എസെക്കിയേൽ 3
അധ്യായങ്ങൾ
1അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുൾ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേൽ ഭവനത്തോടു സംസാരിക്കുക.
2ഞാൻ വായ് തുറന്നു. അവൻ ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു.
3അവൻ പറഞ്ഞു: മനുഷ്യപുത്രാ, ഞാൻ തരുന്ന ഈ ചുരുൾ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാൻ അതു ഭക്ഷിച്ചു. എന്റെ വായിൽ അതു തേൻപോലെ മധുരിച്ചു.
4അവൻ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേൽ ഭവനത്തിൽച്ചെന്ന് എന്റെ വാക്കുകൾ അവരെ അറിയിക്കുക.
5അന്യഭാഷയും ദുർഗ്രഹമായ ശൈലിയും ഉപയോഗിക്കുന്നവരുടെ അടുത്തേക്കല്ല, ഇസ്രായേൽഭവനത്തിലേക്കാണ് നിന്നെ ഞാൻ അയയ്ക്കുന്നത്.
6അന്യഭാഷയും ദുർഗ്രഹമായ ശൈലിയും കഠിനപദങ്ങളും ഉപയോഗിക്കുന്ന ജനതകളുടെ അടുത്തേക്കല്ല നിന്നെ ഞാൻ അയയ്ക്കുന്നത്. അങ്ങനെയുള്ളവരുടെ അടുത്തേക്കായിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കു ശ്രവിക്കുമായിരുന്നു.
7എന്നാൽ ഇസ്രായേൽഭവനം നിന്റെ വാക്കു കേൾക്കുകയില്ല. കാരണം, എന്റെ വാക്കു കേൾക്കാൻ അവർ തയ്യാറല്ല, എന്തെന്നാൽ ഇസ്രായേൽഭവനം മുഴുവൻ കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്.
8നിന്റെ മുഖം അവരുടെ മുഖങ്ങൾക്കെതിരേയും, നിന്റെ നെറ്റി അവരുടെ നെറ്റികൾക്കെ തിരേയും ഞാൻ കഠിനമാക്കിയിരിക്കുന്നു.
9തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്റെ നെറ്റി ഞാൻ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തിൽ പരിഭ്രമിക്കുകയും വേണ്ടാ. അവർ ധിക്കാരികളുടെ ഭവനമാണ്.
10അവൻ തുടർന്നു: മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന വാക്കുകൾ ചെവിതുറന്നു കേൾക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുക.
11നീ പ്രവാസികളുടെ അടുത്തേക്ക്, നിന്റെ ജനത്തിന്റെ അടുത്തേക്ക്, ചെന്നു ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ.
12ആത്മാവ് എന്നെ മേൽപോട്ടുയർത്തി. കർത്താവിന്റെ മഹത്വം സ്വസ്ഥാനത്തുനിന്ന് ഉയർന്നപ്പോൾ വലിയ ഭൂകമ്പത്തിൻേറ തുപോലെ ഒരു ശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.
13ആ ജീവികളുടെ ചിറകുകൾ പരസ്പരം സ്പർശിച്ചുണ്ടായ ശബ്ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്ദവുമാണ് വലിയ ഭൂകമ്പത്തിൻെറ ശബ്ദംപോലെ ഞാൻ കേട്ടത്.
14ആത്മാവ് എന്നെ ഉയരത്തിലൂടെ വഹിച്ചുകൊണ്ടുപോയി. പര്യാകുലനും അമർഷം പൂണ്ടവനുമായിട്ടാണു ഞാൻ പോയത്. എന്തെന്നാൽ ദൈവത്തിന്റെ കരം എന്റെ മേൽ ശക്തമായിരുന്നു.
15തെൽ-അബീബിൽ കേബാർനദീതീരത്തു വസിച്ചിരുന്ന പ്രവാസികളുടെ അടുത്തു ഞാൻ എത്തി. അവരുടെയിടയിൽ സ്തബ്ധനായി ഏഴു ദിവസം ഞാൻ കഴിച്ചു.
16ഏഴു ദിവസം കഴിഞ്ഞപ്പോൾ എനിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:
17മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽ ഭവനത്തിന്റെ കാവൽക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളിൽ നിന്നു വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം.
18തീർച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാൻ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാൽ, അവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാൽ, ആദുഷ്ടൻ അവന്റെ പാപത്തിൽ മരിക്കും; അവന്റെ രക്തത്തിനു ഞാൻ നിന്നെ ഉത്തരവാദിയാക്കും.
19നീ ദുഷ്ടനെ ശാസിച്ചിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുർമാർഗത്തിൽനിന്നും പിൻമാറാതിരുന്നാൽ അവൻ തൻെറ പാപത്തിൽ മരിക്കും. എന്നാൽ, നീ നിന്റെ ജീവൻ രക്ഷിക്കും.
20നീതിമാൻ തൻെറ നീതി വെടിഞ്ഞു തിൻമ പ്രവർത്തിച്ചാൽ അവൻ വീഴാൻ ഞാൻ ഇടയാക്കും; അവൻ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാൽ അവൻ തൻെറ പാപം നിമിത്തം മരിക്കും. അവൻ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികൾ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാൻ നിന്നെ ഉത്തരവാദിയാക്കും.
21പാപം ചെയ്യരുതെന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവൻ പാപം ചെയ്യാതിരുന്നാൽ, അവൻ തീർച്ചയായും ജീവിക്കും. കാരണം അവൻ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.
22അവിടെ കർത്താവിന്റെ കരം എന്റെ മേൽ ഉണ്ടായിരുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും.
23ഞാൻ എഴുന്നേറ്റു സമതലത്തിലേക്കു പോയി. ഇതാ, കർത്താവിന്റെ മഹത്വം അവിടെ നിൽക്കുന്നു. കേ ബാർനദിയുടെ തീരത്തു ഞാൻ കണ്ട മഹ ത്വംപോലെതന്നെ. ഞാൻ കമിഴ്ന്നു വീണു.
24ആത്മാവ് എന്നിൽ പ്രവേശിച്ച് എന്നെ എഴുന്നേൽപിച്ചു നിർത്തി എന്നോടു സംസാരിച്ചു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ വീട്ടിൽപോയി കതകടച്ചിരിക്കുക.
25മനുഷ്യപുത്രാ, നീ ജനത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കാൻ നീ കയറുകൊണ്ടു വരിഞ്ഞു കെട്ടപ്പെടും.
26നിന്റെ നാവിനെ ഞാൻ അണ്ണാക്കിനോട് ഒട്ടിച്ചുനിർത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്റെ നാവു ബന്ധിക്കപ്പെടും. കാരണം, അവർ ധിക്കാരികളുടെ ഭവനമാണ്.
27എന്നാൽ, ഞാൻ നിന്നോടു സംസാരിക്കുമ്പോൾ നിന്റെ അധരങ്ങൾ തുറക്കപ്പെടും. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അപ്പോൾ അവരോടു പറയണം. കേൾക്കുന്നവൻ കേൾക്കട്ടെ. കേൾക്കാൻമനസ്സില്ലാത്തവൻ കേൾക്കാതിരിക്കട്ടെ. അവർ ധിക്കാരികളുടെ ഭവനമാണ്.