ഉത്പത്തി 8
അധ്യായങ്ങൾ
ജലപ്രളയത്തിൻെറ അന്ത്യം
1നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓർത്തു.
2അവിടുന്നു ഭൂമിയിൽ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകൾ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങൾ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.
3ജലം പിൻവാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വളരെ കുറഞ്ഞു.
4ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പർവതത്തിൽ ഉറച്ചു.
5പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവ്വതശിഖരങ്ങൾ കാണാറായി.
6നാൽപതു ദിവസം കഴിഞ്ഞപ്പോൾ നോഹപെട്ടകത്തിൽ താനുണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്ന്,
7ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു.
8ഭൂമിയിൽനിന്ന് വെള്ളമിറങ്ങിയോ എന്നറിയാൻ അവൻ ഒരു പ്രാവിനെയും വിട്ടു.
9കാലുകുത്താൻ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെതിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവൻ കൈനീട്ടി പ്രാവിനെ പിടിച്ചുപെട്ടകത്തിലാക്കി.
10ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവൻ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു.
11വൈകുന്നേരമായപ്പോൾ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി.
12ഏഴുനാൾകൂടി കഴിഞ്ഞ് അവൻ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.
13അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വർഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീർന്നു. നോഹ പെട്ടകത്തിൻെറ മേൽക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.
14രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീർത്തും ഉണങ്ങി.
15ദൈവം നോഹയോടു പറഞ്ഞു :
16ഭാര്യ, പുത്രൻമാർ, അവരുടെ ഭാര്യമാർ എന്നിവരോടുകൂടി പെട്ടകത്തിൽനിന്നു പുറത്തിറങ്ങുക.
17പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയിൽ നിറയട്ടെ.
18ഭാര്യയും പുത്രൻമാരും അവരുടെ ഭാര്യമാരുമൊത്ത്നോഹ പെട്ടകത്തിൽനിന്നു പുറത്തു വന്നു.
19മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി.
നോഹ ബലിയർപ്പിക്കുന്നു
20നോഹ കർത്താവിന് ഒരു ബലിപീഠം നിർമിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലുംനിന്ന് അവൻ അവിടുത്തേക്ക് ഒരു ദഹനബലിയർപ്പിച്ചു.
21ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോൾ കർത്താവു പ്രസാദിച്ചരുളി: മനുഷ്യൻ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാൻ ശപിക്കുകയില്ല. എന്തെന്നാൽ തുടക്കംമുതലേ അവന്റെ അന്തരംഗം തിൻമയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോൾ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാൻ നശിപ്പിക്കുകയില്ല.
22ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വർഷവും, രാവും പകലും നിലയ്ക്കുകയില്ല.