എസെക്കിയേൽ 25
അധ്യായങ്ങൾ
അമ്മോന്യർക്കെതിരേ
1കർത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,
2അമ്മോന്യരുടെനേരേ തിരിഞ്ഞ് അവർക്കെതിരേ പ്രവചിക്കുക.
3അമ്മോന്യരോടു പറയുക: ദൈവമായ കർത്താവിന്റെ വചനം ശ്രവിക്കുവിൻ. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം വിജനമാക്കപ്പെട്ടപ്പോൾ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോൾ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു.
4അതിനാൽ ഞാൻ നിന്നെ പൗര സ്ത്യർക്ക് അവകാശമായി കൊടുക്കാൻപോകുന്നു; അവർ നിന്നിൽ പാളയമടിച്ച് വാസമുറപ്പിക്കും. അവർ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാൽ കുടിക്കുകയും ചെയ്യും.
5ഞാൻ റബ്ബായെ ഒട്ടകങ്ങൾക്കു മേച്ചിൽസ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആ ട്ടിൻപറ്റങ്ങൾക്കു താവളവുമാക്കും. ഞാനാണ് കർത്താവെന്ന് അപ്പോൾ നീ അറിയും.
6ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാൽ,
7ഞാൻ നിനക്കെതിരേ എന്റെ കരമുയർത്തുകയും നിന്നെ ജനതകൾക്കു കവർച്ചചെയ്യാൻ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളിൽ നിന്നു നിന്നെ ഞാൻ വിച്ഛേദിക്കും. രാജ്യങ്ങളുടെ ഇടയിൽ നിന്നു നിന്നെ ഞാൻ ഉൻമൂലനം ചെയ്യും; ഞാൻ നിന്നെ നശിപ്പിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നീ അറിയും.
മൊവാബിനെതിരേ
8ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:യൂദാഭവനം മറ്റു ജനതകളെപ്പോലെയാണെന്ന് മൊവാബ് പറഞ്ഞതുകൊണ്ട്
9മൊവാബിൻെറ പാർശ്വങ്ങളായ അതിർത്തിനഗരങ്ങൾ ഞാൻ വെട്ടിത്തുറക്കും- രാജ്യത്തിന്റെ മഹത്വമായ ബേത്യഷിമോത്ത്, ബാൽമെയോൻ, കിരിയാത്തായിം എന്നീ നഗരങ്ങൾ.
10അതിനെയും ഞാൻ അമ്മോന്യരോടൊപ്പം പൗരസ്ത്യർക്ക് അവകാശമായിക്കൊടുക്കും. അത് ഒരിക്കലും സ്മരിക്കപ്പെടുകയില്ല.
11മൊവാബിൻെറ മേൽ ഞാൻ ശിക്ഷാവിധി നടത്തും. ഞാനാണ് കർത്താവെന്ന് അപ്പോൾ അവർ അറിയും.
ഏദോമിനെതിരേ
12ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:യൂദാഭവനത്തോട് ഏദോം പ്രതികാരബുദ്ധിയോടെ ക്രൂരമായി പെരുമാറിയിരിക്കുന്നു.
13ആകയാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഏദോമിനെതിരേ ഞാൻ കരമുയർത്തും. മനുഷ്യരെയും മൃഗങ്ങളെയും അവിടെനിന്നു ഞാൻ നീക്കിക്കളയും. ഞാൻ അതിനെ വിജനമാക്കും; തേമാൻമുതൽ ദദാൻവരെയുള്ളവർ വാളിനിരയാകും. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു:
14എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ട് ഏദോമിനെതിരേ ഞാൻ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും അനുസൃതമായി അവർ അവിടെ വർത്തിക്കും. അങ്ങനെ അവർ എന്റെ പ്രതികാരം അറിയും.
ഫിലിസ്ത്യർക്കെതിരേ
15ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യർ പ്രതികാരം ചെയ്തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താൽ നശിപ്പിക്കാൻവേണ്ടി ദുഷ്ടതയോടെ അവർ പ്രതികാരം ചെയ്തിരിക്കുന്നു.
16അതിനാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഫിലിസ്ത്യർക്കെതിരായി ഞാൻ കരമുയർത്തും; ക്രേത്യരെ ഞാൻ കൊല്ലുകയും കടൽത്തീരത്തു ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
17ക്രോധം നിറഞ്ഞപ്രഹരങ്ങളാൽ ഞാൻ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും.