എസെക്കിയേൽ 47
അധ്യായങ്ങൾ
ദേവാലയത്തിൽ നിന്നു നീർച്ചാൽ
1പിന്നെ അവൻ എന്നെ ദേവാലയവാതിൽക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയ പൂമുഖത്തിന്റെ അടിയിൽ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയിൽ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു.
2പിന്നെ അവൻ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.
3കൈയിൽ ചരടുമായി അവൻ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാൽവരെ വെള്ളമുണ്ടായിരുന്നു.
4പിന്നെയും അവൻ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവൻ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്ക്കൊപ്പം വെള്ള മുണ്ടായിരുന്നു.
5പിന്നെയും അവൻ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാൻ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയർന്നിരുന്നു. നീന്താൻ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് - നടന്ന് അക്കരെപറ്റാൻ വയ്യാത്ത ഒരു നദി.
6അവൻ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീ ഇതു കണ്ടോ? പിന്നെ അവൻ എന്നെ നദീതീരത്തൂടെ തിരിച്ചു കൊണ്ടുവന്നു.
7ഞാൻ തിരിച്ചു പോന്നപ്പോൾ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങൾ കണ്ടു.
8അവൻ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കൻ പ്രദേശങ്ങളിലേക്കൊഴുകി അരാബായിൽ ചേരുമ്പോൾ കെട്ടിക്കിടക്കുന്ന കടലിൽ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു.
9നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങൾ പറ്റംചേർന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീക രിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവൻ നിറഞ്ഞുനിൽക്കും.
10മീൻപിടുത്തക്കാർ ആ കടൽക്കരെ നിൽക്കും. എൻഗേദിമുതൽ എൻഎഗ്ളായിംവരെ വലവീശാൻ പറ്റിയ സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം മത്സ്യങ്ങളുണ്ടായിരിക്കും.
11എന്നാൽ നദിയുടെ സമീപത്തുള്ള ചേറ്റുനിലങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാക്കപ്പെടുകയില്ല. ഉപ്പിനുവേണ്ടി അവ മാറ്റിവച്ചിരിക്കുന്നു.
12നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകൾ വാടിക്കൊഴിയുകയോ അവ ഫലം നൽകാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തൻ ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശമനത്തിനും ഉപകരിക്കുന്നു.
ദേശത്തിൻെറ അതിരുകൾ
13ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കിടയിൽ നീ ദേശം വിഭജിക്കുന്നത് ഇപ്രകാരമായിരിക്കണം. ജോസഫിന് രണ്ടു പങ്കുണ്ടായിരിക്കണം.
14നിങ്ങൾ അതു തുല്യമായിവേണം ഭാഗിക്കാൻ. ഈ ദേശം നിങ്ങളുടെ പിതാക്കൻമാർക്കു കൊടുക്കുമെന്ന് ഞാൻ ശപഥം ചെയ്തു. പൈതൃകാവകാശമായി നിങ്ങൾക്ക് ഇതു ലഭിക്കും.
15ദേശത്തിന്റെ അതിർത്തി ഇതായിരിക്കണം; വടക്കോട്ട് മഹാസമുദ്രംമുതൽ ഹെത്ലോൺവഴി ഹമാത്തിൻെറ അതിർത്തിവരെ.
16അവിടെ നിന്ന് സെദാദ്, ബറോത്ത, ദമാസ്ക്കസിൻെറയും ഹമാത്തിൻെറയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സിബ്രായിം, ഹൗറാൻെറ അതിർത്തിയിലുള്ള ഹാസ്സെർ ഹത്തിക്കോൻ എന്നിവവരെയും.
17അങ്ങനെ വടക്കേ അതിർത്തി സമുദ്രംമുതൽ ദമാസ്ക്കസിൻെറ വടക്കേ അതിർത്തിയിലുള്ള ഹസാർഏനോൻ വരെയും അതിനു വടക്കുള്ള ഹമാത്തിൻെറ അതിർത്തിവരെയും. ഇതാണ് വടക്കേ അതിര്.
18കിഴക്കേ അതിർത്തി: ദമാസ്ക്കസിൻെറയും ഹൗറാൻെറയും ഇടയ്ക്കുള്ള ഹസാർഏനോൻമുതൽ ഇസ്രായേൽദേശത്തിനും ഗിലയാദിനും ഇടയ്ക്ക് ജോർദ്ദാൻവഴി കിഴക്കേക്കടലും താമാറുംവരെയും.
19ഇതായിരിക്കണം കിഴക്കേ അതിര്. തെക്കേ അതിർത്തി: താമാർമുതൽ മെരിബാത്കാദെഷിലെ ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയും. ഇതായിരിക്കണം തെക്കേ അതിർത്തി.
20ഹമാത്തിൻെറ കവാടത്തിനു നേരേ വരെ മഹാസമുദ്രമായിരിക്കണം പടിഞ്ഞാറേ അതിർത്തി.
21അങ്ങനെ ഇസ്രായേൽഗോത്രങ്ങൾക്കനുസൃതമായി നിങ്ങൾ ഈ ദേശം വിഭജിച്ചെടുക്കണം.
22നിങ്ങൾക്കും നിങ്ങളുടെയിടയിൽ താമസിക്കവേ കുട്ടികൾ ജനിച്ച് അവിടെ പാർക്കുന്ന വിദേശീയർക്കും പൈതൃകാവകാശമായി അതു പങ്കുവയ്ക്കണം. അവർ നിങ്ങൾക്കു സ്വദേശീയരായ ഇസ്രായേൽമക്കളെപ്പോലെയായിരിക്കണം. ഇസ്രായേൽ ഗോത്രങ്ങളുടെയിടയിൽ നിങ്ങളോടൊപ്പം അവർക്കും ഒരവകാശം ലഭിക്കണം.
23പരദേശി പാർക്കുന്ന ഗോത്രം ഏതോ ആ ഗോത്രത്തിൽത്തന്നെ അവന് ഓഹരികൊടുക്കണം, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.