Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പുറപ്പാട് 19

അധ്യായങ്ങൾ

സീനായ് ഉടമ്പടി

1ഈജിപ്തിൽ നിന്നു പുറപ്പെട്ടതിൻെറ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേൽക്കാർ സീനായ് മരുഭൂമിയിലെത്തി.
2അവർ റഫിദീമിൽനിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിൽ പ്രവേശിച്ച് മലയുടെ മുൻവശത്തു പാളയമടിച്ചു.
3മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കർത്താവു മലയിൽനിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിൻെറ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.
4ഈജിപ്തുകാരോടു ഞാൻ ചെയ്തതെന്തെന്നും കഴുകൻമാരുടെ ചിറകുകളിൽ സംവഹിച്ച് ഞാൻ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങൾ കണ്ടു കഴിഞ്ഞു.
5അതുകൊണ്ടു നിങ്ങൾ എന്റെ വാക്കുകേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവൻ എൻേറതാണ്.
6നിങ്ങൾ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ് ഇസ്രായേൽക്കാരോടു നീ പറയേണ്ട വാക്കുകൾ.
7മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠൻമാരെ വിളിച്ച് കർത്താവു കൽപിച്ച കാര്യങ്ങളെല്ലാം അവരെ അറിയിച്ചു.
8ജനം ഏകസ്വരത്തിൽ പറഞ്ഞു: കർത്താവു കൽപിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം. ജനത്തിന്റെ മറുപടി മോശ കർത്താവിനെ അറിയിച്ചു.
9കർത്താവു മോശയോടു പറഞ്ഞു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കുന്നതിനും അവർ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനും വേണ്ടി ഇതാ, ഞാൻ ഒരു കനത്ത മേഘത്തിൽ നിന്റെ അടുക്കലേക്കു വരുന്നു. മോശ ജനത്തിന്റെ വാക്കുകൾ കർത്താവിനെ അറിയിച്ചു.
10അപ്പോൾ കർത്താവു മോശയോടു പറഞ്ഞു: നീ ജനത്തിന്റെ അടുത്തേക്കുപോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കട്ടെ.
11മൂന്നാംദിവസം അവർ തയ്യാറായിരിക്കണം, എന്തെന്നാൽ, മൂന്നാംദിവസം ജനം മുഴുവൻ കാൺകേ കർത്താവു സീനായ് മലയിൽ ഇറങ്ങിവരും.
12മലയ്ക്കു ചുറ്റും ജനങ്ങൾക്ക് അതിർത്തി കൽപിച്ചുകൊണ്ടു പറയണം: മലയിൽ കയറുകയോ അതിന്റെ അതിരിൽ തൊടുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. മലയിൽ തൊടുന്നവൻ വധിക്കപ്പെടും. അവനെ ആരും സ്പർശിക്കരുത്.
13കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്. കാഹളം ദീർഘമായി മുഴങ്ങുമ്പോൾ അവർ മലയെ സമീപിക്കട്ടെ.
14മോശ മലയിൽനിന്നിറങ്ങി ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി.
15അവൻ ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ, ആരും സ്ത്രീയെ സമീപിക്കരുത്.

ദൈവം പ്രത്യക്ഷപ്പെടുന്നു

16മൂന്നാംദിവസം പ്രഭാതത്തിൽ ഇടിമുഴക്കവും മിന്നൽപിണരുകളും ഉണ്ടായി. മലമുകളിൽ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തിൽ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നുവിറ ച്ചു.
17ദൈവത്തെ കാണുന്നതിനുവേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവർ മലയുടെ അടിവാരത്തിൽ നിലയുറപ്പിച്ചു. കർത്താവ് അഗ്നിയിൽ ഇറങ്ങി വന്നതിനാൽ സീനായ്മല മുഴുവൻ ധൂമാവൃതമായി.
18ചൂളയിൽനിന്നെന്നപോലെ അവിടെ നിന്നു പുക ഉയർന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു.
19കാഹള ശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താൽ ഉത്തരം നൽകുകയും ചെയ്തു.
20കർത്താവു സീനായ്മലമുകളിൽ ഇറങ്ങിവന്ന് മോശയെ മലമുകളിലേക്കു വിളിച്ചു. അവൻ കയറിച്ചെന്നു.
21അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുക. അല്ലെങ്കിൽ അവരിൽ അനേകം പേർ കർത്താവിനെ കാണുന്നതിന് അതിർത്തി ലംഘിച്ച് അടുത്തു വരുകയും തത്ഫലമായി മരിക്കുകയും ചെയ്യും.
22കർത്താവിനെ സമീപിക്കുന്ന പുരോഹിതൻമാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കിൽ, കർത്താവിന്റെ കോപം അവരുടെമേൽ പതിക്കും.
23മോശ കർത്താവിനോടു പറഞ്ഞു: സീനായ്മലയിലേക്കു കയറാൻ ജനങ്ങൾക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിർത്തി നിർണയിച്ച് മലയെ വിശുദ്ധ സ്ഥലമായി പരിഗണിക്കാൻ അങ്ങുതന്നെ ഞങ്ങളോടു കൽപിച്ചിട്ടുണ്ടല്ലോ.
24അപ്പോൾ, കർത്താവു മോശയോടു കൽപിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയുംകൂട്ടി കയറിവരുക. എന്നാൽ, പുരോഹിതൻമാരും ജനങ്ങളും അ തിർത്തി ലംഘിച്ചു കർത്താവിനെ സമീ പിക്കാതിരിക്കട്ടെ. സമീപിച്ചാൽ കർത്താവിന്റെ കോപം അവരുടെമേൽ പതിക്കും.
25മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്