ഉത്പത്തി 7
അധ്യായങ്ങൾ
ജലപ്രളയം
1കർത്താവ് നോഹയോട് അരുളിച്ചെയ്തു:നീയും കുടുംബവും പെട്ടകത്തിൽ പ്രവേശിക്കുക. ഈ തലമുറയിൽ നിന്നെ ഞാൻ നീതിമാനായി കണ്ടിരിക്കുന്നു.
2ഭൂമുഖത്ത് അവയുടെ വംശം നിലനിർത്താൻവേണ്ടി ശുദ്ധിയുള്ള സർവ മൃഗങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണുംപെണ്ണുമായി ഒരു ജോഡിയും
3ആകാശത്തിലെ പറവ കളിൽനിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക.
4ഏഴു ദിവസവുംകൂടി കഴിഞ്ഞാൽ നാൽപതു രാവും നാൽപതു പകലും ഭൂമുഖത്തെല്ലാം ഞാൻ മഴപെയ്യിക്കും; ഞാൻ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തിൽനിന്നു തുടച്ചു മാറ്റും.
5കർത്താവു കൽപിച്ചതെല്ലാം നോഹ ചെയ്തു.
6നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തുവെള്ളപ്പൊക്കമുണ്ടായത്.
7വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപെടാൻനോഹയും ഭാര്യയും പുത്രൻമാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽ കയറി.
8ദൈവം കൽപിച്ചതുപോലെ ശുദ്ധിയുള്ളവയും
9അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തിൽ കയറി.
10ഏഴു ദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ വെള്ളം പൊങ്ങിത്തുടങ്ങി.
11നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു.
12നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു.
13അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തിൽ കയറി.
14അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തിൽ കടന്നു.
15ജീവനുള്ള സകല ജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടിപെട്ടകത്തിൽ കടന്നു.
16സകല ജീവജാലങ്ങളും, നോഹയോടു ദൈവം കൽപിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. കർത്താവു നോഹയെപെട്ടകത്തിലടച്ചു.
17വെള്ളപ്പൊക്കം നാൽപതുനാൾ തുടർന്നു. ജലനിരപ്പ് ഉയർന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി.
18ഭൂമിയിൽ ജലം വർധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി.
19ജലനിരപ്പ് വളരെ ഉയർന്നു; ആകാശത്തിൻകീഴേ തലയുയർത്തിനിന്ന സകല പർവതങ്ങളും വെള്ളത്തിനടിയിലായി.
20പർവതങ്ങൾക്കു മുകളിൽ പതിനഞ്ചു മുഴം വരെ വെള്ളമുയർന്നു.
21ഭൂമുഖത്തുചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി.
22കരയിൽ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.
23ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു.
24വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.