പിക്കണം. അത് അനുദിന ദഹനബലിക്കും അതിന്റെ പാനീയ ബലിക്കും പുറമേയാണ്.
25ഏഴാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
26വാരോത്സവത്തിൽ, കർത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങൾ അർപ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
27കർത്താവിന്റെ മുമ്പിൽ പരിമളം പരത്തുന്ന ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ്ആൺചെമ്മരിയാടുകളെയും അർപ്പിക്കണം.
28അവയുടെ കൂടെ ധാന്യബലിയായി എണ്ണ ചേർത്ത നേരിയ മാവ് കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തിൽ മൂന്ന്, മുട്ടാടിനു പത്തിൽ രണ്ട്,
29ആട്ടിൻകുട്ടിയൊന്നിന് പത്തിലൊന്ന് എന്ന തോതിൽ അർപ്പിക്കണം.
30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിൻമുട്ടനെ അർപ്പിക്കണം.
31അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കും പുറമേ ഇവയും ഇവയുടെ പാനീയബലിയും നിങ്ങൾ അർപ്പിക്കണം. അവ ഊനമറ്റവയായിരിക്കാൻ പ്രതേ്യകം ശ്രദ്ധിക്കണം.