സംഖ്യ 17
അധ്യായങ്ങൾ
അഹറോൻെറ വടി
1കർത്താവു മോശയോട് അരുളിച്ചെയ്തു :
2ഇസ്രായേൽജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കൻമാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.
3ലേവി ഗോത്രത്തിന്റെ വടിയിൽ അഹറോന്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.
4സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു ദർശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പിൽ നീ അവ വയ്ക്കണം.
5ഞാൻ തിര ഞ്ഞെടുക്കുന്നവൻെറ വടി തളിർക്കും. അങ്ങനെ നിങ്ങൾക്കെതിരായുള്ള ഇസ്രായേൽ ജനത്തിന്റെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും. മോശ ഇസ്രായേൽജനത്തോടു സംസാരിച്ചു.
6എല്ലാ ഗോത്രത്തലവൻമാരുംഗോത്രത്തിന് ഒരു വടി എന്ന കണക്കിൽ പന്ത്രണ്ടു വടി മോശയ്ക്കു കൊടുത്തു. അഹറോന്റെ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു.
7സാക്ഷ്യകൂടാരത്തിൽ കർത്താവിന്റെ മുമ്പിൽ മോശ വടികൾ വച്ചു.
8പിറ്റേദിവസം മോശ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലേവി കുടുംബത്തിനുവേണ്ടിയുള്ള അഹറോന്റെ വടി മുളപൊട്ടി പൂത്തു തളിർത്തു ബദാം പഴങ്ങൾ കായിച്ചു നിന്നു.
9മോശ വടികൾ കർത്താവിന്റെ സന്നിധിയിൽനിന്നെടുത്തു ജനത്തിന്റെ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു.
10കർത്താവു മോശയോട് അരുളിച്ചെയ്തു: അവരുടെ പിറുപിറുപ്പ് അവസാനിപ്പിക്കുന്നതിനും അവർ മരിക്കാതിരിക്കുന്നതിനും കലഹക്കാർക്ക് ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്റെ വടി സാക്ഷ്യപേടകത്തിനുമുമ്പിൽ വയ്ക്കുക.
11മോശ അപ്രകാരം ചെയ്തു. കർത്താവു കൽപിച്ചതുപോലെ അവൻ പ്രവർത്തിച്ചു.
12ഇസ്രായേൽജനം മോശയോടു പറഞ്ഞു: ഇതാ ഞങ്ങൾ മരിക്കുന്നു; ഞങ്ങൾ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു.
13കർത്താവിന്റെ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ?