Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

എസെക്കിയേൽ 32

അധ്യായങ്ങൾ

ഈജിപ്ത് ഒരു ഘോരസത്വം

1പന്ത്രണ്ടാംവർഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കർത്താവ് എന്നോട് അരുളിച്ചെയ്തു:
2മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു പറയുക: ജനതകളുടെ ഇടയിൽ ഒരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാൽ, നീ കടലിലെ ഘോരസത്വം പോലെയാണ്. നീ നിന്റെ നദികളിൽ ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികൾ മലിനമാക്കുന്നു.
3ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്ന് ഞാൻ നിന്റെ മേൽ വലവീശും; അവർ നിന്നെ വലിച്ചു പുറത്തിടും.
4നിന്നെ ഞാൻ നിലത്തെറിയും. തുറസ്സായ സ്ഥലത്തേക്കു നിന്നെ ഞാൻ ചുഴറ്റി എറിയും. ആകാശത്തിലെ എല്ലാ പറവ കളും നിന്റെ മേൽ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെതിന്ന് തൃപ്തരാകുന്നതിനും ഞാൻ ഇട വരുത്തും.
5നിന്റെ മാംസം ഞാൻ പർവതങ്ങളിൽ വിതറും; താഴ്വരകൾ നിന്റെ പിണംകൊണ്ടു ഞാൻ നിറയ്ക്കും.
6നിന്റെ രക്തമൊഴുക്കി ഞാൻ ഭൂമിയെ മലകൾ വരെ കുതിർക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.
7നിന്നെ നിർമാർജനം ചെയ്തുകഴിയുമ്പോൾ ഞാൻ ആകാശത്തെ മൂടിക്കളയും. നക്ഷത്രങ്ങളെ അന്ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം തരുകയില്ല.
8ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്റെ മേൽ ഞാൻ തമോമയമാക്കും. നിന്റെ ദേശം അന്ധകാരത്തിലാഴ്ത്തും. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
9നിനക്ക് അജ്ഞാതമായരാജ്യങ്ങളിലേക്ക്, ജനതകളുടെയിടയിലേക്ക്, നിന്നെ ഞാൻ അടിമയാക്കി കൊണ്ടുപോകുന്നതു കാണുമ്പോൾ അനേകരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകും.
10അനേകർ നിന്നെക്കണ്ട് സ്തബ്ധരാകുന്നതിന് ഞാൻ ഇടയാക്കും. അവർ കാൺകേ ഞാൻ വാൾ വീശുമ്പോൾ അവരുടെ രാജാക്കൾ നിന്നെപ്രതി പ്രകമ്പിതരാകും. നിന്റെ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോ നിമിഷവും വിറകൊള്ളും.
11ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിൻെറ വാൾ നിന്റെ മേൽ പതിക്കും.
12നിന്റെ ജനക്കൂട്ടത്തെ മുഴുവൻ ശക്തൻമാരുടെ വാളിന് ഞാൻ ഇരയാക്കും. ജനതകളിൽവച്ച് ഏറ്റവും ഭീകരൻമാരാണ് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും. അവിടത്തെ ജനം മുഴുവൻ നശിച്ചുപോകും.
13ജലാശയങ്ങളുടെ അരികിൽ നിന്ന് എല്ലാ മൃഗങ്ങളെയും ഞാൻ നശിപ്പിക്കും; മനുഷ്യന്റെ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലിൽ അവയെ കലക്കുകയില്ല.
14ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികൾ എണ്ണപോലെ ഒഴുകുന്നതിന് ഞാൻ ഇടയാക്കും.
15ഈജിപ്തിനെ ഞാൻ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ച് അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയും ചെയ്യുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും.
16ആലപിക്കാനുള്ള ഒരു വിലാപമാണിത്; ജനതകളുടെ പുത്രിമാർ ഈജിപ്തിനെയും അവളുടെ എല്ലാ ജനങ്ങളെയും കുറിച്ച് ഇത് ആലപിക്കും; ദൈവമായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു.

ജനതകൾ പാതാളത്തിൽ

17പന്ത്രണ്ടാം വർഷം ഒന്നാംമാസം പതിനഞ്ചാം ദിവസം കർത്താവ് എന്നോട് അരുളിച്ചെയ്തു:
18മനുഷ്യപുത്രാ, ഈജിപ്തിലെ ജനങ്ങളെയോർത്ത് വിലപിക്കുക; അവളെയും ശക്തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തിൽ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
19സൗന്ദര്യത്തിൽ ആരെയാണ് നീ അതിശയിക്കുക? താഴെച്ചെന്ന് അപരിച്ഛേദിതരുടെകൂടെ കിടക്കുക.
20വാളിനിരയായവരുടെ മധേ്യ അവർ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
21ശക്തൻമാരായ പ്രമാണികൾ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മധേ്യ നിന്ന് അവരെപ്പറ്റി ഇങ്ങനെ പറയും: അവർ താഴെയെത്തിയിട്ടുണ്ട്. വാളിനിരയാക്കപ്പെട്ട അപരിച്ഛേദിതരായ അവർ നിശ്ചലരായി കിടക്കുന്നു.
22അസ്സീറിയാ അവിടെയുണ്ട്. അവളുടെ വാളേറ്റു മരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളിൽ അവൾക്കു ചുറ്റും കിടക്കുന്നു.
23അവരുടെ ശവകുടീരങ്ങൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയ അവർ ഇന്നു വാളേറ്റു മരിച്ചു കിടക്കുന്നു.
24ഏലാമും അവിടെയുണ്ട്; അവളുടെ ശവകുടീരത്തിനു ചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയ അവർ ഇന്ന്വാളേറ്റു മരിച്ച് അപരിച്ഛേദിതരായി അധോലോകത്തിൽ എത്തിയിരിക്കുന്നു. പാതാളത്തിൽ പതിച്ചവരോടൊപ്പം അവർ അവമാനിതരായി കഴിയുന്നു.
25വധിക്കപ്പെട്ടവരുടെ മധ്യത്തിൽ അവർ അവൾക്കു കിടക്ക ഒരുക്കി. വാളേറ്റു മരിച്ച അപരിച്ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങൾ അവൾക്കു ചുററുമുണ്ട്. എന്തെന്നാൽ ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയ അവർ പാതാളത്തിൽ പതിക്കുന്നവരുടെ കൂടെ ഇന്നു ലജ്ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെ കൂടെയാണ് അവർക്ക് ഇടം ലഭിച്ചത്.
26മേഷെക്കും തൂബാലും അവിടെയുണ്ട്. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവർക്കു ചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരും വാളിനിരയായവരുമാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരാണ് അവർ.
27വാളുകൾ തലയ്ക്കു കീഴേയും പരിചകൾ അസ്ഥികളുടെ മുകളിലും വച്ച് പടക്കോപ്പുകളോടെ പാതാളത്തിലേക്കു പോയ വധിക്കപ്പെട്ട അപരിച്ഛേദിതരായ വീരൻമാരുടെ കൂട്ടത്തിൽ അവർ കിടക്കുകയില്ല. കാരണം, ജീവനുള്ള വരുടെ ദേശത്ത് ശക്തൻമാരായ അവർ ഭീഷണിയായിരുന്നു.
28അപരിച്ഛേദിതരുടെയിടയിൽ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങൾ തകർന്നു കിടക്കും.
29ഏദോമും അവളുടെ രാജാക്കൻമാരും എല്ലാ പ്രഭുക്കൻമാരും അവിടെയുണ്ട്. എല്ലാ ശക്തിയും ഉണ്ടായിരുന്നിട്ടും അവർ വാളിനിരയായ അപരിച്ഛേദിതരുടെയും പാതാളത്തിൽ പതിച്ചവരുടെയും കൂടെ കിടക്കുന്നു.
30വടക്കുനിന്നുള്ള പ്രഭുക്കൻമാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ ശക്തിയാൽ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവർ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തിൽ പതിക്കുന്നവരുടെ അപമാനം സഹിച്ച് അപരിച്ഛേദിതരായി കഴിയുന്നു.
31ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെ കാണുമ്പോൾ സ്വന്തം ജനങ്ങളെക്കുറിച്ച് ആശ്വാസംകൊള്ളും.
32ജീവിക്കുന്നവരുടെ ദേശത്ത് അവൻ ഭീതി പരത്തി. എന്നാൽ, ഫറവോയും അവന്റെ ജനവും അപരിച്ഛേദിതരുടെയിടയിൽ വാളിനിരയാക്കപ്പെട്ടവരോടുകൂടെ കിടക്കും - ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്