പുറപ്പാട് 39
അധ്യായങ്ങൾ
പുരോഹിതവസ്ത്രങ്ങൾ
1മോശയ്ക്കു കർത്താവു നൽകിയ കൽപനയനുസരിച്ച് അവർ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകൾക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേർമയുള്ള വസ്ത്രങ്ങൾ നിർമിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2സ്വർണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളും നേർമയിൽ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവർ എഫോദ് ഉണ്ടാക്കി.
3അവർ സ്വർണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളിലും നേർമയിൽ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേർത്തു.
4എഫോദിന് തോൾവാറുകളുണ്ടാക്കി, അതിന്റെ രണ്ട റ്റങ്ങളിലും യോജിപ്പിച്ചു.
5എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വർണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളും നേർമയിൽനെയ്തെടുത്ത ചണത്തുണിയും ചേർത്ത്, കർത്താവു മോശയോടു കൽപിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.
6ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളിൽ മുദ്രപോലെ ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകൾ കൊത്തി; കല്ലുകൾ സ്വർണത്തകിടുകളിൽ പതിച്ചു.
7കർത്താവ് മോശയോടു കൽപിച്ചതനുസരിച്ച് ഇസ്രായേൽ പുത്രൻമാരുടെ സ്മാരകശിലകളായി അവ എഫോദിൻെറ തോൾവാറുകളിൽ ഉറപ്പിച്ചു.
8അവർ എഫോദിൻേറ തുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിർമിച്ചു. സ്വർണനൂലുകൾ, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകൾ, നേർമയിൽ നെയ് തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിർമിച്ചത്.
9ഉരസ്ത്രാണം സമചതുരത്തിൽ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാൺ നീളവും ഒരു ചാൺ വീതിയുമുണ്ടായിരുന്നു. അതിൻമേൽ അവർ നാലുനിര രത്നങ്ങൾ പതിച്ചു.
10ആദ്യത്തെനിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11രണ്ടാമത്തെനിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം;
12മൂന്നാമത്തെനിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13നാലാമത്തെനിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വർണത്തകിടിലാണ് ഈ രത്നങ്ങൾ പതിച്ചത്.
14ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രൻമാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിൻെറയും പേര് ഓരോ രത്നത്തിൻമേൽ, മുദ്രപോലെ ആലേഖനം ചെയ്തു.
15അവർ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വർണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകൾ പണിതു;
16രണ്ടു സ്വർണത്തകിടുകളും രണ്ടു സ്വർണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങൾ ഉരസ്ത്രാണത്തിൻെറ മുകളിലത്തെ രണ്ടു മൂലകളിൽ ഘടിപ്പിച്ചു.
17രണ്ടു സ്വർണത്തുടലുകൾ ഉരസ്ത്രാണത്തിൻെറ മൂലകളിലുള്ള വളയങ്ങളിൽ കൊളുത്തി.
18സ്വർണത്തുടലുകളുടെ മറ്റേ അറ്റങ്ങൾ സ്വർണത്തകിടുകളിൽ ഘടിപ്പിച്ച്, എഫോദിൻെറ മുൻഭാഗത്ത് അതിന്റെ തോൾവാറുകളിൽ ബന്ധിച്ചു.
19രണ്ടു സ്വർണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിൻെറ താഴത്തെകോണുകളിൽ അവയുടെ ഉൾഭാഗത്ത് എഫോദിനോടു ചേർത്തു ബന്ധിച്ചു.
20രണ്ടു സ്വർണവളയങ്ങൾകൂടി നിർമിച്ച് അവ എഫോദിൻെറ തോൾവാറുകളുടെ താഴത്തെ അറ്റങ്ങൾക്കു മുൻഭാഗത്ത്, അവയുടെ തുന്ന ലിനോടടുത്ത്, എഫോദിൻെറ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.
21കർത്താവു മോശയോടു കൽപിച്ചതുപോലെ, ഉരസ്ത്രാണം എഫോദിൻെറ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിൽനിന്ന് ഇളകിപ്പോകാതിരിക്കാൻ അവയുടെ വളയങ്ങൾ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22എഫോദിൻെറ നിലയങ്കി നീലനിറത്തിൽ നെയ്തെടുത്തു;
23തല കടത്താൻ അതിന്റെ നടുവിൽ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോൾ കീറിപ്പോകാതിരിക്കാൻ ഉടുപ്പുകൾക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേർത്തു.
24നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകൾ തുന്നിച്ചേർത്തു.
25അവർ തനി സ്വർണംകൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയിൽ ബന്ധിച്ചു.
26കർത്താവു മോശയോടു കൽപിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.
27അവർ അഹറോനും അവന്റെ പുത്രൻമാർക്കും വേണ്ടി നേർത്ത ചണംകൊണ്ടു അങ്കികൾ നെയ്തു.
28നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാൽച്ചട്ടയും ഉണ്ടാക്കി.
29കർത്താവു മോശയോടു കൽപിച്ചതു പോലെ, അവർ നേർത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലിൽ അരപ്പട്ടയുണ്ടാക്കി.
30വിശുദ്ധ കിരീടത്തിന്റെ തകിട് അവർ തനി സ്വർണംകൊണ്ട് നിർമിച്ച് അതിൻമേൽ ഒരു മുദ്രയെന്നപോലെ കർത്താവിനു സമർപ്പിതൻ എന്നു കൊത്തിവച്ചു.
31കർത്താവു മോശയോടു കൽപിച്ചതുപോലെ, തലപ്പാവിന്റെ മുൻവശത്തു ബന്ധിക്കാൻ തകിടിൻമേൽ ഒരു നീലച്ചരടു പിടിപ്പിച്ചു.
32ഇങ്ങനെ, സമാഗമകൂടാരത്തിന്റെ പണികളെല്ലാം അവസാനിച്ചു. കർത്താവു മോശയോടു കൽപിച്ചതനുസരിച്ച് ഇസ്രായേൽ ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33അവർ കൂടാരം അതിന്റെ എല്ലാ ഉപക രണങ്ങളോടുംകൂടി മോശയുടെ അടുക്കൽകൊണ്ടുവന്നു: കൊളുത്തുകൾ, പലകകൾ, അഴികൾ, തൂണുകൾ, പാദകുടങ്ങൾ;
34ഊറയ്ക്കിട്ട മുട്ടാടിൻ തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35സാക്ഷ്യപേടകം, അതിന്റെ തണ്ടുകൾ, കൃപാസനം;
36മേശ, അതിന്റെ ഉപകരണങ്ങൾ, തിരുസാന്നിധ്യത്തിൻെറ അപ്പം;
37തനി സ്വർണംകൊണ്ടു നിർമിച്ചവിളക്കുകാൽ, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങൾ, വിളക്കിനുള്ള എണ്ണ;
38സ്വർണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങൾ, കൂടാരവാതിലിൻെറ യവനിക;
39ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകൾ, ഉപകരണങ്ങൾ, ക്ഷാളനപാത്രം, അതിന്റെ പീഠം;
40അങ്കണത്തിന്റെ മറകൾ, തൂണുകൾ, പാദകുടങ്ങൾ, അങ്കണകവാടത്തിന്റെ യവനിക, കയറുകൾ, കുറ്റികൾ, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങൾ;
41വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങൾ, പുരോഹിതനായ അഹറോന്റെ വിശുദ്ധ വസ്ത്രങ്ങൾ, അവന്റെ പുത്രൻമാർ പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങൾ.
42കർത്താവു മോശയോടു കൽപിച്ചതുപോലെതന്നെ, ഇസ്രായേൽ ജനം ഇവയെല്ലാം ഉണ്ടാക്കി.
43അവർ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കർത്താവു കൽപിച്ചതുപോലെ തന്നെ അവർ പ്രവർത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു.