എസെക്കിയേൽ 1
അധ്യായങ്ങൾ
എസെക്കിയേലിനു ദൈവദർശനം
1മുപ്പതാംവർഷം നാലാംമാസം അഞ്ചാം ദിവസം ഞാൻ കേബാർ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോൾ സ്വർഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദർശനങ്ങൾ ഉണ്ടായി.
2മാസത്തിൻെറ അഞ്ചാംദിവസംയഹോയാക്കിൻരാജാവിൻെറ പ്രവാസത്തിന്റെ അഞ്ചാംവർഷം.
3കൽദായദേശത്ത് കേബാർ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കർത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കർത്താവിന്റെ കരം അവന്റെ മേൽ ഉണ്ടായിരുന്നു.
4ഞാൻ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവിൽ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.
5നാലു ജീവികളുടെ രൂപങ്ങൾ അതിന്റെ മധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.
6എന്നാൽ, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.
7അവയുടെ കാലുകൾ നിവർന്നതും കാലടികൾ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചു മിനുക്കിയ ഓടുപോലെ അവ തിളങ്ങി.
8അവയുടെ നാലുവശത്തും ചിറകുകൾക്കു കീഴിൽ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.
9അവയുടെ ചിറകുകൾ പരസ്പരം സ്പർശിച്ചിരുന്നു. ഓരോന്നും ഇടംവലം തിരിയാതെ നേരേ മുമ്പോട്ടു നീങ്ങിയിരുന്നു.
10അവയുടെ മുഖങ്ങൾ ഇപ്രകാരമായിരുന്നു - നാലിനും മുൻഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിൻഭാഗത്ത് കഴുകൻെറ മുഖം,
11അവയുടെ മുഖങ്ങൾ അങ്ങനെ. ചിറകുകൾ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നിൽക്കുന്ന ജീവിയുടെ ചിറകുകളെ സ്പർശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു.
12അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.
13ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനൽ പോലെ ആയിരുന്നു. അവയ്ക്കിടയിൽ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്നി ശോഭയുള്ളതായിരുന്നു. അതിൽ നിന്നു മിന്നൽപ്പിണർ പുറപ്പെട്ടിരുന്നു.
14ആ ജീവികൾ ഇടിമിന്നൽ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
15ഞാൻ ആ ജീവികളെ സൂക്ഷിച്ചു നോക്കി. അതാ, അവയ്ക്കോരോന്നിനും സമീപത്ത് ഭൂമിയിൽ ഓരോ ചക്രം.
16അവയുടെ രൂപവും ഘടനയും: അവ ഗോമേദകം പോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊന്ന് എന്ന വിധമായിരുന്നു അവയുടെ ഘടന.
17അവ ചരിക്കുമ്പോൾ നാലിൽ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.
18അവയുടെ പട്ടകൾ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.
19നാലിൻെറയും പട്ടകൾക്കു ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികൾ നടന്നപ്പോൾ ചക്രങ്ങളും അവയോടുചേർന്നു നീങ്ങിയിരുന്നു. ജീവികൾ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും ഉയരും.
20അവ എവിടെ പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാൽ ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
21ജീവികൾ ചലിക്കുമ്പോൾ ചക്രങ്ങളും ചലിച്ചിരുന്നു. അവനിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഭൂമിയിൽനിന്ന് ഉയർന്നപ്പോൾ ചക്രങ്ങളും ഉയർന്നു. കാരണം, ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.
22ആ ജീവികളുടെ തലയ്ക്കു മുകളിൽ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാന മുണ്ടായിരുന്നു. അത് അവയുടെ തലയ്ക്കു മുകളിൽ വിരിഞ്ഞുനിന്നു.
23അവയുടെ ചിറകുകൾ ആ വിതാനത്തിനു കീഴിൽ ഒന്നിന്റെ ചിറക് അടുത്തതിൻേറ തിൽ സ്പർശിക്കുമാറ് നിവർത്തിപ്പിടിച്ചിരുന്നു. അവയോരോന്നിനും തങ്ങളുടെ ശരീരം മറയ്ക്കുന്നതിന് ഈരണ്ടു ചിറകുകളുണ്ടായിരുന്നു.
24അവ പറന്നപ്പോൾ അവയുടെ ചിറകുകളുടെ ശബ്ദം ഞാൻ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പൽപോലെയും സർവശക്തൻെറ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവനിശ്ചലമായി നിന്നപ്പോൾ ചിറകുകൾ താഴ്ത്തിയിട്ടിരുന്നു.
25അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു സ്വരമുണ്ടായി. അവനിശ്ചലമായി നിന്നപ്പോൾ ചിറകുകൾ താഴ്ത്തിയിട്ടിരുന്നു.
26അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. മനുഷ്യൻേറ തുപോലെയുള്ള ഒരു രൂപം അതിൽ ഇരിപ്പുണ്ടായിരുന്നു.
27അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിൻെറ മുകൾഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്നിപോലെ കാണപ്പെട്ടു.
28അവനു ചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലു പോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കർത്താവിന്റെ മഹത്വത്തിൻെറ രൂപം കാണപ്പെട്ടത് ഈ വിധത്തിലാണ്. ഇവ ദർശിച്ച മാത്രയിൽ ഞാൻ കമിഴ്ന്നുവീണു. ആരോ സംസാരിക്കുന്ന സ്വരം ഞാൻ കേട്ടു.