Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഉത്പത്തി 45

അധ്യായങ്ങൾ

ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു

1തൻെറ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുൻപിൽ വികാരമടക്കാൻ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാൻ അവൻ ആജ്ഞാപിച്ചു. അതിനാൽ ജോസഫ് സഹോദരൻമാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവൻ ഉറക്കെക്കരഞ്ഞു.
2ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു.
3ജോസഫ് സഹോദരൻമാരോടു പറഞ്ഞു: ഞാൻ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവർക്കു സംസാരിക്കാൻ കഴിഞ്ഞില്ല.
4അവൻ അവരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞു: നിങ്ങൾ ഈജിപ്തുകാർക്കു വിറ്റ നിങ്ങളുടെ സഹോദരൻ ജോസഫാണു ഞാൻ.
5എന്നെ ഇവിടെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവൻ നിലനിർത്താൻവേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുൻപേ ഇങ്ങോട്ടയച്ചത്.
6നാട്ടിലാകെ ക്ഷാമം തുടങ്ങിയിട്ടു രണ്ടുകൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയുമുണ്ട്.
7നിങ്ങൾക്കു ഭൂമിയിൽ സന്തതികളെ നിലനിർത്താനും വിസ്മയകരമായരീതിയിൽ രക്ഷ നൽകാനുംവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുൻപേ ഇങ്ങോട്ടയച്ചതാണ്.
8അതുകൊണ്ട് നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫറവോയ്ക്കു പിതാവും അവന്റെ വീടിനു നാഥനും ഈജിപ്തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു.
9നിങ്ങൾ തിടുക്കത്തിൽ പിതാവിന്റെ യടുത്തുചെന്ന് അവനോടു പറയുക: ദൈവം എന്നെ ഈജിപ്തിനു മുഴുവൻ നാഥനാക്കിയിരിക്കുന്നു. എന്റെ യടുത്തു വരണം, ഒട്ടും താമസിക്കരുത്, എന്ന് അങ്ങയുടെ മകൻ ജോസഫ് പറയുന്നു.
10അങ്ങേക്കു ഗോഷെ നിൽ പാർക്കാം. അങ്ങ് എന്റെ അടുത്തായിരിക്കും; അങ്ങയോടൊപ്പം അങ്ങയുടെ മക്കളും മക്കളുടെ മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും.
11അവിടെ അങ്ങയെ ഞാൻ പോറ്റിക്കൊള്ളാം. ക്ഷാമം അഞ്ചുകൊല്ലംകൂടി നീണ്ടുനിൽക്കും. അങ്ങും കുടുംബവും അങ്ങേയ്ക്കുള്ളവരും പട്ടിണിയിലകപ്പെടാതിരിക്കും.
12ഞാനാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ സഹോദരനായ ബഞ്ചമിനും നേരിൽ കാണുന്നുണ്ടല്ലോ.
13ഈജിപ്തിലെ എന്റെ പ്രതാപത്തെപ്പറ്റിയും നിങ്ങൾ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗം ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
14ബഞ്ചമിനും അവന്റെ തോളിൽ തലചായ്ച്ചു കരഞ്ഞു.
15അവൻ തൻെറ സഹോദരൻമാരെല്ലാവരെയും ചുംബിക്കുകയും കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു. അപ്പോൾ അവർ അവനോടു സംസാരിച്ചു.
16ജോസഫിന്റെ സഹോദരൻമാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോയുടെ വീട്ടിലെത്തിയപ്പോൾ ഫറവോയും ദാസൻമാരും സന്തോഷിച്ചു.
17ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ സഹോദരൻമാരോട് ഇപ്രകാരം ചെയ്യാൻ പറയുക:
18മൃഗങ്ങളുടെമേൽ ചുമടുകയറ്റി കാനാൻദേശത്തുചെന്നു പിതാവിനെയും വീട്ടുകാരെയും കൂട്ടി എന്റെ യടുത്തു വരുക. ഈജിപ്തിലെ ഏറ്റവും നല്ല ഭൂമി നിങ്ങൾക്കു ഞാൻ തരാം. മണ്ണിന്റെ ഫലസമൃദ്ധി നിങ്ങൾക്ക് അനുഭവിക്കുകയും ചെയ്യാം.
19അവരോടു പറയുക: നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ഭാര്യമാർക്കുംവേണ്ടി ഈജിപ്തിൽനിന്നു രഥങ്ങൾ കൊണ്ടുപോകുക. നിങ്ങളുടെ പിതാവിനെ കൂട്ടിക്കൊണ്ടുവരുക.
20നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ടാ; ഈജിപ്തിലെ ഏറ്റവും നല്ലതൊക്കെ നിങ്ങളുടേതായിരിക്കും.
21ഇസ്രായേലിന്റെ മക്കൾ അങ്ങനെ ചെയ്തു. ഫറവോയുടെ കൽപനയനുസരിച്ചു ജോസഫ് അവർക്കു രഥങ്ങളുംയാത്രയ്ക്കു വേണ്ട വകകളും കൊടുത്തു.
22അവൻ അവർക്കോരോരുത്തർക്കും പുതിയ വസ്ത്രങ്ങൾ നൽകി. ബഞ്ചമിനാകട്ടെ മുന്നൂറുവെള്ളിനാണയവും അഞ്ചുവസ്ത്രവും കൊടുത്തു.
23അവൻ പത്തു കഴുതകളുടെ പുറത്ത് ഈജിപ്തിലെ വിശിഷ്ട വസ്തുക്കളും, പത്തു പെൺകഴുതകളുടെ പുറത്തു ധാന്യവും അപ്പവുംയാത്രയ്ക്കുവേണ്ട വകകളും തൻെറ പിതാവിനു കൊടുത്തയച്ചു.
24അങ്ങനെ അവൻ സഹോദരൻമാരെയാത്രയാക്കി. അവർ പുറപ്പെട്ടപ്പോൾ അവൻ പറഞ്ഞു: വഴിക്കുവച്ചു ശണ്ഠകൂടരുത്.
25ഈജിപ്തിൽനിന്നു പുറപ്പെട്ട് അവർ കാനാൻദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിൻെറ അടുത്തെത്തി.
26അവർ അവനോടു പറഞ്ഞു: ജോസഫ് ജീവിച്ചിരിക്കുന്നു. അവൻ ഈജിപ്തു മുഴുവൻെറയും ഭരണാധികാരിയാണ്. അവൻ സ്തബ്ധനായിപ്പോയി. അവൻ അവരെ വിശ്വസിച്ചില്ല.
27എന്നാൽ, ജോസഫ് പറഞ്ഞതൊക്കെ അവരിൽ നിന്നു കേൾക്കുകയും തന്നെ കൊണ്ടുപോകാൻ ജോസഫ് അയച്ച രഥങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് ഉൻമേഷം വീണ്ടുകിട്ടി. അവൻ പറഞ്ഞു:
28എനിക്കു തൃപ്തിയായി. എന്റെ മകൻ ജോസഫ് ജീവിച്ചിരിപ്പുണ്ട്; മരിക്കുംമുൻപു ഞാൻ പോയി അവനെ കാണും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്