ഉത്പത്തി 1
അധ്യായങ്ങൾ
ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു
2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.2
3ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.
4വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു.
5വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാം ദിവസം.
7ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തിൽനിന്നു വേർതിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.
8വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.
9ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.
10കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു.
11ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.
12ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു.
13സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.
14ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വർഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.
15ഭൂമിയിൽ പ്രകാശം ചൊരിയാൻവേണ്ടി അവ ആകാശവിതാനത്തിൽ ദീപങ്ങളായി നിൽക്കട്ടെ. അങ്ങനെ സംഭവിച്ചു.
16ദൈവം രണ്ടു മഹാദീപങ്ങൾ സൃഷ്ടിച്ചു. പകലിനെ നയിക്കാൻ വലുത്, രാത്രിയെ നയിക്കാൻ ചെറുത്.
17നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു.
18ഭൂമിയിൽ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.
19സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം.
20ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികൾ ഭൂമിക്കു മീതേ ആകാശവിതാനത്തിൽ പറക്കട്ടെ.
21അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.
22ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ.
23സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.
24ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.
25അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.
26ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ ജീവികളുടെയും മേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ.4
27അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.
28ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.
29ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു ഭക്ഷണത്തിനായി തരുന്നു,
30ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഇഴജന്തുക്കൾക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങൾ ഞാൻ നൽകിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.
31താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം.
അടിക്കുറിപ്പുകൾ
- 1ഒന്നും രണ്ടും വാക്യങ്ങൾ ചേർത്ത്, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ ഭൂമി രൂപ രഹിതവും ശൂന്യവുമായിരുന്നു എന്നും വിവർത്തനം ചെയ്യാറുണ്ട്.
- 2ദൈവത്തിൻെറ ചൈതന്യം എന്നതിനു പകരം ഹീബ്രുമൂലത്തെ ദൈവത്തിൻെറ ആത്മാവ്, ശക്തമായ കാറ്റ് എന്നിങ്ങനെയും വിവർത്തനം ചെയ്യാം.
- 3ബൈബിളിലെ പ്രപഞ്ചസങ്കല്പത്തിന് ബാബിലോണിൽ പ്രചാരത്തിലിരുന്ന പ്രപഞ്ചസങ്കല്പവുമായി വളരെ സാമ്യമുണ്ട്.
- 4മനുഷ്യൻ, ആദം എന്നാണ് ഹീബ്രുമൂലം. വ്യക്തിനാമമായും മനുഷ്യൻ, മനുഷ്യവർഗം എന്നീ അർതഥങ്ങളിലും ഈ പദം ഉപയോഗിക്കുന്നുണ്ട്.