പുറപ്പാട് 26
അധ്യായങ്ങൾ
സാക്ഷ്യകൂടാരം
1പത്തു വിരികൾകൊണ്ടു നീ വിശുദ്ധകൂടാരം നിർമിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെ ടുത്ത നേർത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികൾ: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം.
2ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.
3അഞ്ചു വിരികൾ ഒന്നോടൊന്നു ചേർത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും.
4ആദ്യഗണം വിരികളിൽ ഒടുവിലത്തേതിൻെറ വക്കിൽ നീല നൂൽകൊണ്ടു വളയങ്ങൾ തുന്നിച്ചേർക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിലും.
5ആദ്യത്തെ വിരിയിൽ അൻപതു വളയങ്ങൾ ഉണ്ടാക്കണം. രണ്ടാം ഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിലും അൻപതു വളയങ്ങൾ ഉണ്ടാക്കണം. വളയങ്ങൾ ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലായിരിക്കണം.
6സ്വർണംകൊണ്ട് അൻപതു കൊളുത്തുകൾ ഉണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തുകൊണ്ടു യോജിപ്പിക്കുമ്പോൾ അതൊരു കൂടാരമാകും.
7കൂടാരത്തിൻെറ മുകൾഭാഗം മൂടുന്നതിനായി ആട്ടിൻരോമം കൊണ്ടു പതിനൊന്നു വിരികൾ ഉണ്ടാക്കണം.
8ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം.
9അഞ്ചു വിരികൾ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികൾ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി കൂടാരത്തിൻെറ മുൻഭാഗത്തു മടക്കിയിടുക.
10ഒന്നാമത്തെ ഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിൽ അൻപതു വളയങ്ങളും രണ്ടാംഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിൽ അൻപതു വളയങ്ങളും തുന്നിച്ചേർക്കുക.
11ഓടുകൊണ്ടുള്ള അൻപതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക.
12അവശേഷിക്കുന്ന ഒരു പകുതിവിരി കൂടാരത്തിൻെറ പിന്നിൽ തൂക്കിയിടണം.
13മേൽവിരിയുടെ നീളത്തിൽ ഓരോ വശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം.
14ഊറയ്ക്കിട്ട മുട്ടാടിൻ തോലുകൊണ്ടു കൂടാരത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം.
15കരുവേലമരത്തിന്റെ പലകകൾകൊണ്ടു കൂടാരത്തിനു നിവർന്നു നിൽക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കണം.
16ഓരോ പലകയുടെയും നീളം പത്തുമുഴവും വീതി ഒന്നരമുഴവും ആയിരിക്കണം.
17പലകകളെ തമ്മിൽച്ചേർക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകൾവീതം വേണം. എല്ലാപലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം.
18കൂടാരത്തിനു ചട്ടപ്പലകകൾ ഉണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകൾ.
19ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാൽപതു പാദകുടങ്ങൾ ഉണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകൾക്ക് രണ്ടു പാദകുടങ്ങൾ വീതം.
20കൂടാരത്തിൻെറ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകൾ നിർമിക്കണം.
21ഓരോ പലകയ്ക്കുമിടയിൽ രണ്ടുവീതം വെള്ളികൊണ്ട് നാൽപതു പാദകുടങ്ങൾ ഉണ്ടായിരിക്കണം.
22കൂടാരത്തിൻെറ പിൻഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകൾ നിർമിക്കണം.
23കൂടാരത്തിൻെറ പിൻഭാഗത്തെ രണ്ടു മൂലകൾക്കായി രണ്ടു പലകകൾ ഉണ്ടാക്കണം.
24അവയുടെ ചുവടുകൾ അകന്നുനിൽക്കണം; മുകളിൽ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പല കകൾക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും.
25അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയിൽ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം.
26കരുവേലമരംകൊണ്ട് അഴികൾ ഉണ്ടാക്കണം. കൂടാരത്തിൻെറ ആദ്യവശത്തെ പലകകൾക്ക് അഞ്ച് അഴികൾ വേണം.
27കൂടാരത്തിൻെറ രണ്ടാമത്തെ വശത്തുള്ള പല കകൾക്ക് അഞ്ച് അഴികളും പിൻഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകൾക്ക് അഞ്ച് അഴികളും ഉണ്ടാക്കണം.
28നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ എത്തണം.
29പലകകൾ സ്വർണം കൊണ്ടു പൊതിയണം. അഴികൾ കടത്തുന്നതിന് അവയിൽ സ്വർണം കൊണ്ടു വളയങ്ങൾ നിർമിക്കണം. അഴികളും സ്വർണംകൊണ്ടു പൊതിയണം.
30മലയിൽവച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് കൂടാരം പണിയേണ്ടത്.
31പിരിച്ച നൂൽകൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേർത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. അതിൽ കെരൂബുകളെ തുന്നിച്ചേർക്കണം.
32കരുവേലമരംകൊണ്ടു പണിതു സ്വർണം പൊതിഞ്ഞനാലു തൂണുകളിൽ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകൾ സ്വർണംകൊണ്ടും പാദകുടങ്ങൾ വെള്ളികൊണ്ടും നിർമിക്കണം.
33തിരശ്ശീല കൊളുത്തുകളിൽ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിര ശ്ശീല വിശുദ്ധസ്ഥലത്തുനിന്നു ശ്രീകോവിലിനെ വേർതിരിക്കും.
34ശ്രീകോവിലിൽ സാക്ഷ്യ പേടകത്തിനു മുകളിൽ കൃപാസനം സ്ഥാപിക്കണം.
35തിരശ്ശീലയ്ക്കുവെളിയിൽ മേശയും മേശയ്ക്കെതിരേ കൂടാരത്തിൻെറ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ കൂടാരത്തിൻെറ വടക്കുവശത്തായിരിക്കണം.
36നേർമയിൽ നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാൽ അലംകൃതവുമായ ചണവസ്ത്രംകൊണ്ട് കൂടാരവാതിലിന് ഒരുയവനിക ഉണ്ടാക്കണം.
37ഈയവനിക തൂക്കിയിടുന്നതിന് കരുവേലമരംകൊണ്ട് അഞ്ചു തൂണുകൾ ഉണ്ടാക്കണം. അവ സ്വർണത്തിൽ പൊതിയണം. അവയ്ക്കു സ്വർണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.