Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 20

അധ്യായങ്ങൾ

അബ്രാഹവും അബിമെലക്കും

1അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവൻ വാസമുറപ്പിച്ചു. അവൻ ഗരാറിൽ ഒരു പരദേശിയായി പാർത്തു.
2തൻെറ ഭാര്യ സാറായെക്കുറിച്ച്, അവൾ എന്റെ സഹോദരിയാണ് എന്നത്രേ അവൻ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു.
3ദൈവം രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാൻ പോകുന്നു. കാരണം, അവൾ ഒരുവന്റെ ഭാര്യയാണ്.
4അബിമെലക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവൻ ചോദിച്ചു: കർത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ?
5അവൾ എന്റെ സഹോദരിയാണ് എന്ന് അവൻ തന്നെയല്ലേ എന്നോടുപറഞ്ഞത്? അവൻ എന്റെ സഹോദരനാണ് എന്ന് അവളും പറഞ്ഞു. നിർമലഹൃദയത്തോടും കറയറ്റ കൈകളോടുംകൂടെയാണു ഞാൻ ഇതു ചെയ്തത്.
6അപ്പോൾദൈവം സ്വപ്നത്തിൽ അവനോടു പറഞ്ഞു: നിർമലഹൃദയത്തോടെയാണു നീ ഇതുചെയ്തത് എന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതിൽനിന്ന് ഞാനാണു നിന്നെതടഞ്ഞത്. അതുകൊണ്ടാണ് അവളെ തൊടാൻ നിന്നെ ഞാൻ അനുവദിക്കാതിരുന്നത്.
7അവന്റെ ഭാര്യയെ തിരിച്ചേൽപിക്കുക. അവൻ പ്രവാചകനാണ്. അവൻ നിനക്കുവേണ്ടി പ്രാർഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാൽ, നീ അവളെ തിരിച്ചേൽപിക്കുന്നില്ലെങ്കിൽ നീയും നിന്റെ ജനങ്ങളും മരിക്കും എന്നറിയുക.
8അബിമെലക്ക് അതിരാവിലെ എഴുന്നേറ്റു സേവകൻമാരെയെല്ലാം വിളിച്ച് ഈ കാര്യങ്ങൾ പറഞ്ഞു: അവർ വളരെ ഭയപ്പെട്ടു.
9അനന്തരം, അബിമെലക്ക് അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട്ഈ ചെയ്തത്? നിനക്കെതിരായി ഞാൻ എന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയും മേൽ ഇത്ര വലിയ തിൻമ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്തത്.
10അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?
11അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്റെ ഭാര്യയെപ്രതി അവർ എന്നെകൊന്നുകളയുമെന്നും ഞാൻ വിചാരിച്ചു.
12മാത്രമല്ല, വാസ്തവത്തിൽ അവൾ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകൾ; പക്ഷേ, എന്റെ മാതാവിന്റെ മകളല്ല; അവൾ എനിക്കു ഭാര്യയാവുകയും ചെയ്തു.
13പിതാവിന്റെ വീട്ടിൽനിന്ന് ഇറങ്ങിത്തിരിക്കാൻ ദൈവം എനിക്ക് ഇട വരുത്തിയപ്പോൾ ഞാൻ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവൻ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം.
14അപ്പോൾ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസൻമാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേൽപിക്കുകയും ചെയ്തു.
15അവൻ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്ടമുള്ളിടത്തു പാർക്കാം.
16സാറായോട് അവൻ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങൾ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പിൽ നിന്റെ നിഷ്കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പിൽ നീ നിർദോഷയാണ്.
17അബ്രാഹം ദൈവത്തോടു പ്രാർഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവർക്കെല്ലാവർക്കും സന്താനങ്ങളും ജനിച്ചു.
18കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കർത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്