Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 21

അധ്യായങ്ങൾ

ഇസഹാക്കിൻെറ ജനനം

1കർത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു.
2വൃദ്ധനായ അബ്രാഹത്തിൽനിന്നു സാറാ ഗർഭം ധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു.
3സാറായിൽ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു.
4കുഞ്ഞു പിറന്നിട്ട് എട്ടാം ദിവസം ദൈവകൽപനപ്രകാരം അബ്രാഹം അവനു പരിച്ഛേദനം നടത്തി.
5അബ്രാഹത്തിന് നൂറു വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്.
6സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാൻ ദൈവം വക നൽകിയിരിക്കുന്നു. ഇതു കേൾക്കുന്ന വരൊക്കെ എന്നെച്ചൊല്ലി ചിരിക്കും.
7അവൾ തുടർന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വയസ്സുകാലത്ത് ഞാൻ അദ്ദേഹത്തിന് ഒരു മകനെ നൽകിയിരിക്കുന്നു.
8കുഞ്ഞു വളർന്നു മുലകുടി മാറി. അന്ന് അബ്രാഹം വലിയൊരു വിരുന്നു നടത്തി.

ഇസ്മായേൽ പുറന്തള്ളപ്പെടുന്നു

9ഈജിപ്തുകാരിയായ ഹാഗാറിൽ അബ്രാഹത്തിനു ജനിച്ച മകൻ , തൻെറ മക നായ ഇസഹാക്കിനോടുകൂടെ കളിക്കുന്നതു സാറാ കണ്ടു.
10അവൾ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകൻ എന്റെ മകൻ ഇസഹാക്കിനോടൊപ്പം അവകാശിയാകാൻ പാടില്ല.
11തൻമൂലം മകനെയോർത്ത് അബ്രാഹം വളരെ അസ്വസ്ഥനായി.
12എന്നാൽ, ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്റെ സന്തതികൾ അറിയപ്പെടുക.
13അടിമപ്പെണ്ണിൽ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.
14അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെഅപ്പവും ഒരു തുകൽ സഞ്ചിയിൽവെള്ളവുമെടുത്ത് ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. മകനെയും ഏൽപിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവൾ അവിടെ നിന്നുപോയി ബേർഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു.
15തുകൽസഞ്ചിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ കിടത്തി.
16കുഞ്ഞു മരിക്കുന്നത് എനിക്കു കാണാൻ വയ്യാ എന്നുപറഞ്ഞ് അവൾ കുറെഅകലെ, ഒരു അമ്പെയ്ത്തുദൂരെച്ചെന്ന് എതിർവശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി.24
17കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു. സ്വർഗത്തിൽനിന്ന് ദൈവത്തിന്റെ ദൂതൻ അവളെ വിളിച്ചുപറഞ്ഞു: ഹാഗാർ, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു.
18എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനിൽനിന്ന് ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
19ദൈവം അവളുടെ കണ്ണുതുറന്നു. അവൾ ഒരു കിണർ കണ്ടു. അവൾ ചെന്ന് തുകൽ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാൻ കൊടുത്തു.
20ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവൻ മരുഭൂമിയിൽ പാർത്തു. അവൻ വളർന്നു സമർഥനായൊരു വില്ലാളിയായിത്തീർന്നു.
21അവൻ പാരാനിലെ മരുഭൂമിയിൽ പാർത്തു. അവന്റെ അമ്മ ഈജിപ്തിൽനിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു.

അബ്രാഹവും അബിമെലക്കും

22അക്കാലത്ത് അബിമെലക്കും അവന്റെ സൈന്യാധിപൻ ഫിക്കോളും അബ്രാഹത്തോടു പറഞ്ഞു: നിന്റെ പ്രവർത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്.
23അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന്ദൈവത്തിന്റെ മുമ്പിൽ ശപഥം ചെയ്യുക.
24ഞാൻ നിന്നോടു കാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാർത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാൻ ശപഥം ചെയ്യുന്നു, അബ്രാഹം പറഞ്ഞു.
25അബിമെലക്കിന്റെ ദാസൻമാർ തൻെറ കൈവശത്തിൽ നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹം അവനോടു പരാതിപ്പെട്ടു.
26അബിമെലക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാൻ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല.
27അബ്രാഹം അബിമെലക്കിന് ആടുമാടുകളെ കൊടുത്തു. അവരിരുവരും തമ്മിൽ ഒരുടമ്പടിയുണ്ടാക്കി.
28അബ്രാഹം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ മാറ്റി നിർത്തി.
29ഈ ഏഴു പെണ്ണാട്ടിൻ കുട്ടികളെ മാറ്റിനിർത്തിയതെന്തിനെന്ന് അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു.
30അവൻ പറഞ്ഞു: ഞാനാണ് ഈ കിണർ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴുപെണ്ണാട്ടിൻകുട്ടികളെ സ്വീകരിക്കണം.
31ആ സ്ഥലത്തിനു ബേർഷെബ എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവർ രണ്ടുപേരും ശപഥംചെയ്തു.25
32അങ്ങനെ ബേർഷെബയിൽവച്ച് അവർ ഒരുടമ്പടിയുണ്ടാക്കി. അതു കഴിഞ്ഞ് അബിമെലക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി.
33അബ്രാഹം ബേർഷെബയിൽ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ കർത്താവിന്റെ നാമത്തിൽ ആരാധന നടത്തുകയുംചെയ്തു.
34അബ്രാഹം ഫിലിസ്ത്യരുടെ നാട്ടിൽ വളരെക്കാലം താമസിച്ചു.

അടിക്കുറിപ്പുകൾ

  1. 24അവൾ ഉച്ചത്തിൽ കരഞ്ഞു എന്ന് ഹീബ്രു മൂലത്തിൽ.
  2. 25ബേർഷെബ-ശപഥത്തിൻെറ കിണർ അഥവാ ഏഴിൻെറ കിണർ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്