സംഖ്യ 5
അധ്യായങ്ങൾ
അശുദ്ധരെ അകറ്റുക
1കർത്താവ് മോശയോട് അരുളിച്ചെയ്തു:
2കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽജനത്തോടു കൽപിക്കുക.
3ഞാൻ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാൻ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം.
4ഇസ്രായേൽജനം അങ്ങനെ ചെയ്തു. കർത്താവ് മോശയോടു കൽപിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തിൽനിന്നു പുറത്താക്കി.
നഷ്ടപരിഹാരം
5കർത്താവ് മോശയോട് അരുളിച്ചെയ്തു:
6ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹ ജമായ ഏതെങ്കിലും തെറ്റുചെയ്ത് കർത്താവിനോടുള്ള വിശ്വസ്തത ലംഘിച്ചാൽ, തൻെറ തെറ്റ് ഏറ്റുപറയണം.
7മുഴുവൻമുതലും അതിന്റെ അഞ്ചിലൊന്നും കൂടി താൻ ദ്രോഹിച്ചവ്യക്തിക്കു തിരിച്ചുകൊടുത്ത് അവൻ പൂർണനഷ്ടപരിഹാരം ചെയ്യണം.
8നഷ്ടപരിഹാരം സ്വീകരിക്കാൻ ബന്ധുക്ക ളാരുമില്ലെങ്കിൽ അതു കർത്താവിനു സമർപ്പിക്കണം; അതു പുരോഹിതനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരബലി അർപ്പിക്കാനുള്ള മുട്ടാടിനുപുറമേയാണിത്.
9ഇസ്രായേൽജനം പുരോഹിതന്റെ മുമ്പിൽ കൊണ്ടുവരുന്ന സമർപ്പിതവസ്തുക്കളെല്ലാം അവനുള്ളതായിരിക്കും.
10ജനം കൊണ്ടുവരുന്ന വിശുദ്ധവസ്തുക്കൾ അവനുള്ളതായിരിക്കും. പുരോഹിതനെ ഏൽപിക്കുന്നതെന്തും അവനുള്ളതാണ്.
ഭാര്യയെ സംശയിച്ചാൽ
11കർത്താവ് മോശയോട് അരുളിച്ചെയ്തു:
12ഇസ്രായേൽജനത്തോടു പറയുക; ഒരാളുടെ ഭാര്യ വഴിപിഴച്ച് അവിശ്വസ്തയായി പ്രവർത്തിക്കുകയും
13അന്യപുരുഷൻ അവളോടൊത്തു ശയിക്കുകയും അതു ഭർത്താവിന്റെ ദൃഷ്ടിയിൽപെടാതിരിക്കുകയും അവൾ അശുദ്ധയെങ്കിലും പ്രവൃത്തിമധേ്യപിടിക്കപ്പെടാത്തതിനാൽ എതിർസാക്ഷി ഇല്ലാതിരിക്കുകയും ചെയ്തെന്നുവരാം.
14ഭർത്താവിന് അസൂയ ജനിച്ച് അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ട് സംശയിക്കുകയോ ചെയ്തെന്നുവരാം.
15അപ്പോൾ ഭർത്താവ് ഭാര്യയെ പുരോഹിതന്റെ മുമ്പിൽ ഹാജരാക്കണം. അവൾക്കുവേണ്ടി കാഴ്ചയായി പത്തിലൊന്ന് ഏഫാ ബാർലിമാവും കൊണ്ടുവരണം. അതിൻമേൽ എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ അരുത്. കാരണം, അതു സംശയനിവാരണത്തിനുള്ള ധാന്യബലിയാണ്; സത്യം വെളിപ്പെടുത്തുന്നതിനുള്ള ധാന്യബലി.
16പുരോഹിതൻ അവളെ കർത്താവിന്റെ സന്നിധിയിൽ നിർത്തണം.
17ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്ത് കൂടാരത്തിൻെറ തറയിൽനിന്നു കുറച്ചു പൊടി അതിലിടണം.
18പുരോഹിതൻ ആ സ്ത്രീയെ കർത്താവിന്റെ സന്നിധിയിൽ നിർത്തി, അവ ളുടെ ശിരോവസ്ത്രം മാറ്റിയതിനുശേഷം പാപത്തെ ഓർമിപ്പിക്കുന്ന വ്യഭിചാരശങ്കയുടെ ധാന്യബലിക്കുള്ള വസ്തുക്കൾ അവളുടെ കൈയിൽ വയ്ക്കണം. ശാപം വരുത്തുന്ന കയ്പുനീര് പുരോഹിതൻ കൈയിൽ വഹിക്കണം.
19അനന്തരം, അവളെക്കൊണ്ട് സത്യംചെയ്യിക്കാൻ ഇങ്ങനെ പറയണം: ഭർത്താവിന് അധീനയായിരിക്കേ അന്യപുരുഷൻ നിന്നോടൊത്തു ശയിച്ച് നീ അശുദ്ധയായിട്ടില്ലെങ്കിൽ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്ക് ദോഷം ചെയ്യാതിരിക്കട്ടെ.
20എന്നാൽ, നീ ഭർത്താവിന്റെ കീഴിലായിരിക്കേ ദുശ്ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷൻ നിന്നോടൊത്തു ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,
21കർത്താവ് നിന്റെ അര ശോഷിപ്പിച്ച് മഹോദരം വരുത്തി നിന്നെ ജനങ്ങളുടെ ഇടയിൽ മലിനവസ്തുവും ശാപജ്ഞാപകവും ആക്കിത്തീർക്കട്ടെ, എന്നുപറഞ്ഞ് അവളെക്കൊണ്ട് ശാപസത്യംചെയ്യിക്കണം.
22ശാപം വരുത്തുന്ന ഈ ജലം നിന്റെ കുടലുകളിൽ കടന്ന് മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോൾ സ്ത്രീ ആമേൻ ആമേൻ എന്നു പറയണം.
23പുരോഹിതൻ ഈ ശാപം ഒരു പുസ്ത കത്തിലെഴുതി അത് കയ്പുവെള്ളത്തിലേക്കു കഴുകിക്കളയണം.
24ശാപം വമിക്കുന്ന ആ കയ്പുനീര് അവളെ കുടിപ്പിക്കണം. അത് ഉള്ളിൽ കടന്ന് അവൾക്കു കടുത്ത വേദന ഉളവാക്കും.
25പുരോഹിതൻ സ്ത്രീയുടെ കൈയിൽനിന്ന് വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി കർത്താവിനു നീരാജനമായി ബലിപീഠത്തിൽ സമർപ്പിക്കണം.
26അതിനുശേഷം പുരോഹിതൻ ധാന്യബലിയിൽനിന്നു സ്മരണാംശമായി ഒരുപിടി എടുത്ത് ബലിപീഠത്തിൻമേൽവച്ചു ദഹിപ്പിക്കുകയും സ്ത്രീയെക്കൊണ്ടു കയ്പുനീർ കുടിപ്പിക്കുകയും വേണം.
27അവൾ അശുദ്ധയായി ഭർത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ വെള്ളം കുടിച്ചുകഴിയുമ്പോൾ ആ ശാപജലം അവളിൽ കടന്ന് കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന് അര ശോഷിച്ച് ജനങ്ങളുടെ ഇടയിൽ മലിനവസ്തുവായിത്തീരുകയും ചെയ്യും.
28എന്നാൽ, അശുദ്ധയാകാതെ നിർമലയാണ് എങ്കിൽ അവൾക്കു ശാപം ഏൽക്കുകയില്ല; വന്ധ്യത്വം ഉണ്ടാവുകയുമില്ല.
29പാതിവ്രത്യശങ്കയുണ്ടാകുമ്പോൾ അനുഷ്ഠിക്കേണ്ട വിധിയാണിത്.
30ഭർത്താവിന് അധീനയായിരിക്കേ ഭാര്യ വഴിപിഴച്ചു സ്വയം അശുദ്ധയാകുകയോ ഭർത്താവ് ശങ്കാധീനനായി ഭാര്യയുടെ വിശ്വസ്തതയിൽ സംശയിക്കുകയോ ചെയ്താൽ, അവൻ ഭാര്യയെ കർത്താവിന്റെ മുമ്പിൽ ഹാജരാക്കുകയും, പുരോഹിതൻ ഈ വിധികൾ അനുഷ്ഠിക്കുകയും വേണം.
31പുരുഷൻ അകൃത്യത്തിൽ നിന്നു വിമുക്തനായിരിക്കും; സ്ത്രീ തൻെറ അകൃത്യത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.