എസെക്കിയേൽ 11
അധ്യായങ്ങൾ
നേതാക്കൻമാർക്കു ശിക്ഷ
1ആത്മാവ് എന്നെ ഉയർത്തി കർത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിലേക്കു കൊണ്ടുവന്നു. അതാ, അവിടെ ഇരുപത്തിയഞ്ചു പേർ. ജനപ്രമാണികളായ ആസൂറിന്റെ പുത്രൻയാസാനിയായെയും ബനായായുടെ പുത്രൻ പെലാത്തിയായെയും അവരുടെയിടയിൽ ഞാൻ കണ്ടു.
2അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇവരാണ് പട്ടണത്തിൽ ദുഷ്കൃത്യങ്ങൾക്ക് കളമൊരുക്കുകയും ദുരുപദേശങ്ങൾ നൽകുകയും ചെയ്യുന്നവർ.
3അവർ പറയുന്നു: നാം വീടു പണിയേണ്ട സമയമായിട്ടില്ല. ഈ നഗരം കുട്ടകവും നാം മാംസവുമാണ്.
4ആകയാൽ പ്രവചിക്കുക, മനുഷ്യപുത്രാ, അവർക്കെതിരായി പ്രവചിക്കുക.
5കർത്താവിന്റെ ആത്മാവ് എന്റെ മേൽ വന്ന് എന്നോടു കൽപിച്ചു: കർത്താവ് അരുളിച്ചെയ്യുന്നുവെന്നു പറയുക. ഇസ്രായേൽഭവനമേ, നിങ്ങൾ ഇങ്ങനെ വിചാരിക്കുന്നു; നിങ്ങളുടെ മനസ്സിലുദിക്കുന്നതെല്ലാം ഞാൻ അറിയുന്നു.
6ഈ നഗരത്തിൽ നിങ്ങൾ എണ്ണമറ്റ വധം നടത്തി. മൃതശരീരങ്ങൾ കൊണ്ട് നഗരവീഥികൾ നിങ്ങൾ നിറച്ചു.
7ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ നഗരമധ്യത്തിൽ കൊന്നിട്ടിരിക്കുന്നവരാണ് മാംസം. ഈ നഗരമാണ് കുട്ടകം.
8എന്നാൽ, നിങ്ങളെ ഞാൻ അതിന്റെ മധ്യത്തിൽനിന്നു പുറത്തു കൊണ്ടുവരും. നിങ്ങൾ വാളിനെ ഭയപ്പെടുന്നു. ഞാൻ നിങ്ങളുടെമേൽ വാൾ വീഴ്ത്തും. ദൈവമായ കർത്താവാണ് ഇതു പറയുന്നത്.
9നിങ്ങളെ ഞാൻ നഗരമധ്യത്തിൽനിന്നു പുറത്തു കൊണ്ടുവന്ന് വിദേശീയരുടെ കൈയിലേൽപിക്കും. നിങ്ങളുടെമേൽ എന്റെ ശിക്ഷാവിധി ഞാൻ നടപ്പിലാക്കും.
10നിങ്ങൾ വാളിനിരയാകും. ഇസ്രായേലിന്റെ അതിർത്തിയിൽവച്ച് നിങ്ങളെ ഞാൻ വിധിക്കും. ഞാനാണ് കർത്താവെന്ന് അപ്പോൾ നിങ്ങൾ അറിയും.
11ഈ നഗരം നിങ്ങൾക്ക് കുട്ടകമായിരിക്കുകയില്ല. നിങ്ങൾ അതിലെ മാംസവുമായിരിക്കുകയില്ല. നിങ്ങളെ ഞാൻ ഇസ്രായേലിന്റെ അതിർത്തിയിൽവച്ചു വിധിക്കും.
12ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ എന്റെ കൽപനകളനുസരിച്ചു ജീവിച്ചില്ല. എന്റെ നിയമങ്ങൾ പാലിച്ചില്ല. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങളനുസരിച്ചാണ് നിങ്ങൾ പ്രവർത്തിച്ചത്.
13ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ബനായായുടെ പുത്രനായ പെലാത്തിയ മരിച്ചു. ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ നിലവിളിച്ചു: ദൈവമായ കർത്താവേ, ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ അങ്ങ് പൂർണമായി നശിപ്പിക്കുമോ?
പ്രവാസികൾക്കു വാഗ്ദാനം
14കർത്താവ് എന്നോട് അരുളിച്ചെയ്തു:
15മനുഷ്യപുത്രാ, നിന്റെ സഹോദരങ്ങളോട്, നിന്റെ സഹോദരരോടും ബന്ധുക്കളോടും ഇസ്രായേൽ ഭവനം മുഴുവനോടും ആണ് ജറുസലെംനിവാസികൾ ഇങ്ങനെ പറഞ്ഞത്: നിങ്ങൾ കർത്താവിൽനിന്നകന്നുപോയി. ഈ ദേശം ഞങ്ങൾക്കാണ് അവകാശമായി നൽകിയിരിക്കുന്നത്.
16ആകയാൽ ഇങ്ങനെ പറയുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. അവരെ ഞാൻ ജനതകളുടെയിടയിലേക്ക് അകറ്റിയെങ്കിലും, രാജ്യങ്ങളുടെയിടയിൽ അവരെ ഞാൻ ചിതറിച്ചെങ്കിലും, അവർ എത്തിച്ചേർന്ന രാജ്യങ്ങളിൽ തത്കാലത്തേക്കു ഞാൻ അവർക്കു ദേവാലയമായി.
17വീണ്ടും പറയുക: ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാൻ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടും; നിങ്ങൾ ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽനിന്ന്, നിങ്ങളെ ഞാൻ ശേഖരിക്കും. ഇസ്രായേൽദേശം നിങ്ങൾക്കു ഞാൻ നൽകും.
18അവിടെ വരുമ്പോൾ അവർ എല്ലാ നിന്ദ്യവസ്തുക്കളും മ്ളേച്ഛതകളും അവിടെനിന്ന് നീക്കിക്ക ളയും.
19അവർക്കു ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും.
20അങ്ങനെ അവർ എന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെദൈവവും ആയിരിക്കും.
21എന്നാൽ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അർപ്പിച്ചിരിക്കുന്നവരുടെ പ്രവൃത്തികൾക്ക് അവരുടെ തലയിൽത്തന്നെ ഞാൻ ശിക്ഷ വരുത്തും; ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിൻെറ മഹത്വം ജറുസലെം വിടുന്നു
22കെരൂബുകൾ ചിറകുകളുയർത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയർന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മീതേ നിലകൊണ്ടു.
23കർത്താവിന്റെ മഹത്വം നഗരമധ്യത്തിൽനിന്നുയർന്ന്, നഗരത്തിനു കിഴക്കുള്ള മലമുകളിൽ ചെന്നുനിന്നു.
24ആത്മാവ് എന്നെ എടുത്തുയർത്തി. ദൈവാത്മാവിൽനിന്നുള്ള ദർശ നത്തിൽ കൽദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാൻ കണ്ട ദർശനം അപ്രത്യക്ഷമായി.
25കർത്താവ് എനിക്കു കാണിച്ചുതന്നതെല്ലാം ഞാൻ പ്രവാസികളോടു പറഞ്ഞു.