ഉത്പത്തി 22
അധ്യായങ്ങൾ
അബ്രാഹത്തിൻെറ ബലി
1പിന്നീടൊരിക്കൽ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു.
2നീ സ്നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കുപോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം.
3അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകൻ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞസ്ഥലത്തേക്കു പുറപ്പെട്ടു.
4മൂന്നാം ദിവസം അവൻ തലയുയർത്തിനോക്കിയപ്പോൾ അകലെ ആ സ്ഥലം കണ്ടു.
5അവൻ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങൾ ഇവിടെ നിൽക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.
6അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകൻ ഇസഹാക്കിന്റെ ചുമലിൽ വച്ചു. കത്തിയും തീയും അവൻ തന്നെ എടുത്തു. അവർ ഒരുമിച്ചു മുമ്പോട്ടു നടന്നു.
7ഇസഹാക്ക് തൻെറ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവൻ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാൽ, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?
8അവൻ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെതരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.
9ദൈവം പറഞ്ഞസ്ഥലത്തെത്തിയപ്പോൾ, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി.
10മകനെ ബലികഴിക്കാൻ അബ്രാഹം കത്തി കൈയിലെടുത്തു.
11തത്ക്ഷണം കർത്താവിന്റെ ദൂതൻ ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു.
12കുട്ടിയുടെമേൽകൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോൾ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല.
13അബ്രാഹം തലപൊക്കിനോക്കിയപ്പോൾ, തൻെറ പിന്നിൽ, മുൾച്ചെടികളിൽകൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവൻ അതിനെ മകനുപകരം ദഹന ബലിയർപ്പിച്ചു.
14അബ്രാഹം ആ സ്ഥലത്തിനുയാഹ്വെയിരെ എന്നു പേരിട്ടു. കർത്താവിന്റെ മലയിൽ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു.26
15കർത്താവിന്റെ ദൂതൻ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:
16കർത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാൻമടിക്കായ്കകൊണ്ടു ഞാൻ ശപഥം ചെയ്യുന്നു:
17ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തിലെ മണൽത്തരിപോലെയും ഞാൻ വർധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങൾ അവർ പിടിച്ചെടുക്കും.
18നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.
19അബ്രാഹം എഴുന്നേറ്റ് തൻെറ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേർഷെ ബയിലേക്കു തിരിച്ചുപോയി. അബ്രാഹംബേർഷെബയിൽ പാർത്തു.
20തൻെറ സഹോദരനായ നാഹോറിനു മിൽക്കായിൽ മക്കളുണ്ടായ വിവരം അബ്രാഹം അറിഞ്ഞു.
21അവർ, മൂത്തവനായ ഊസ്, അവന്റെ സഹോദരൻ ബൂസ്, ആരാമിന്റെ പിതാവായ കെമുവേൽ,
22കേസെദ്, ഹാസോ, പിൽഷാദ്, ഇദ്ലാഫ്, ബത്തുവേൽ എന്നിവരായിരുന്നു.
23ബത്തുവേൽ റബേക്കായുടെ പിതാവായിരുന്നു. അബ്രാഹത്തിന്റെ സഹോദരനായ നാഹോറിനു മിൽക്കായിലുണ്ടായവരാണ് ഈ എട്ടുപേരും.
24അതിനുപുറമേ അവന്റെ ഉപനാരിയായ റവുമായിൽനിന്ന് തേബഹ്, ഗഹം, തഹഷ്, മാക്കാഹ് എന്നീ മക്കൾ ജനിച്ചു.
അടിക്കുറിപ്പുകൾ
- 26യാഹ്വെയിരെ - കർത്താവ് പ്രദാനം ചെയ്യും.