Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 3

അധ്യായങ്ങൾ

മനുഷ്യൻെറ പതനം

1ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപിച്ചിട്ടുണ്ടോ?
2സ്ത്രീ സർപ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്കു ഭക്ഷിക്കാം.
3എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്.
4സർപ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങൾ മരിക്കുകയില്ല.
5അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.
6ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നു കണ്ട് അവൾ അതു പറിച്ചുതിന്നു. ഭർത്താവിനുംകൊടുത്തു; അവനും തിന്നു.
7ഉടനെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി.
8വെയിലാറിയപ്പോൾ ദൈവമായ കർത്താവു തോട്ടത്തിൽ ഉലാത്തുന്നതിന്റെ ശബ്ദം അവർ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പിൽ നിന്നു മാറി, തോട്ടത്തിലെ മരങ്ങൾക്കിടയിലൊളിച്ചു.
9അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?
10അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ അവിടുത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്.
11അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാൻ കൽപിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?
12അവൻ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാൻ അതു തിന്നു.
13ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവൾ പറഞ്ഞു: സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു.

ശിക്ഷയും വാഗ്ദാനവും

14ദൈവമായ കർത്താവ് സർപ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയിൽ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിൽ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവൻ നീ പൊടി തിന്നും.
15നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപിക്കും.9
16അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും.
17ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ട് നീ അതിൽ നിന്നു കാലയാപനം ചെയ്യും.
18അതു മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങൾ നീ ഭക്ഷിക്കും.
19മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.
20ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.10
21ദൈവമായ കർത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.
22അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവൻ കൈനീട്ടി ജീവന്റെ വൃക്ഷത്തിൽ നിന്നുകൂടി പറിച്ചു തിന്ന് അമർത്യനാകാൻ ഇടയാകരുത്.
23കർത്താവ് അവരെ ഏദൻ തോട്ടത്തിൽനിന്നു പുറത്താക്കി; മണ്ണിൽനിന്നെ ടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാൻ വിട്ടു.
24മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാൻ ഏദൻ തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവൽ നിർത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.

അടിക്കുറിപ്പുകൾ

  1. 9ഹീബ്രു മൂലത്തിലെ സ്ത്രീയുടെ സന്തതി എന്നത് ഒരു വ്യക്തിയെയോ മനുഷ്യവർഗം മുഴുവനെയോ സൂചിപ്പിക്കാം. ഗ്രീക്ക് പരിഭാഷയിൽ വരാനിരിക്കുന്ന രക്ഷകനെ ഉദ്ദേശിച്ച് അവൻ എന്നും ലത്തീൻ വിവർത്തനത്തിൽ രക്ഷകൻെറ മാതാവിനെ സൂചിപ്പിക്കാനായി അവൾ എന്നും ഉപയോഗിച്ചിരുന്നു.
  2. 10ഹവ്വാ എന്ന പേര് ജീവൻ എന്ന് അർഥമുള്ള ഹയാ എന്ന ഹീബ്രുപദവുമായി ബന്ധപ്പെട്ടതാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്