ഉത്പത്തി 4
അധ്യായങ്ങൾ
കായേനും ആബേലും
1ആദം തന്റെ ഭാര്യയായ ഹവ്വായോടുചേർന്നു. അവൾ ഗർഭംധരിച്ചു കായേനെപ്രസവിച്ചു. അവൾ പറഞ്ഞു: കർത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.11
2പിന്നീട് അവൾ കായേന്റെ സഹോദരൻ ആബേലിനെ പ്രസവിച്ചു. ആബേൽ ആട്ടിടയനും കായേൻ കൃഷിക്കാരനുമായിരുന്നു.
3ഒരിക്കൽ കായേൻ തന്റെ വിളവിൽ ഒരു ഭാഗം കർത്താവിനു കാഴ്ച സമർപ്പിച്ചു.
4ആബേൽ തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂൽക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങൾ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു.
5എന്നാൽ കായേനിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.
6കർത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്?
7ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കണം. അതു നിന്നിൽ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.
8ഒരു ദിവസം കായേൻ തന്റെ സഹോദരൻ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവർ വയലിലായിരിക്കേ കായേൻ ആബേലിനോടു കയർത്ത് അവനെ കൊന്നു.
9കർത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരൻ ആബേൽ എവിടെ? അവൻ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവൽക്കാരനാണോ ഞാൻ ?
10എന്നാൽ കർത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു.
11നിന്റെ കൈയിൽനിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വായ് പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും.
12കൃഷിചെയ്യുമ്പോൾ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവനായിരിക്കും.
13കായേൻ കർത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.
14ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയിൽനിന്നു ഞാൻ ഒളിച്ചു നടക്കണം. ഞാൻ ഭൂമിയിൽ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാൻ നോക്കും.
15കർത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെ മേൽ ഏഴിരട്ടിയായി ഞാൻ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാൻ കർത്താവ് അവന്റെ മേൽ ഒരടയാളം പതിച്ചു.
16കായേൻ കർത്താവിന്റെ സന്നിധിവിട്ട് ഏദനു കിഴക്കു നോദുദേശത്ത് വാസമുറപ്പിച്ചു.
കായേൻെറ സന്താനപരമ്പര
17കായേൻ തൻെറ ഭാര്യയുമായി ചേർന്നു. അവൾ ഗർഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേൻ ഒരു നഗരം പണിതു. തൻെറ പുത്രനായ ഹെനോക്കിന്റെ പേര് അതിനു നൽകി.
18ഹെനോക്കിന് ഈരാദും, ഈരാ ദിന്മെഹുയായേലും ജനിച്ചു. മെഹുയായേ ലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു.
19ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും.
20ആദായുടെ മകനായിരുന്നുയാബാൽ. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവൻ .
21അവന്റെ സഹോദരന്റെ പേര്യൂബാൽ. കിന്നരവുംവേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവൻ .
22സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബൽകയീൻ. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവൻ . തൂബൽകയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു.
23ലാമെക്ക് തൻെറ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാൻ പറയുന്നതു കേൾക്കുവിൻ. ലാമെക്കിൻെറ ഭാര്യമാരേ, എനിക്കുചെവി തരുവിൻ. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരുചെറുപ്പക്കാരനെയും ഞാൻ കൊന്നുകളഞ്ഞു.
24കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കിൽ ലാമെക്കിൻേറ ത് എഴുപത്തേഴിരട്ടിയായിരിക്കും.
25ആദം വീണ്ടും തൻെറ ഭാര്യയോടുചേർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു. കാരണം, കായേൻ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവൻ എന്ന് അവൾ പറഞ്ഞു.
26സേത്തിനും ഒരു പുത്രൻ ജനിച്ചു. സേത്ത് അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യർ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാൻ തുടങ്ങി.
അടിക്കുറിപ്പുകൾ
- 11ഹവ്വായോടു ചേർന്നു - ഹവ്വായെ അറിഞ്ഞു എന്നു ഹീബ്രുമൂലം.